പെരുമ്പടപ്പു സ്വരൂപത്തിന്റെ വന്നേരി നാട്ടിലെ ചരിത്രമുറങ്ങുന്ന വലിയ കിണർ സംസ്ഥാന പുരാവസ്തുവകുപ്പിന്റെ സംരക്ഷിത സ്മാരകം

author-image
ജൂലി
Updated On
New Update

publive-image

പൊന്നാനി: കേരളത്തിന്റെ സാമൂഹികചരിത്രത്തിൽ സുപ്രധാനമായ ഒരേടാണ് പെരുമ്പടപ്പ് സ്വരൂപത്തിന്റേത്. പുരാതനമായ ചരിത്രത്തിരുശേഷിപ്പുകളെക്കുറിച്ച് പഠനഗവേഷണകൗതുകമുള്ളവർ കാണേണ്ട ഒരിടം. ഐതിഹ്യപ്രസിദ്ധവും പുരാതനവുമായ വന്നേരിനാടിന്റെ ഹൃദയഭാഗമാണ് മലപ്പുറം ജില്ലയിലെ പൊന്നാനിയ്ക്കടുത്തുള്ള ഇന്നത്തെ പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്. വന്നേരിയിലുള്ള ചിത്രകൂടമായിരുന്നു പെരുമ്പടപ്പ് സ്വരൂപത്തിന്റെ ആദ്യത്തെ തലസ്ഥാനം എന്നാണ് ചരിത്രം. പെരുമ്പടപ്പ് സ്വരൂപത്തിന്റെ ജന്മഭൂമിയായിരുന്നു ചിത്രകൂടം ഉൾപ്പെടുന്ന വന്നേരി എന്ന സ്ഥലം.

Advertisment

publive-image

സ്വരൂപത്തിന്റെ മേൽക്കോയ്മാസ്ഥാനവും കൊച്ചിരാജാക്കന്മാരുടെ പട്ടാഭിഷേകവും നടന്നുവന്നിരുന്നത് ഇന്നത്തെ പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തില്പെട്ട വന്നേരിയിൽ വച്ചായിരുന്നുവത്രെ. ചേരമാൻ പെരുമാക്കളുടെ മരുമക്കളായ അഞ്ച് പേരിൽ ഇളയ പെൺകുട്ടിയ്ക്കല്ലാതെ മറ്റു നാലുപേർക്കും ആണ്മക്കളുണ്ടായിരുന്നില്ല. അഞ്ചു തായ് വഴികളിലൂടെ വളർന്നു വികസിച്ചതായിരുന്നു പെരുമ്പടപ്പ് സ്വരൂപം. അയിരൂർ കോവിലകം, കൊരട്ടിക്കരമന, ചേരിയത്ത് ചേന്നമംഗലത്ത് മന, കൊച്ചി രാജാക്കന്മാരുടെ ആസ്ഥാന അമ്പലമായ കൊയപ്പുള്ളി ക്ഷേത്രം, ചാലുകുളങ്ങര ക്ഷേത്രം, കോടത്തൂർ കൊയ്പാമഠം ക്ഷേത്രം, പട്ടാളേശ്വരം ക്ഷേത്രം, മന്ത്രവാദത്തിൽ പേരുകേട്ട കാട്ടുമാടം മന, അവരുടെ കുലദൈവക്ഷേത്രമായ മണക്കാട്ട് മുത്തശ്ശിയമ്മ ക്ഷേത്രം, കോഴിക്കോട് സാമൂതിരി കോവിലകം വകയായ പാലപ്പെട്ടി ക്ഷേത്രം എന്നിവയെല്ലാം രാജഭരണകാലവുമായും, രാജപരമ്പരകളുമായും ബന്ധപ്പെട്ട ചരിത്രശേഷിപ്പുകളാണ്.

