ഓണം വാരാഘോഷത്തിന് സെപ്റ്റംബര്‍ ആറിന് കൊടിയേറും

New Update

publive-image

Advertisment

ഈ വര്‍ഷത്തെ ഓണം വാരാഘോഷത്തിന് പൂരാടം നാളായ സെപ്റ്റംബര്‍ ആറിന് തിരിതെളിയും. 12ന് വര്‍ണശബളമായ ഘോഷയാത്രയോടെ ആഘോഷ പരിപാടികള്‍ക്കു തിരശീല വീഴും.  ഓണാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ ആറിന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ടൂറിസം വകുപ്പാണ് ഓണം വാരാഘോഷ പരിപാടികൾക്ക് ചുക്കാൻ പിടിക്കുക.

കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടു വർഷമായി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നില്ല. എന്നാൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്തിൽ ഇത്തവണ മുൻവർഷത്തേക്കാൾ പ്രൗഢഗംഭീരമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിക്കാനാണ് തീരുമാനമെന്നും കേരളത്തിന്റെ സാംസ്‌കാരിക, ടൂറിസം മേഖലകളുടെ പ്രൗഢി വിളിച്ചോതുന്ന വിധത്തിൽ ഏറ്റവും ആകർഷകമായായിരിക്കും ഇത്തവണത്തെ ഓണാഘോഷമെന്നും ഓണം വാരാഘോഷത്തിന്റെ ആലോചനാ യോഗത്തില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വിദേശ സഞ്ചാരികളടക്കം തലസ്ഥാനത്തെത്തുന്ന അതിഥികൾക്ക് മറക്കാനാവാത്ത അനുഭവമായി ഓണാഘോഷം മാറ്റാനുള്ള തയ്യാറെടുപ്പുകളാണ് നടത്തുകയെന്നും മന്ത്രി പറഞ്ഞു.

ടൂറിസം വിപണന സാധ്യതകൾ കൂടി ഫലപ്രദമായി വിനിയോഗിക്കുന്ന വിധത്തിൽ ആയിരിക്കും പരിപാടികൾ സംഘടിപ്പിക്കുക.

മുൻ വർഷങ്ങളിലേതു പോലെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഓണാഘോഷ പരിപാടികൾ ആണ് സംഘടിപ്പിക്കുക. കനകക്കുന്ന് കേന്ദ്രീകരിച്ചാകും തിരുവനന്തപുരം നഗരത്തിലെ ഓണം വാരാഘോഷ പരിപാടികള്‍ നടക്കുക. കൂടാതെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 30ഓളം വേദികളിൽ വിപുലമായ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. പരിപാടികളുടെ നടത്തിപ്പിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യ രക്ഷാധികാരിയായും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ചെയർമാനായും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വര്‍ക്കിങ് ചെയര്‍മാനായും ടൂറിസം സെക്രട്ടറി കെ.എസ് ശ്രീനിവാസ് ചീഫ് കോ-ഓര്‍ഡിനേറ്ററായും ടൂറിസം ഡയറക്ടര്‍ പി. ബി. നൂഹ് കൺവീനറായും വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ജില്ലയിലെ എം.എല്‍.എമാര്‍ അധ്യക്ഷന്മാരായി 12 ഉപസമിതികളും നിശ്ചയിച്ചിട്ടുണ്ട്.

വിവിധ സബ് കമ്മിറ്റികൾ ഉടൻതന്നെ യോഗം ചേർന്ന് പരിപാടികൾ വിജയകരമായി നടപ്പാക്കാൻ വേണ്ട പ്രവർത്തനങ്ങൾ തുടങ്ങണമെന്നും മന്ത്രി നിർദേശിച്ചു.
കേരളം മുഴുവൻ ശ്രദ്ധിക്കുന്നതാണ് തിരുവനന്തപുരത്ത് നടക്കുന്ന ഓണാഘോഷ പരിപാടികളെന്നും ആവർത്തനവിരസത ഒഴിവാക്കി പുതുമയാർന്ന പരിപാടികൾ ഉൾപ്പെടുത്തി കൂടുതൽ ആകർഷകമാക്കണമെന്നും യോഗത്തിൽ പങ്കെടുത്ത ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. സബ് കമ്മറ്റികളുടെ ചുമതലയുള്ള എം.എൽ.എമാർ അടിയന്തരമായി യോഗം ചേർന്ന് പരിപാടികൾ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓണാഘോഷവുമായി ബന്ധപ്പെട്ട് വിവിധ താലൂക്ക് കേന്ദ്രങ്ങളിൽ ടൂറിസം വകുപ്പ് മുൻകൈയെടുത്ത് വ്യത്യസ്ത പരിപാടികൾ ആവിഷ്കരിക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു.

മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ആലോചനാ യോഗത്തില്‍ രാജ്യസഭാംഗം എ. എ. റഹീം, എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രൻ, സി കെ ഹരീന്ദ്രൻ, ഐ. ബി. സതീഷ്, കെ. ആൻസലൻ, ഡി. കെ .മുരളി, വി. ജോയ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, മേയർ ആര്യ രാജേന്ദ്രൻ, ടൂറിസം ഡയറക്ടര്‍ പി. ബി. നൂഹ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

Advertisment