/sathyam/media/post_attachments/ZzaEG3tCUdidHte58r3A.jpeg)
ഗുരുവായൂർ : മുതുവട്ടൂരിലെ ബിഎസ്എൻഎൽ ടെലിഫോൺ എക്സ്ചേഞ്ചിൽ ബുധനാഴ്ച അർധരാത്രിക്കു ശേഷമുണ്ടായ തീപിടിത്തത്തിൽ അത്യാധുനിക ഉപകരണങ്ങൾ കത്തി നശിച്ചു. ചാവക്കാട് മേഖലയിലെ രണ്ടായിരവും ഗുരുവായൂരിലെ എണ്ണൂറോളവും ലാൻഡ് ഫോണുകൾ ഇതോടെ നിശ്ചലമായി. 800 ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്‌ഷനും തകരാറിലായി.
രാത്രി 12.45ന് ഒന്നാം നിലയിലെ മെഷീനുകൾ ഉള്ള എസി മുറിയിൽ പുക ഉയരുകയും അലാം മുഴങ്ങുകയും ചെയ്തതോടെ കാവൽക്കാരൻ ഉണ്ണിക്കൃഷ്ണൻ വിവരം അധികൃതരെ അറിയിച്ചു. ക്വാർട്ടേഴ്സിൽ ഉണ്ടായിരുന്ന ജനീഷ്, ഷിജിത് എന്നീ ഉദ്യോഗസ്ഥർ ഓടിയെത്തി വൈദ്യുതി, ജനറേറ്റർ ബന്ധം വിഛേദിച്ചു. ഡിജിഎം ദുർഗ രാംദാസും സ്ഥലത്തെത്തി. അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. വൈദ്യുത ബന്ധം വിഛേദിച്ചതിനാൽ മൊബൈൽ ടവറുകൾ പ്രവർത്തിക്കാതായി. ഫോണുകൾ നിശ്ചലമായി.
തീ അണച്ച ശേഷം പുലർച്ചെ 5.30നു വൈദ്യുതി പുനഃസ്ഥാപിച്ചതിന് ശേഷമാണ് മേഖലയിലെ മൊബൈൽ ഫോൺ കണക്‌ഷനുകൾ പുനഃസ്ഥാപിച്ചത്. ടെലിഫോൺ എക്സ്ചേഞ്ചിന്റെ ഒന്നാം നിലയിലെ മെഷീനുകൾ പ്രവർത്തിക്കുന്ന എസി ഹാളിലാണ് തീ പിടിച്ചത്. എൽഎംജി പാനലുകൾ, ടെലിഫോൺ കണക്‌ഷനുകളുടെ 2 പ്രധാനപ്പെട്ട കംപ്യൂട്ടർ ശൃംഖല, എയർ കണ്ടീഷനറുകൾ, സീലിങ്, ഫ്ലോറിങ് അടക്കമുള്ളവ കത്തിനശിച്ചു.
വെള്ളം പമ്പ് ചെയ്താൽ കൂടുതൽ ഉപകരണങ്ങൾ കേടുവരും എന്നതിനാൽ ബക്കറ്റിൽ വെള്ളമെടുത്താണ് തീ നിയന്ത്രിച്ചത്. ഫയർ സ്റ്റേഷൻ ഓഫിസർ കൃഷ്ണസാഗർ, ഉദ്യോഗസ്ഥരായ പി.ടി. റോയ് തോമസ്, പി.ഒ. വിൽസൺ, കെ. ഷിബു, കെ.എം. ഷിയാസ് എന്നിവർ നേതൃത്വം നൽകി. തീപിടിത്തത്തിന് കാരണം വൈദ്യുതി ഷോർട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. ബിഎസ്എൻഎൽ ഡിവിഷനൽ ജനറൽ മാനേജർമാരായ പി.ഗീത, രവി ചന്ദ്രൻ, മോളി പോൾ, ജെ.പ്രഭാകരൻ എന്നിവർ സ്ഥലത്തെത്തി.