publive-image

പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ സാമൂതിരിയുടെ ആക്രമണത്തെത്തുടർന്ന് പെരുമ്പടപ്പ് സ്വരൂപികൾ വന്നേരി ഉപേക്ഷിക്കുകയും മഹോദയപുരം തലസ്ഥാനമാകുകയും ചെയ്തു എന്ന് ചരിത്രം. അവിടെ നിന്നാണ് പിന്നീട് കൊച്ചിയിലേയ്ക്ക് ആസ്ഥാനം മാറ്റുന്നത്. മഹോദയപുരത്തേയ്ക്കു മാറിയെങ്കിലും കൊച്ചിരാജാക്കന്മാരുടെ കിരീടധാരണച്ചടങ്ങ് നടന്നിരുന്നത് വന്നേരി ചിത്രകൂടത്തിൽ വച്ചു തന്നെയായിരുന്നു. ഒരുകാലത്ത് ചേരിയത്ത് ചേന്നമംഗലത്ത് മന നിലനിന്നിരുന്ന വന്നേരി എന്ന സ്ഥലത്താണ് ഇന്നു വന്നേരി ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്. അവിടെയാവാം “വന്നേരി ചിത്രകൂടം” സ്ഥിതി ചെയ്തിരുന്നതെന്നു കരുതപ്പെടുന്നു. അതുപോലെ ഇന്നത്തെ പഞ്ചായത്തോഫീസും, ബ്ളോക്കോഫീസും, കൃഷിഭവനും, വില്ലേജാഫീസും മറ്റും സ്ഥിതിചെയ്യുന്ന വലിയപറമ്പ് എന്ന സ്ഥലത്തായിരുന്നു കൊച്ചിരാജാക്കന്മാരുടെ കൊട്ടാരമുണ്ടായിരുന്നത്.

publive-image

രാജകൊട്ടാരത്തിന്റെ അന്ത:പുരത്തിൽ സ്ഥിതിചെയ്തിരുന്നതെന്നു കരുതുന്ന വലിയൊരു കിണർ വർഷങ്ങളായി മാലിന്യം നിറഞ്ഞു മൂടപ്പെട്ടുപ്പോയിരുന്നു. അവിടേയ്ക്കായാണ് ഏഴു വർഷം മുമ്പ് കേരളാ പുരാവസ്തു വകുപ്പിലെ സീനിയർ ആർക്കിയോളജിസ്റ്റും കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയത്തിന്റെ ഇപ്പോഴത്തെ മേധാവിയുമായ കെ. കൃഷ്ണരാജിന്റെ ശ്രദ്ധ ചെന്നെത്തിയത്. കാടുകയറി മണ്ണും മാലിന്യങ്ങളും നിറഞ്ഞ കിണറിന്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് പുരാവസ്തു വകുപ്പിന്റെ അനുമതിയോടെ അതിന്റെ പുനരുദ്ധാരണത്തിനായി ഇറങ്ങിപ്പുറപ്പെടുകയായിരുന്നു കൃഷ്ണരാജ്. തമിഴ്‌നാട്ടിൽ നിന്നും വിദഗ്ദ്ധരായ തൊഴിലാളികളെ വരുത്തി മണ്ണും മാലിന്യകൂമ്പാരവും മാറ്റി കിണറിന്റെ ആഴവും നെല്ലിപ്പലകയും കാണാൻ രണ്ടുവർഷം വേണ്ടിവന്നു. ഏറ്റെടുത്ത ദൗത്യനിർവ്വഹണം അതികഠിനമായിരുന്നുവെന്ന് കൃഷ്ണരാജ് പറഞ്ഞു.

