ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
/sathyam/media/post_attachments/Sgdb83uUCEyQGlaPBHdP.jpg)
പാലക്കാട്: ബുദ്ധിമാന്ദ്യം സംഭവിച്ച 30-കാരൻ ദിലീപിന് വേണ്ടി ദയ ചാരിറ്റബിൾ ട്രസ്റ്റ് ഒരുക്കി നൽകിയ ദയാ ഭവനത്തിന്റെ താക്കോൽദാന ചടങ്ങ് ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് വ്യത്യസ്തമായ ഒരു മാതൃകയായി. പെരിങ്ങോട്ടുകുറിശ്ശി ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ.ബി രമേഷിന്റെ ഗൃഹപ്രവേശനത്തിന് പാരിതോഷികങ്ങൾ വേണ്ടെന്നുവച്ച് സമ്മാനങ്ങൾ പണമായി മാത്രം സ്വീകരിച്ചതിലൂടെ സമാഹരിച്ച് മൂന്നര ലക്ഷം രൂപ കൊണ്ടാണ് തേങ്കുറിശ്ശി സ്വദേശി ദിലീപിന്റെ വീട് എന്ന സ്വപ്നം പൂവണിഞ്ഞത്.
Advertisment
കഴിഞ്ഞ മെയ് 15ന് നടന്ന തൻറെ ഗൃഹപ്രവേശനത്തിനായി തയ്യാറാക്കിയ ക്ഷണക്കത്തിൽ ചെയർമാൻ ഇ ബി രമേഷ് "പാരിതോഷികങ്ങൾ നിർബന്ധപൂർവ്വം നൽകാൻ ഉദ്ദേശിക്കുന്നവർ പണമായി മാത്രം നൽകുക. അതുപയോഗിച്ച് തേങ്കുറുശ്ശി സ്വദേശി ദിലീപിന് ഒരു വീട് നിർമ്മിച്ചു നൽകും “എന്നാണ് ആവശ്യപ്പെട്ടത്.അന്നേദിവസം ഗൃഹപ്രവേശത്തിന് എത്തിച്ചേർന്ന പ്രിയപ്പെട്ടവർ സമ്മാനങ്ങൾക്ക് പകരം തുകകൾ കൈമാറിയപ്പോൾ മണിക്കൂറുകൾകൊണ്ട് സമാഹരിക്കാനായത് മൂന്നു ലക്ഷത്തി നാല്പതിനായിരം രൂപയാണ്. 5 വർഷം മുമ്പ് ലൈഫ് മിഷൻ വഴി ലഭിച്ച ധനസഹായം ഉണ്ടായിട്ടും ദിലീപിൻറെ പാതിവഴിയിൽ മുടങ്ങിപ്പോയ ഗൃഹനിർമാണം പൂർത്തിയാക്കാൻ മൂന്നരലക്ഷം രൂപ വേണമായിരുന്നു.
അതിഥികൾ സമ്മാനമായി നൽകിയ തുകക്കൊപ്പം ഗൃഹനിർമാണം പൂർത്തിയാക്കുന്നതിന് വേണ്ടെന്ന് ബാക്കി തുക കൂട്ടിച്ചേർത്ത് ഒരു മാസം കൊണ്ട് ഗൃഹനിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറിയപ്പോൾ പിറന്നത് ജീവകാരുണ്യ രംഗത്ത് പുതുചരിത്രം.
തേങ്കുറിശ്ശിയിൽ നടന്ന ചടങ്ങിൽ ആലത്തൂർ എംഎൽഎ കെ ഡി പ്രസേനൻ ദിലീപിന് വീടിൻറെ താക്കോൽ കൈമാറി. ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ ബി രമേഷ് അധ്യക്ഷത വഹിച്ചു.
ദയ ട്രഷറർ ശങ്കർജി കോങ്ങാട് സ്വാഗതം ആശംസിച്ച ചടങ്ങിൽ ദയ ട്രസ്റ്റി ദീപ ജയപ്രകാശ്, തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഭാർഗവൻ, മെമ്പർ പ്രേമ കൃഷ്ണകുമാർ വിദ്യാശങ്കർ പറക്കുന്നത്ത്, ഷൈനി രമേഷ്, ഷുക്കൂർ പട്ടാമ്പി, പി.ബാലനാരായണൻ, സി. മുരുകൻ ,രാമഭദ്രൻ സി ഡി ,ബി.കെ ആരതി എന്നിവർ ആശംസ അർപ്പിക്കുകയും ജയപ്രകാശ് തേങ്കുറിശ്ശി നന്ദി അറിയിക്കുകയും ചെയ്തു.