/sathyam/media/post_attachments/YCTnwkuNxWBP2GGR7QoX.jpg)
ചാത്തന്നൂർ: ജീവനക്കാർ പണിമുടക്കിയ ദിവസത്തെ നഷ്ടം ജീവനക്കാരിൽ നിന്നും ഈടാക്കാൻ കെ എസ് ആർ ടി സി നടപടി തുടങ്ങി. ഇതിന്റെ പ്രാഥമിക ഘട്ടമെന്ന നിലയിൽ ജീവനക്കാരുടെ ശമ്പളം കുറവ് ചെയ്യാനാണ് നിർദ്ദേശം. സർവീസ് മുടക്കം മൂലം കോർപ്പറേഷനുണ്ടായ നഷ്ടവും ഹാജരാകാതിരുന്ന ജീവനക്കാരുടെ വിവരവും 6 - ന് മുമ്പ് ചീഫ് ഓഫീസിൽ എത്തിക്കണമെന്നും യൂണിറ്റ് ഓഫീസർമാർക്ക് ഉത്തരവ് നല്കിയിട്ടുണ്ട്.
ശമ്പള വിതരണത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മേയ് 6 - ന്
കോൺഗ്രസ് നേതൃത്വത്തിലുള്ള ടി ഡി എഫ് ,ബി എം എസ് നേതൃത്വത്തിലുള്ള എംപ്ലോയീസ് സംഘ് എന്നീ സംഘടനകൾ പണിമുടക്ക് നടത്തിയിരുന്നു. സി ഐ ടി യു നേതൃത്വത്തിലുള്ളഎംപ്ലോയീസ് അസോസിയേഷൻ പണിമുടക്ക് പ്രഖ്യാപിക്കുകയും പിന്നീട് പിന്മാറുകയും ചെയ്തിരുന്നു. ഫലത്തിൽ മേയ് 6-ന് കെ എസ് ആർ ടി സി യിൽ പൂർണ്ണ പണിമുടക്കായിരുന്നു. ഈ ദിവസം ജോലിയ്ക്ക് ഹാജരാകാതിരുന്നവർക്ക് ഡയസ്നോൺ ആയിരുന്നു.
എന്നാൽ സമരവുമായി ബന്ധപ്പെട്ട് മേയ് 5-നും 7-നും പ്രായോഗികവും സാങ്കേതികവുമായ കാരണങ്ങളാൽ ജോലിയ്ക്ക് ഹാജരാകാൻ ജീവനക്കാർക്ക്കഴിയാതെ വന്നിട്ടുണ്ട്. ഈ ദിവസങ്ങളിൽ ജോലിയ്ക്ക് ഹാജരാവാതിരിക്കുകയും അതു മൂലം സർവീസ് ഓപ്പറേഷൻ മുടങ്ങുകയും ചെയ്തതിന്റെ വിശദ വിവരങ്ങളും ജീവനക്കാരുടെ വിവരങ്ങളും 6 -ന് മുമ്പ് യൂണിറ്റ് ഓഫീസർമാർ തയാറാക്കി ചീഫ് ഓഫീസിൽ എത്തിക്കണം. 5-നും 7-നും ഹാജരാകാതിരുന്ന ജീവനക്കാരുടെ ആ ദിവസത്തെ ശമ്പളം കുറവ് ചെയ്ത് മാത്രമേ ഈ മാസം ശമ്പള ബിൽ തയാറാക്കാവു.
ജീവനക്കാർ അനധികൃതമായി ഹാജരാകാതിരുന്നതിനാൽ റിസർവേഷൻ ഉൾപ്പെടെയുള്ള സർവീസുകൾ റദ്ദാക്കേണ്ടി വരികയും കോർപ്പറേഷന് നഷ്ടം ഉണ്ടാവുകയും മുൻകൂട്ടി റിസർവ് ചെയ്തവർക്ക് യാത്രാ ക്ലേശമുണ്ടാവുകയും ചെയ്തതായി ഉത്തരവിൽ പറയുന്നു. ഇതിന് കാരണക്കാരായ ജീവനക്കാരിൽ നിന്നാണ് നഷ്ടപരിഹാരം ഈടാക്കുന്നത്. മേയ് 6 -ലെ പണിമുടക്ക് സമരവുമായി ബന്ധപ്പെട്ട് 5-നും 7-നും ഹാജരാകാതിരുന്ന ജീവനക്കാരിൽ നിന്നുമാണ് നഷ്ടപരിഹാരം ഈടാക്കുന്നതു്. പ്രാഥമിക നടപടിയായി ഈ രണ്ടു ദിവസത്തെയും വേതനം തിരിച്ചു പിടിക്കാനാണ് ഉത്തരവ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us