publive-image

നാശോമുഖമായ അവസ്ഥയിൽ കിണറിന്റെ രൂപം ദൃശ്യമായപ്പോൾ പിന്നീടതിനെ എങ്ങനെ പുനരുദ്ധരിയ്ക്കും എന്നായി ചിന്ത. പലയിടങ്ങളിലും ഇടിഞ്ഞു താഴ്ന്ന അവസ്ഥയിൽ നിലനിന്നിരുന്ന കിണറിന്റെ പുനരുജ്ജീവനത്തിനായി കോഴിക്കോട്, എടപ്പാൾ മേഖലയിൽ നിന്നുള്ള പ്രായവും വൈദഗ്ദ്ധ്യവുമുള്ള പരമ്പരാഗത കല്പണിക്കാരെ കണ്ടെത്തിയാണ് കിണറിന്റെ യഥാർത്ഥ രൂപം വീണ്ടെടുക്കാനുള്ള ശ്രമം കൃഷ്ണരാജ് തുടങ്ങുന്നത്. ഭൂനിരപ്പിൽ നിന്നും നാലു മീറ്റർ ആഴത്തിലേയ്ക്ക് എത്തിയപ്പോൾ കിണറിന്റെ ഘടനയും നിർമ്മാണ രീതിയും വ്യക്തമായിരുന്നു. 50 സെന്റി മീറ്റർ നീളവും 50 സെന്റി മീറ്റർ വീതിയും 10-12 സെന്റി മീറ്റർ കനവുമുള്ള ചെങ്കല്ലാണ് കിണർ പടുത്തുയർത്താൻഉപയോഗിച്ചിരിക്കുന്നത്. ഇത്തരം ചെങ്കല്ലുകൾ കേരളത്തിൽ ലഭ്യമല്ലാത്തവയാണ്.

കുമ്മായമോ മറ്റേതെങ്കിലും ചാന്തോ ഉപയോഗിയ്ക്കാതെയുള്ള അപൂർവ്വ നിർമ്മിതി. ഉത്ഖനനം ഏഴു മീറ്റർ ആഴത്തിലെത്തിയപ്പോൾ നീർപ്പറ്റുള്ള മണ്ണു കണ്ടു തുടങ്ങിയിരുന്നു. ഏഴുവർഷം നീണ്ടുനിന്ന ഈ ഭഗീരഥപ്രയത്നത്തിനായി15 ലക്ഷം രൂപയോളമാണ് പുരാവസ്തുവകുപ്പ് ചെലവഴിച്ചത്. ഇപ്പോൾ ഇവിടം സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിരിക്കുകയാണ്. പെരുമ്പടപ്പ് സ്വരൂപത്തിന്റെ ചരിത്രത്തിലേയ്ക്ക് വെളിച്ചം വീശുന്ന പുരാവസ്തുക്കളൊന്നും ലഭ്യമായില്ലെങ്കിലും വിസ്തൃതമായേക്കാവുന്ന ഒരു ചരിത്രസ്മാരകത്തിന്റെ വീണ്ടെടുപ്പ് എന്ന നിലയിൽ ഈ ഉത്ഖനനത്തിന് വലിയ പ്രാധാന്യമുണ്ട്.

publive-image

വലിയകിണർ സ്ഥിതിചെയ്യുന്നിടത്തുനിന്നും 2 കിലോമീറ്റർ തെക്ക് സ്ഥിതി ചെയ്യുന്ന വന്നേരി സ്‌കൂളിന്റെ കിഴക്കേ ചെരിവിൽ നടത്തിയ പരീക്ഷണാർത്ഥമുള്ള കിളച്ചുനോക്കലിൽ മധ്യകാലത്തെ മാടോടുകളും കെട്ടിടത്തിന്റെ അവശേഷിപ്പുകളും കണ്ടെത്താനായി എന്ന് പുരാവസ്തുഗവേഷകൻ കൃഷ്ണരാജ് പറഞ്ഞു. ഇവിടെ വിപുലമായ ഒരു ഉത്ഖനനം നടത്തിയാൽ ഇനിയും സ്വരുപികളുടെ ചരിത്രത്തിലേയ്ക്കു വെളിച്ചം വീശുന്ന ശക്തമായ തെളിവുകൾ കണ്ടെത്താനാകും.

Advertisment