തിരുവനന്തപുരം: ആറ്റിങ്ങൽ ആലംകോട് മണനാക്ക് റോഡിലെ പതിവ് കാഴ്ച.
റോഡ് വെട്ടിപ്പൊളിച്ച് മാസങ്ങളായിട്ടും ആരെന്ത് പറഞ്ഞാലും എത്ര വാർത്തകൾ വന്നാലും നമുക്ക് തോന്നിയാലെ റോഡ് നിർമാണം പൂർത്തിയാക്കിത്തരു എന്ന മട്ടിലാണ് അധികൃതർ. കണ്ണും മനസ്സും മരവിച്ചവർക്ക് ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കാൻ കഴിയില്ല എന്നാണ് നാട്ടുകാർ പറയുന്നത്. തെരഞ്ഞെടുപ്പ് കാലങ്ങളിൽ കൈ കൂപ്പി വോട്ട് ചോദിച്ചു വന്നവർ പിന്നെ ഇതുവഴി വരുന്നിട്ടില്ലെന്നും ജനങ്ങളുടെ യാത്രയ്ക്കാവശ്യമായ സഞ്ചാര സ്വാതന്ത്ര്യത്തിനു കോട്ടം വരുത്തുന്ന രീതിയിൽ മാർഗ്ഗ തടസ്സം സംഭവിച്ചുവെന്നും നാട്ടുകാർ.
മാസങ്ങൾ പിന്നിട്ടിട്ടും ബന്ധപ്പെട്ട അധികൃതരോ വോട്ട് തേടി വന്ന ജനപ്രതിനിധികളോ ഇടപെട്ട് പരിഹാരം കാണുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. നാടിനു നല്ലത് സംഭവിക്കുമെന്ന പ്രതീക്ഷയിൽ വിരലിൽ മഷി പുരട്ടിയവർ താടിക്ക് കയ്യും കൊടുത്തിരിക്കേണ്ട അവസ്ഥയാണ്.
മാധ്യമങ്ങൾ പല തവണ വാർത്തകൾ നൽകിയ ആലംകോട് മീരാൻകടവ് റോഡിന്റെ അവസ്ഥയാണ് ഇന്നും ജനങ്ങൾക്ക് മേലുള്ള വെല്ലുവിളിയായി തുടരുന്നത്. ആലംകോട് മീരാൻകടവ് റോഡ് പണിയുടെ ഒന്നാം ഘട്ടമായ തൊട്ടിക്കല്ല് വരെയുള്ള റോഡിന്റെ നിർമ്മാണ
ജോലികൾ ആരംഭിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും യാത്രക്കാർക്കും നാട്ടുകാർക്കും ദുരിതം മാത്രം. നൂറ്റാണ്ടുകളായി വളരെ നല്ല നിലയിൽ സംരക്ഷിക്കപ്പെട്ടിരുന്ന ഈ റോഡ് വികസനത്തിന്റെ പേരിൽ ടാറും മണ്ണും കുത്തിപ്പൊളിച്ചിടുകയും ജനങ്ങളെ നിത്യാഭ്യാസികൾ ആക്കി അവരുടെ ജീവനും ആരോഗ്യത്തിനും വാഹനത്തിനും വെല്ലുവിളി ആക്കി മാറ്റുകയും ചെയ്തുവെന്നും ജനങ്ങൾ പറയുന്നു.
നിലവിൽ ആലംകോട് മുതൽ തൊട്ടിക്കല്ല് വരെയുള്ള റോഡിൽ സഞ്ചരിക്കുക എന്നത് മരണക്കളിയാണ്. കാരണം കുഴികൾ നിറഞ്ഞ റോഡ് എന്ന് വിശേഷിപ്പിക്കാവുന്ന പൊട്ടിതെറിക്കുകയോ ഇളകി വീഴുകയോ ചെയ്യാം. അപകടങ്ങൾ ദിവസവും ഇവിടെ സംഭവിക്കുന്നുണ്ട്. മരണങ്ങൾ സംഭവിക്കാത്തത് കൊണ്ട് ശ്രദ്ധയിൾപ്പെടുന്നില്ലന്ന് മാത്രം.കഴിഞ്ഞ ദിവസം ഇതുവഴി ചരക്കുമായി വന്ന പിക്കപ്പ് വാഹനത്തിന്റ
ആക്സിലും ഒടിഞ്ഞു ടയറും പൊട്ടി വഴിയിലായി. അതോടെ ആ ചരക്ക് എത്തിച്ചു അതിന്റെ കൂലി കൊണ്ട് ജീവിതം തള്ളി നീക്കുന്നവൻ ദുരിതത്തിലുമായി.
