/sathyam/media/post_attachments/DAwVzTNA5ewnVeingNaO.jpg)
തിരുവനന്തപുരം: അരിയും ഗോതമ്പും പഞ്ചസാരയും മാത്രമല്ല, എടിഎം, അക്ഷയ സേവനങ്ങളും റേഷൻ കടകളിലേക്ക് എത്തുന്നു. മാവേലി സ്‌റ്റോറിലെ സബ്‌സിഡി ഇനങ്ങളും ലഭിക്കും. എടിഎം സൗകര്യമുൾപ്പെടെ ഒരുക്കി റേഷൻ കടകളെ കെ സ്‌റ്റോറുകളാക്കുന്ന പദ്ധതി ഓഗസ്റ്റ് മുതൽ ആരംഭിക്കുന്നു. ആദ്യഘട്ടത്തില്‍ 70 റേഷന്‍ കടകളിലാണ് പദ്ധതി നടപ്പാക്കുന്നത്. മിനി അക്ഷയ സെന്ററുകള്‍, സപ്ലൈകോയുടെ ഉല്‍പ്പന്നങ്ങള്‍, 5000 രൂപ വരെയുള്ള ബാങ്കിംഗ് സംവിധാനം എന്നിവ കെ സ്‌റ്റോറില്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. മില്‍മയുടെ ഉല്‍പ്പന്നങ്ങള്‍, മിനി എല്‍.പി.ജി സിലിണ്ടര്‍ എന്നിവയും കെ സ്‌റ്റോർ മുഖേനെ ലഭിക്കും. ഓരോ ജില്ലയില്‍ നിന്നും നാല് റേഷന്‍ കടകള്‍ വീതമാണ് ആദ്യഘട്ടത്തില്‍ കെ സ്റ്റോറാകുന്നത്.
കെ സ്‌റ്റോറിനായി ഇതുവരെ ലഭിച്ചത് 837 അപേക്ഷകളാണെന്ന് അധികൃതർ വ്യക്തമാക്കി. കെ സ്റ്റോർ യാഥാർത്ഥ്യമാകുന്നതോടെ, വര്‍ഷങ്ങള്‍ പഴക്കം തോന്നുന്ന കടമുറിയും അതിനുള്ളില്‍ കൂട്ടിയിട്ട അരിച്ചാക്കുകളുമുള്ള പഴയ റേഷൻകട സെറ്റപ്പ് അപ്രത്യക്ഷമാവും. വീട്ടിലേക്കാവശ്യമായ നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ ഗ്യാസ് വരെ വാങ്ങാവുന്ന തരത്തിലാണ് റേഷന്‍ കടകള്‍ സ്മാര്‍ട്ടാകുന്നത്. എല്ലാ റേഷന്‍ കാര്‍ഡുകാര്‍ക്കും കെ-സ്റ്റോര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. രണ്ട് കിലോമീറ്റർ ചുറ്റളവിൽ എടിഎം, അക്ഷയ, സപ്ലൈകോ മാവേലി സ്റ്റോർ എന്നിവ ഇല്ലാത്ത സ്ഥലങ്ങളിലെ റേഷൻ കട വിപുലീകരിച്ചാണ് കെ സ്‌റ്റോറാക്കി മാറ്റുക. വാണിജ്യ ബാങ്കുകളുടെ സഹായത്തോടെയാണ് എടിഎമ്മുകൾ തുറക്കുന്നത്. പരമാവധി 5000 രൂപ വരെ പിൻവലിക്കാം.
റേഷൻ കടകളും ആധാർ കാർഡുകളും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്. കാർഡിലെ എല്ലാ അംഗങ്ങളുടെയും ആധാർ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിക്കുന്നുണ്ട്. കാർഡിനെ ബാങ്കിങ് സേവനങ്ങളുമായി ബന്ധിപ്പിച്ചാകും എടിഎം സേവനം ലഭ്യമാക്കുക. കെ സ്‌റ്റോർ കടകളിൽ അക്ഷയ മാതൃകയിൽ ഓൺലൈൻ സേവനങ്ങളും ലഭിക്കും. മാവേലി സ്‌റ്റോറിൽ ലഭിക്കുന്ന 13 ഇന സബ്‌സിഡി സാധനങ്ങളും ലഭ്യമാകും. മറ്റ് പലചരക്ക് സാധനങ്ങളും ലഭിക്കും. മിൽമ ഉൾപ്പെടെയുള്ള ബ്രാൻഡഡ് ഉൽപ്പന്നങ്ങളുമുണ്ടാകും. അക്ഷയ സേവനങ്ങൾക്ക് റേഷൻകടയിലെ ജീവനക്കാർക്ക് പുറമെ കംപ്യൂട്ടർ പരിജ്ഞാനമുള്ള ഒരാളെ നിയമിക്കാം. ഓൺലൈൻ സേവനങ്ങൾക്ക് നിശ്‌ചിത തുക ഫീസ് ഈടാക്കാം. നാട്ടിൻപുറങ്ങളിൽ സേവനങ്ങളെല്ലാം ഒറ്റ കേന്ദ്രത്തിൽ ലഭിക്കുന്നത് സാധാരണക്കാർക്ക് ആശ്വാസമാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us