ശബരിമല സന്നിധാനത്ത് നിറപുത്തരിയ്ക്കായുള്ള ഒരുക്കങ്ങൾ തുടങ്ങി ; ഐശ്വര്യത്തിന്റെ നെൽക്കതിർ ചെട്ടികുളങ്ങരയിൽ നിന്ന്

author-image
ജൂലി
New Update

publive-image

ശബരിമല: ശബരിമല സന്നിധാനത്ത് ഓഗസ്റ്റ് 4ന് നടക്കുന്ന നിറപുത്തരിയ്ക്കായുള്ള ഒരുക്കങ്ങൾ തുടങ്ങി. പതിനെട്ടാംപടിയ്ക്കു മുകളിൽ അയ്യപ്പനു സമർപ്പിയ്ക്കാൻ ഐശ്വര്യസമൃദ്ധിയുടെ പൊൻകതിരുകൾ ഇത്തവണ കൊയ്തു കൊണ്ടുവരുന്നത് ചെട്ടികുളങ്ങരയമ്മയുടെ തട്ടകത്തിലെ പാടശേഖരത്തിൽ നിന്നാണ്. ചടങ്ങിനാവശ്യമുള്ള കതിർക്കറ്റകൾ ശനിയാഴ്ച പാടത്തു നിന്ന് കൊയ്തെടുത്തു. തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അന്തഗോപൻ കൊയ്തെടുത്ത കതിർക്കറ്റകൾ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ എച്ച്. കൃഷ്ണകുമാറിന് കൈമാറി.

Advertisment

നടതുറക്കുന്ന ഓഗസ്റ്റ് 3ന് സന്നിധാനത്തേയ്ക്ക് ആഘോഷമായെത്തിയ്ക്കുന്ന കതിർക്കറ്റകൾ, പിറ്റേന്ന് പുലർച്ചെ തന്ത്രി തീർത്ഥം തളിച്ച് ശുദ്ധി വരുത്തി മേൽശാന്തിയ്ക്ക് കൈമാറും. തുടർന്ന് അദ്ദേഹവും പരികർമ്മികളും കതിർക്കറ്റ ശിരസ്സിലേറ്റി പഞ്ചവാദ്യമേളങ്ങളുടെ അകമ്പടിയോടെ കിഴക്കേ മണ്ഡപത്തിലേയ്ക്ക് എഴുന്നള്ളിയ്ക്കുകയാണ് പതിവു രീതി.

publive-image

വിവിധ നാടുകളിൽ നിന്നും നിറപുത്തരി തൊഴാനെത്തുന്ന ഭക്തരും അവരുടെ കൃഷിയിടത്തിൽ നിന്നുള്ള കതിർക്കറ്റുകൾ കൊണ്ടുവന്ന് അയ്യപ്പന് സമർപ്പിക്കാറുണ്ട്. മണ്ഡപത്തിൽ തന്ത്രിയുടെ ലക്ഷ്മീപൂജയ്ക്കുശേഷം ശ്രീലകത്തേയ്ക്ക് എത്തിയ്ക്കുന്ന പൊൻകറ്റകൾ പട്ടിൽ പൊതിഞ്ഞു അയ്യപ്പതൃപ്പാദത്തിൽ സമർപ്പിച്ച് നിവേദ്യാദികളോടെ ദീപാരാധനയും നടത്തും.

പൂജിച്ചു പുറത്തേക്കിറക്കുന്ന കതിർക്കുലകൾ ശ്രീകോവിലിന്റെ ചുറ്റിലും കെട്ടിയിടും. തന്ത്രിയിൽനിന്നും മേൽശാന്തിയിൽനിന്നും പൂജിച്ച വീടുകളിലും സ്ഥാപനങ്ങളിലും വെച്ചാല്‍ സമ്പത്ത്സമൃദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. കൊവിഡ് 19 നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാൽ ക‍ഴിഞ്ഞ വർഷത്തെ നിറപ്പുത്തരി പൂജയ്ക്ക് ശബരിമലയില്‍ കൃഷിചെയ്ത നെല്‍കതിരുകളാണ് എടുത്തത്.

Advertisment