തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെൻ്ററിലേക്ക് സ്ഫോടകവസ്തു എറിഞ്ഞ കേസ്. സിസിടിവി ദൃശ്യങ്ങളിൽ പ്രതിയെ കണ്ടുവെങ്കിലും ഇതുവരെ അയാളെ പിടികൂടാനായിട്ടില്ല. അതുകൊണ്ടുതന്നെ പ്രസ്തുത കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് കേരള പോലീസെന്നാണു ലഭിക്കുന്ന സൂചനകൾ.
പ്രധാനമായും സിസിടിവി ദൃശ്യങ്ങളും പ്രതി സഞ്ചരിച്ച വാഹനവും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടന്നത്. പക്ഷേ അന്വേഷണത്തെ സഹായിക്കുന്ന തെളിവും ഇതിൽനിന്നും ലഭിച്ചില്ല. സിസിടിവി ദൃശ്യങ്ങൾ കൂടുതൽ വ്യക്തമാക്കുന്നതിനായി ആദ്യം സി-ഡാക്കിലേക്കും പിന്നീട് ഫോറൻസിക് ലാബിലേക്കും അയച്ചിരുന്നു. അതിനുശേഷം അനൗദ്യോഗികമായി ഡൽഹി വരെ പൊലീസ് പോയെന്നാണ് ലഭിക്കുന്ന സൂചനകൾ. സിസിടിവിയിൽ നിന്നും ലഭിച്ച ദൃശ്യങ്ങളുടെ പിക്സൽ റേറ്റ് കുറവായതിനാൽ ദൃശ്യങ്ങൾ എൻലാർജ് ചെയ്യുമ്പോൾ വ്യക്തമാകുന്നില്ലെന്നും സൂചനകളുണ്ട്.
പ്രതി സഞ്ചരിച്ച വാഹനത്തെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നെങ്കിലും അതും എങ്ങുമെത്തിയില്ല. അന്വേഷണത്തിൻ്റെ ഭാഗമായി തലസ്‌ഥാനത്തെ 1,400ല്‍ അധികം വരുന്ന ഡിയോ സ്‌കൂട്ടര്‍ ഉടമകളോടു പൊലീസ് സ്റ്റേഷനിൽ ഹാജരാകുവാൻ നിർദ്ദേശിച്ചിരുന്നു. വാഹനത്തിൻ്റെ ആര്‍സി ബുക്കുമായി അതത് പോലീസ് സ്‌റ്റേഷനുകളില്‍ ഹാജരാകണമെന്നായിരുന്നു നിർദ്ദേശം. പ്രസ്തുത നിർദ്ദേശത്തിനെതിരെ വാഹന ഉടമകളളിൽ നിന്നും പ്രതിഷേധങ്ങളും ഉയർന്നിരുന്നു. ഡിയോ സ്കൂട്ടറിൻ്റെ ഉടമയായതിനാൽ കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷൻ കയറിയിറങ്ങേണ്ട സാഹചര്യമാണ് പലരെയും പ്രതിഷേധത്തിലേക്ക് എത്തിച്ചത്.
എഡിജിപിയും കമ്മീഷണറും നാലു ഡിവൈഎസ്പിമാരും അടക്കം 17 പേരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്. എന്നാൽ യാതൊരു തെളിവുമില്ലാതെ ഇനിയും മുന്നോട്ടു പോകാൻ കഴിയില്ലെന്നാണ് പോലീസ് പറയുന്നത്. പൊലീസ് സേനയുടെ നിയന്ത്രണത്തിലുള്ള, അതീവ സുരക്ഷാ മേഖല കൂടിയാണ് എകെജി സെൻ്റർ സ്ഥിതി ചെയ്യുന്ന സ്ഥലം. ഇവിടെ നടന്ന ആക്രമണത്തിലെ പ്രതികളെ ഒരു മാസം കഴിഞ്ഞിട്ടും പിടികൂടാനായില്ലെന്നുള്ളത് പൊലീസ് സേനയ്ക്കും വലിയ നാണക്കേടാണ് സമ്മാനിച്ചിരിക്കുന്നത്. നഗരത്തിലെ ചുവന്ന ഡിയോ സ്കൂട്ടറുകളുടെ ഉടമകളെ പൊലീസ് സ്റ്റേഷനുകളിലേക്കും വിളിച്ചുവരുത്തിതിനു പിന്നാലെ നഗരത്തിലെ പടക്കക്കച്ചവടക്കാരേയും പടക്ക നിർമ്മാതാക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയുണ്ടായി. വിപുലമായ രീതിയിൽ ഇത്തരത്തിലുള്ള അന്വേഷണം നടന്നിട്ടും നാളിതുവരെ പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ലെന്നുള്ളതാണ് പൊലീസ് സേനയുടെ ആത്മാഭിമാനത്തെ ബാധിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കുവാൻ നീക്കം നടക്കുന്നതെന്നാണ് സൂചനകൾ.