ജയ അരിയുടെ വില കുതിച്ചുയരുന്നു ; ഒന്നര മാസത്തിനിടെ 10 രൂപയോളം വർധന

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം: ജയ അരിയുടെ വില കുതിച്ചുയരുന്നു. ഒന്നര മാസത്തിനിടെ 10 രൂപയോളമാണ് വില വർധിച്ചത്. സാധാരണ ആന്ധ്ര അരിയുടെ ലഭ്യത കുറയുന്ന ഡിസംബർ മാസത്തിലാണ് വില വർ‌ധിക്കുന്നതെങ്കിൽ ഇത്തവണ ജൂണിൽ തന്നെ വില 50 കടക്കാനിടയുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ഓണം സീസൺ ആവുന്നതോടെ വില വീണ്ടും ഉയർന്നേക്കാം. ഒന്നര മാസം മുൻപ് 38 രൂപയ്ക്കാണ് ജയ അരി വിറ്റിരുന്നത്.

Advertisment

ഉൽപാദനം കുറച്ചതും മില്ലുകൾക്ക് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയതും ജയ അരി വിപണിയിൽ എത്തിച്ചിരുന്ന പല മില്ലുകളുടെയും പ്രവർത്തനം നിലയ്ക്കുന്നതിനും കാരണമായി. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വരേണ്ട വിളവെടുപ്പ് വൈകിയതും അരിയുടെ ലഭ്യത കുറച്ചു. ജില്ലയിലെ പ്രധാന മാർക്കറ്റിലെ മൊത്തവ്യാപാര കടകളിൽ ദിവസങ്ങളായി വളരെ കുറച്ച് അരി മാത്രമാണ് എത്തുന്നത്.

500 ചാക്ക് അരി ആവശ്യപ്പെടുമ്പോൾ നൂറ് ചാക്ക് അരി മാത്രമാണ് ലഭിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. അതേ സമയം മഹാരാഷ്ട്ര, ഒഡിഷ, കർണാടക തുടങ്ങിയ സ്ഥലങ്ങളിലെ ‘ജയ’ അരി വിപണിയിൽ സുലഭമാണ്. ആവശ്യത്തിന് അരി ലഭ്യമാകാത്തതിന് ആന്ധ്രയിലെ വൈദ്യുതി നിയന്ത്രണം മുതൽ വിളവെടുപ്പ് വൈകിയത് വരെയുള്ള കാരണങ്ങളാണ് ഇടനിലക്കാർ പറയുന്നത്.

Advertisment