/sathyam/media/post_attachments/1fwBDglrEwY1ihmF6Qiv.jpeg)
കൊച്ചി: ജില്ലാ കളക്ടർ പച്ചക്കൊടി വീശിയതോടെ പച്ചനിറത്തിലുള്ള കുഞ്ഞൻ ടോയ് ട്രെയിൻ എറണാകുളം പ്രിയദർശിനി പാർക്കിലെ പാള ത്തിലൂടെ കൂകിപ്പാഞ്ഞു തുടങ്ങി. കൊച്ചുകുട്ടികളെയും കൊണ്ട് എറണാകുളം നഗരത്തിലെത്തുന്ന മാതാപിതാക്കൾക്ക് ഒരിയ്ക്കലും ഒഴിവാക്കാനാവാത്ത ഇടമാണ് ബോട്ടു ജെട്ടിയ്ക്കടുത്തുള്ള കായലോരത്തെ ദശാബ്ദങ്ങൾ പഴക്കമുള്ള പ്രിയദർശിനി ചിൽഡ്രൻസ് പാർക്ക്. ചെറുപ്പകാലത്ത് അച്ഛനമ്മമാരോടൊപ്പം ഈ പാർക്കിൽ ഉല്ലസിച്ച ഗൃഹാതുരസ്മരണകളുമായാണ് പലപ്പോഴും അവർ തങ്ങളുടെ കുട്ടികളുമായി ഇവിടെ എത്തുന്നത്. പലകാരണങ്ങളാൽ നാലഞ്ചുവർഷം മുമ്പ് നിർത്തിവയ്‌ക്കേണ്ടിവന്ന കുട്ടികൾക്കുള്ള ടോയ് ട്രെയിൻ സർവ്വീസിന് വീണ്ടും പാർക്കിൽ തുടക്കമായിരിക്കുകയാണ്. ഡിസ്ട്രിക്ട് കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ ആണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
മലയാള മനോരമ പബ്ലിക്കേഷൻസിന്റെ കുട്ടികളുടെ പ്രസിദ്ധീകരണമായ 'കളിക്കുടുക്ക'യാണ് ടോയ് ട്രെയിൻ പദ്ധതിയുടെ സഹകാരികൾ.അഞ്ചു കോച്ചുകൾ ഘടിപ്പിച്ചിരിക്കുന്ന ട്രെയിനിൽ ഒരു റൗണ്ട് സഞ്ചരിയ്ക്കാൻ പത്തുവയസ്സിനു താഴെയുള്ള കുട്ടികൾക്ക് 10 രൂപയും മറ്റുള്ളവർ20 രൂപയും നൽകണം. സംസ്ഥാന വിനോദസഞ്ചാരവകുപ്പ് പാർക്കിന്റെ അറ്റകുറ്റപ്പണികൾക്കായി 4 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു.
പാർക്കിലെത്തുന്ന കുട്ടികൾക്ക് പെഡൽ ബോട്ട് സവാരിയ്ക്കുള്ള സൗകര്യം നേരത്തേയുണ്ട്. സ്ഥാനമൊഴിയാൻ പോകുന്ന ജില്ലാ കളക്ടർ ജാഫർ മാലിക്ക് ആണ് ടോയ് ട്രെയിനിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചത്. ഉദ്‌ഘാടന യാത്രയിൽ കളക്ടറോടൊപ്പം ടി.ജെ. വിനോദ് എം.എൽ.എ., ശിശുസംരക്ഷണ സമിതി സെക്രട്ടറി കെ.ജി. ബാബു, പ്രത്യുഷ പദ്ധതിയിലൂടെ ദേശീയ മെറിറ്റ് കം മീൻസ് പരീക്ഷയിൽ വിജയികളായ കുട്ടികളും പങ്കുചേർന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us