/sathyam/media/post_attachments/p8SH62WY6odM4WML1MFx.jpg)
ഇടുക്കി ജില്ലയില്‍ പേവിഷബാധ മൂലം ഒരാള്‍ മരണമടഞ്ഞ സാഹചര്യത്തില്‍ പേവിഷബാധക്കെതിരെ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജേക്കബ് വര്‍ഗ്ഗീസ് അറിയിച്ചു.
പേവിഷബാധയുള്ള മൃഗങ്ങളുടെ കടിയോ, മാന്തലോ, നക്കലോ മൂലം മനുഷ്യര്‍ക്ക് രോഗാണുബാധ ഉണ്ടാകാം. പേവിഷബാധയുണ്ടാക്കുന്ന രോഗാണു ഒരു വൈറസാണ്. ഇത് പ്രധാനമായും തലച്ചോറിനെയാണ് ബാധിക്കുന്നത്. പ്രധാനമായും നായ്ക്കളില്‍ നിന്നാണ് മനുഷ്യര്‍ക്ക് പേവിഷബാധ ഉണ്ടാകുന്നത്. പൂച്ച, പശു, ആട് എന്നിവയില്‍ നിന്നും രോഗബാധ ഉണ്ടാകാം.
രോഗലക്ഷണങ്ങള്‍
തലവേദന , ക്ഷീണം, നേരിയ പനി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. തുടര്‍ന്ന് വെളിച്ചം, വായു, വെള്ളം എന്നിവയോട് ഭയം അനുഭവപ്പെടുന്നു. സാധാരണ ഗതിയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ രണ്ട് മുതല്‍ മൂന്ന് മാസം വരെ എടുക്കും. ചിലപ്പോള്‍ ഇത് ഒരാഴ്ച്ച മുതല്‍ ഒരു വര്‍ഷം വരെ ആകാം.
രോഗ പ്രതിരോധം
വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രത്യേകിച്ച് നായ, പൂച്ച എന്നിവയ്ക്ക് പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് നല്‍കുകയാണ് ഈ രോഗം തടയുന്നതിനുള്ള പ്രധാന മാര്‍ഗ്ഗം. നായ്ക്കള്‍ക്ക് ജനിച്ച ശേഷം രണ്ടാം മാസം ആദ്യ ഡോസും, മൂന്നാം മാസം രണ്ടാം ഡോസും തുടര്‍ന്ന് എല്ലാ വര്‍ഷവും ബൂസ്റ്റര്‍ ഡോസ് വാക്സിനും നല്‍കണം.
മൃഗങ്ങളോട് കരുതലോടെ ഇടപെടണം. മൃഗങ്ങളെ ശല്യപ്പെടുത്തരുത്. മൃഗങ്ങളെ പരിപാലിക്കുന്നവര്‍ പേവിഷബാധക്കെതിരെ പ്രതിരോധ കുത്തിവയ്പ് എടുക്കണം. മൃഗങ്ങളുടെ കടിയോ, മാന്തലോ ഏറ്റാല്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിറ്റു നേരം കഴുകണം. ഇത് രോഗാണുബാധ ഒരു പരിധി വരെ ഒഴിവാക്കാന്‍ സഹായിക്കും. തുടര്‍ന്ന് എത്രയും വേഗം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പേവിഷ ബാധയക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് എടുക്കണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us