സഭയിലെ മാധ്യമവിലക്ക് പ്രതിഷേധം ജനം അറിയാതിരിക്കാനെന്ന് കെ.സുധാകരന്‍ എംപി

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

നിയമസഭയില്‍ മാധ്യമവിലക്ക് ഏര്‍പ്പെടുത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. ഔദ്യോഗിക ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം മുഖ്യമന്ത്രിക്കെതിരായി നിയമസഭയിൽ നടക്കുന്ന പ്രതിപക്ഷ പ്രതിഷേധം ജനങ്ങളിലെത്താതിരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണിതിന് പിന്നിലെന്നും അദ്ദേഹം വിമര്‍ശിച്ചു.

Advertisment

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

എന്നും കേരളത്തിലെ ഇടതുപക്ഷം നടത്തുന്ന കള്ള പ്രചാരണങ്ങൾക്ക് മുമ്പിൽ ചൂട്ടും കത്തിച്ചോടിയ പാരമ്പര്യമാണ് കേരളത്തിലെ മാധ്യമങ്ങൾക്കുള്ളത്. അതേ മാധ്യമങ്ങളെ നിയമസഭയിൽ LDF തന്നെ വിലക്കുന്നത് കാലത്തിൻ്റെ കാവ്യനീതിയാണ്.
മാധ്യമങ്ങളുടെ താരാട്ടുപാട്ടിലൂടെ വളർന്നു വന്ന് നിലനിൽക്കുന്ന ഒരു ജനവിരുദ്ധ പ്രസ്ഥാനമാണ് സിപിഎം. സിനിമാക്കഥകളെ വെല്ലുന്ന കള്ളക്കഥകൾ ചമച്ച് ഇടതു നേതാക്കളെ അവർ എന്നും ബിംബങ്ങളാക്കിയിട്ടുണ്ട്. ഖദർധാരികളെ ഇല്ലാക്കഥകൾ പടച്ചുണ്ടാക്കി എന്നും വേട്ടയാടിയിട്ടുമുണ്ട്. പിണറായി വിജയന് വരെ ജനകീയത ഉണ്ടാക്കി വെളുപ്പിച്ചെടുക്കാൻ രാപ്പകൽ അദ്ധ്വാനിച്ചത് ഇതേ ഇടതുമാധ്യമങ്ങളാണ്.

ഇന്നിതാ കള്ളക്കടത്തു വീരനായ മുഖ്യമന്ത്രിയ്ക്കെതിരെ നിയമസഭയിൽ നടക്കുന്ന പ്രതിഷേധങ്ങൾ പോലും ജനങ്ങളിലെത്തിക്കാൻ കഴിയാതെ മാധ്യമങ്ങൾ ഭാഗികമായി വിലക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ വളർത്തിയെടുത്തവർ ജനങ്ങൾക്കെതിരേ മാത്രമല്ല ,നിങ്ങൾക്കെതിരെയും തിരിയുന്നത് അനിവാര്യമായ തിരിച്ചടിയാണ്.

പ്രിയ മാധ്യമ സുഹൃത്തുക്കളേ,ഇന്നലെകളിൽ അഴിമതിക്കാരനായ പിണറായി വിജയനോട് ചോദ്യങ്ങൾ ചോദിക്കാൻ നിങ്ങൾ ഭയന്നു വിറച്ചതിൻ്റെയും കേരള ചരിത്രത്തിലെ ഏറ്റവും മോശം ഭരണം ജനങ്ങളിലെത്തിക്കാതെ സ്തുതി പാടിയതിൻ്റെയും ഫലമാണ് കേരളം ഇന്നനുഭവിക്കുന്നത്. ഇനിയെങ്കിലും ഈ കഴിവുകെട്ട ഭരണാധികാരിയെയും അയാളുടെ അഴിമതികളെയും ജനങ്ങളിലെത്തിക്കുകയെന്ന മാധ്യമധർമം നിങ്ങൾ നിറവേറ്റണം. കാലവും ജനവും അതാവശ്യപ്പെടുന്നുണ്ട്.

Advertisment