ബഫര്‍ സോണ്‍ അടക്കമുള്ള വിഷയങ്ങള്‍; കത്തോലിക്ക കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് ധര്‍ണ സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: കേരളത്തിൽ ജനവാസ മേഖലയിലും , കൃഷിയിടങ്ങളിലും ബഫർ സോൺ നടപ്പിലായാൽ, അതിന്റെ പൂർണ്ണ ഉത്തരവാദിത്വം കേരള സർക്കാരിന് ആയിരിക്കുമെന്ന്‌ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയനിലം. ബഫര്‍സോണ്‍ അടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

publive-image

2019 ഒക്ടോബറിലെ മന്ത്രിസഭാ തീരുമാനം പ്രതീകാത്മകമായി കത്തിച്ചായിരുന്നു ഉദ്ഘാടനം. കേരളത്തിൽ ജനവാസ മേഖലയിലും, കൃഷിയിടങ്ങളിലും ബഫർ സോൺ നടപ്പിലായാൽ, അതിന്റെ പൂർണ്ണ ഉത്തരവാദിത്വം കേരള സർക്കാരിന് ആയിരിക്കുമെന്നും, അതിനാൽ മന്ത്രിസഭ തീരുമാനം ഉടനടി റദ്ദ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

publive-image

വന്യമൃഗ ആക്രമണം മൂലം നിരവധി ജീവനുകൾ പൊലിഞ്ഞിട്ടും , ആയിരക്കണക്കിന് ഏക്കർ കൃഷി സ്ഥലങ്ങൾ നശിക്കപ്പെട്ടിട്ടും സംസ്ഥാന സർക്കാർ അലംഭാവം കാട്ടുന്നത് അപലപനീയമാണ്. നവോത്ഥാന നായകരുടെ നിരയിൽ നിന്നും ചാവറയച്ചനെ തമസ്കരിക്കുന്നത് ഗൂഡാലോചനയാണെന്നും, അംഗീകരിക്കാനാവില്ലെന്നും ഉടൻ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

publive-image

ബഫർ സോൺ വിരുദ്ധ സമരങ്ങളും , പ്രതിഷേധങ്ങളും നേരത്തെ എല്ലാ രൂപതകളിലും , ജില്ലകളിലും നടന്നു കഴിഞ്ഞു. കേരളത്തിലെ 13 രൂപതകളിൽ നിന്നായി കത്തോലിക്ക കോൺഗ്രസ് ഭാരവാഹികളും, പ്രതിനിധികളുമായി ആയിരങ്ങൾ സമരാവേശത്താൽ മുദ്രാവാക്യങ്ങളും , പ്ലക്കാർഡുകളുമായി സെക്രട്ടറിയേറ്റ് ധർണ്ണയിൽ അണിചേർന്നു.

publive-image

മന്ത്രിസഭാ തീരുമാനം റദ്ദ് ചെയ്യാതെ പ്രമേയം പാസ്സാക്കിയത് കൊണ്ട് ഒരു പ്രയോജനവുമില്ല. ഇത് സുപ്രീം കോടതിയിൽ അംഗീകരിക്കപ്പെടുകയുമില്ല. യാഥാർഥ്യം ഇതായിരിക്കെ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പരസ്പരം പഴി ചാരി കൈ കഴുകുന്നത് കർഷക ദ്രോഹമാണ്. കർഷകരെ മറന്നു കൊണ്ട് ഒരു സർക്കാരിനും നില നിൽപ്പില്ല.

publive-image

വിദേശ വ്യവസായികൾക്ക് കാർബൺ ന്യൂട്രാലിറ്റി ഉറപ്പാക്കുന്നതിനായി കേരളത്തിന്റെ കർഷക ഭൂമിയും, വനഭൂമിയും ദീർഘകാല അന്തർദേശീയ കരാറിൽപെടുത്തി സാധാരണക്കാരെ കുടിയൊഴിപ്പിക്കാനുള്ള നീക്കം നടപടി അംഗീകരിക്കില്ലെന്നും കത്തോലിക്ക കോണ്‍ഗ്രസ് വിമര്‍ശിച്ചു.

publive-image

വന്യമൃഗങ്ങൾ കർഷകരുടെ കൃഷിയും, ജീവനും നിരന്തരമായ് കവർന്നെടുക്കുന്ന സാഹചര്യത്തിലും, ഭരണ നേതൃത്വങ്ങളും, ഭരണകൂടങ്ങളും നിത്യോപയോഗ സാധനങ്ങൾക്കെല്ലാം ദിനം പ്രതി നികുതി വർദ്ധിപ്പിച്ച് കേരളത്തെ പ്രക്ഷോഭത്തിലേക്ക് ക്ഷണിച്ച് വരുത്തുകയാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.

കൃഷിയിടങ്ങളിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്തുവാനുള്ള അനുവാദവും അവകാശവും നിയമ നിർമ്മാണത്തിലൂടെ ഉറപ്പാക്കണം. കർഷകരുടെയും സാധാരണ ജനങ്ങളുടെയും മനുഷ്യാവകാശങ്ങളും , മൗലീകാവകാശനങ്ങളും നിഷേധിക്കുന്ന കിരാത വനനിയമങ്ങൾ മാറ്റണം എന്ന് ധർണ്ണയിലൂടെ ആവശ്യപ്പെട്ടു .

സെക്രട്ടറിയേറ്റ് ധർണ്ണക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സണ്ണി ജോസഫ് എം എൽ എ, അഡ്വ . സെബാസ്റ്യൻ കുളത്തിങ്കൽ തുടങ്ങിയവർ പങ്കെടുത്തു. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ഡോ. ജോസ്‌കുട്ടി ജെ ഒഴുകയിൽ, പ്രൊഫ് . കെ.എം . ഫ്രാൻസീസ്, ജോർജ് കോയിക്കൽ ബെന്നി ആന്റണി എന്നിവർ വിഷയാവതരണം നടത്തി.

ധർണ്ണയെ അഭിസംബോധന ചെയ്തു കൊണ്ട് ഗ്ലോബൽ ഡയറക്ടർ ഫാ ജിയോ കടവി, രാജേഷ് ജോൺ, ഡോ. ജോബി കാക്കശ്ശേരി, ഫാ . ഫ്രാൻസിസ് ഇടവക്കണ്ടം, ഫാ . ജോർജ് വർഗീസ് ഞാറക്കുന്നേൽ, അഡ്വ . ടോണി പുഞ്ചക്കുന്നേൽ, ഐപ്പച്ചൻ തടിക്കാട്ട്, ടെസ്സി ബിജു , ജേക്കബ് നിക്കോളാസ്, ബേബി പെരുമാലിൽ, ട്രീസ ലിസ് സെബാസ്റ്യൻ, സിജോ ഇലന്തൂർ, അഡ്വ . പി പി ജോസഫ്, ഇമ്മാനുവേൽ നിധീരി, കെ പി സാജു, ബിനു ഡൊമിനിക്, ബേബി നെട്ടനാനി, മാത്യു കൊല്ലടിക്കോട് എന്നിവർ പ്രസംഗിച്ചു.

Advertisment