നഷ്ടം സംഭവിച്ചു എന്ന് മാത്രമല്ല കടം വാങ്ങി വേണം അയാൾക്ക് വാഹനത്തിന്റെ പണി ചെയ്യാൻ. എസി കാറിൽ ജനങ്ങളുടെ നികുതി പണം കൊണ്ട് ജീവിതം ആസ്വദിച്ചു മുന്നോട്ട് കൊണ്ടു പോകുന്ന ജനപ്രതിനിധികൾക്കും റോഡ് പണി ഉടനെ തീർക്കാം എന്ന് പറഞ്ഞ കമ്പനിക്കും ഇതൊന്നും വലിയ പ്രശ്നമല്ല. എന്നാൽ അന്നന്നുള്ള അന്നത്തിനു
വേണ്ടി ഓടുന്നവരുടെ ഒരു ദിവസത്തെ വേതനവും കഷ്ടപ്പാടുമാണ് വിഫലമാകുന്നത്. ഇതുവഴി യാത്ര ചെയ്യുന്നവർ ഈ റോഡിന്റെ ദുരവസ്ഥക്ക് കാരണക്കാരായവരെയും ജനപ്രതിനിധികളെയും നല്ല രീതിയിൽ സ്മരിക്കാതെ പോകില്ല എന്നതാണ് സത്യം.
രോഗികളെയും ഗർഭിണികളെയും ഇതുവഴി കൊണ്ടുപോകാൻ കഴിയില്ല.
സ്കൂൾ ബസുകൾക്കും കെടുപാടുകൾ സംഭവിക്കുന്നതായും പറയപ്പെടുന്നു. അത്യാവശ്യത്തിനു ഓട്ടം വിളിച്ചാൽ ഓട്ടോ,ടാക്സി ക്കാരും ഇതുവഴി വരില്ല. വാഹനങ്ങൾ ഉള്ളവർക്കെല്ലാം ഭയമാണ് ഈ റോഡിലെ യാത്ര. വാഹനവും വർക്ക്ഷോപ്പിലാവും. ആവശ്യങ്ങൾക്ക് ആളുകൾക്ക് എത്തേണ്ടതുണ്ട്. കൂടാതെ ആറ്റിങ്ങലിൽ തിരക്ക് കൂടുമ്പോൾ കൊല്ലമ്പുഴ വാഹനങ്ങൾ ആലംകോട് വഴി കൊല്ലത്തേക്ക് തിരിച്ചു വിടാറുണ്ട്. അപ്പോഴും ഇതുവഴി പോകുന്നവർ ഈ റോഡിനെ ഇത്തരത്തിലാക്കിയിട്ട ആരെയെങ്കിലും കയ്യിൽ കിട്ടിയെങ്കിൽ എന്നും മനസ്സിൽ കരുതിയാണ് യാത്ര ചെയ്യുന്നത്.
വാട്ടർ അതോറിറ്റി അവരുടെ ജോലികൾ പൂർത്തിയാക്കാത്തത്കൊണ്ടാണ് റോഡ് നിർമാണം ആരംഭിക്കാത്തത് എന്നാണ് ചിലരുടെ വാദം. എന്നാൽ അതൊന്നും പൊതുജനങ്ങളുടെ പ്രശ്നമല്ല. എത്രയും വേഗം പരിഹരിച്ചു ജനങ്ങൾക്ക് നല്ല റോഡ് നിർമ്മിച്ച് നൽകാനാണല്ലോ വിവിധ വിഭാഗങ്ങളും ജനപ്രതിനിധികളും മന്ത്രിമാരും സർക്കാരും ഉള്ളതെന്നാണ് ജനങ്ങളുടെ ചോദ്യം.
റോഡ് നിർമാണം പൂർത്തിയാക്കാത്തത്തിൽ നിരവധി പ്രതിഷേധങ്ങളും പൊതുജനങ്ങൾ നടത്തി. എന്നിട്ടും ‘തല്ലണ്ട അമ്മാവാ നന്നാവില്ല' എന്ന മട്ടിലാണ് അധികൃതർ. റോഡ് പണികൾ ഉടൻ പൂർത്തിയാക്കുമെന്ന് പറഞ്ഞു കയ്യടി നേടുന്നവരും ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കുന്നവരും ഇതുപോലുള്ള റോഡുകൾ കാണാതെ പോകുന്നല്ലോ എന്നതാണ് നാട്ടുകാരുടെ സഹതാപം.