/sathyam/media/post_attachments/fYQUf7EeXCF4ndN3J8ST.jpg)
തച്ചമ്പാറ :ജനവാസ മേഖലയെ ഒഴിവാക്കാതെ പരിസ്ഥിതി ലോല പ്രദേശം നിർണയിച്ച സുപ്രീംകോടതി ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് ഐക്യകണ്ഠേന പ്രമേയം പാസാക്കി. വനാതിർത്തിയിൽ നിന്നും ഒരു കിലോമീറ്റർ ചുറ്റളവിൽ എയർ ഡിസ്റ്റൻസിൽ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി പുന പരിശോധിക്കണമെന്നും ജനവാസ മേഖലകളെ ഒഴിവാക്കി മാത്രമേ അന്തിമ വിധി പുറപ്പെടുവിക്കാവൂ എന്നും സുപ്രീം കോടതി വിധി പുനപരിശോധിക്കാൻ കേന്ദ്ര കേരള സർക്കാരുകൾ റിവിഷൻ ഹർജി നല്കണമെന്നും തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രമേയത്തിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിച്ചു.
സുപ്രീംകോടതി വിധിപ്രകാരം ജനവാസ മേഖലകളെ കൂടി ഉൾപ്പെടുത്തിയാണ് ഇപ്പോഴത്തെ ഇക്കോളജിക്കൽ സെൻസിറ്റീവ് സോൺ നിർണയമെന്നും അവ ജനകീയ കമ്മിറ്റികളുമായും ത്രിതല പഞ്ചായത്ത് സമിതികളുമായും ആലോചിച്ച് ജനങ്ങളുടെ ആശങ്കകൾ കൂടി പരിശോധിച്ച് ആവശ്യമായ ദേദഗതി വരുത്തി മാത്രമെ നടപ്പാക്കാവൂവെന്നും തച്ചമ്പാറ
ഗ്രാമപഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു.
ജനവാസ മേഖലകൾ ഏറെയുള്ള കേരളം പോലെയുള്ള സംസ്ഥാനത്ത് പശ്ചിമഘട്ട സംരക്ഷണത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം പരിസ്ഥിതിലോലപ്രദേശങ്ങൾ വിജ്ഞാപനം ചെയ്തിട്ടുള്ളത്. എന്നാൽ കുടിയേറ്റ കർഷകർഏറെയുള്ള മലയോര പ്രദേശങ്ങളിൽ ജനവാസ മേഖലയെ ഒഴിവാക്കി മാത്രമേ പരിസ്ഥിതിലോല പ്രദേശ നിർണയം നടത്താനാവൂ എന്നതാണ് ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യം.
കസ്തൂരി രംഗൻ ഗാഡ്ഗിൽ റിപ്പോർട്ടുകൾക്ക് ശേഷം തച്ചമ്പാറ ഗ്രാമ പഞ്ചായത്തിലെ മലയോരമേഖല വലിയൊരു സമരമുഖത്തേക്ക് തിരിയുന്നത് മുന്നിൽകണ്ടാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി ഇത്തരത്തിലൊരു പ്രമേയം അവതരിപ്പിച്ചത്. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനുജ രാധാകൃഷ്ണൻ അവതരിപ്പിച്ച പ്രമേയം ഭരണ സമിതി അംഗം ഐസക് ജോൺ പിന്താങ്ങി. പ്രമേയം ഐക്യകണ്ഠേന പാസാക്കുകയും ചെയ്തു.
സുരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ എയർ ഡിസ്റ്റൻസ് പരിസ്ഥിതിലോലമായി നിലനിർത്തണമെന്ന സുപ്രീംകോടതി ഉത്തരവ് പാലക്കാട് ജില്ലയിലെ പാലക്കയം പോലെയുള്ള മലയോര മേഖലകളിലെ കർഷകരെ വലിയ പ്രതിസന്ധിയിലാക്കുമെന്നും യോഗം വിലയിരുത്തി. പാലക്കയം പോലെയുള്ള വനാതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് സർക്കാർ ഇടപെടലുകൾ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വനം വകുപ്പ് മന്ത്രിക്ക് നേരിട്ട് നിവേദനം നൽകാൻ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us