/sathyam/media/post_attachments/r0DpbHynjkBKtDYuXI7E.png)
കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ധനകാര്യ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെഎഫ്‌സി) കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങളെ സഹായിക്കുന്നതിനായി പുതിയ വായ്പാ പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിയില്‍, 10 കോടി രൂപ വരെയുള്ള വായ്പകള്‍ 5% വാര്‍ഷിക പലിശയ്ക്ക് ലഭിക്കും. 2022-23 ബഡ്ജറ്റ് പ്രഖ്യാപന പ്രകാരമാണ് പദ്ധതി.
കാര്‍ഷികാധിഷ്ഠിത ചെറുകിട ഇടത്തരം വ്യവസായ യൂണിറ്റുകള്‍, ക്ഷീരമൃഗസംരക്ഷണവുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍, കാര്‍ഷികാധിഷ്ഠിത-സ്റ്റാര്‍ട്ടപ്പുകള്‍, കാര്‍ഷികാധിഷ്ഠിത ഉല്‍പ്പന്നങ്ങളുടെ സംസ്‌കരണം/ വിപണനം/ വ്യാപാരം, ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍, വെയര്‍ഹൗസുകള്‍, ഗോ-ഡൗണുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍, കാര്‍ഷികാധിഷ്ഠിത അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ തുടങ്ങിയവയ്ക്കാണ് വായ്പ. വര്‍ഷംതോറും 400 വ്യവസായ സംരംഭങ്ങളെയാണ് ഈ പദ്ധതിയില്‍ ലക്ഷ്യമിടുന്നത്.
പുതിയ യൂണിറ്റുകള്‍ സ്ഥാപിക്കല്‍, നിലവിലുള്ള യൂണിറ്റുകളുടെ നവീകരണം, യന്ത്രസാമഗ്രികള്‍ വാങ്ങല്‍, പ്രവര്‍ത്തന മൂലധനത്തിനും വായ്പ നല്‍കും. പദ്ധതി തുകയുടെ 90% വരെ വായ്പ ലഭിക്കും. കുറഞ്ഞ വായ്പ അഞ്ച് ലക്ഷം രൂപയാണ്. 10 കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് 3% പലിശ ഇളവ് സംസ്ഥാന സര്‍ക്കാറും 2% ഇളവ് കെഎഫ് സി യും വഹിക്കും. സംരംഭകര്‍ 5% മാത്രം പലിശ അടച്ചാല്‍ മതി. രണ്ട് വര്‍ഷത്തെ മൊറട്ടോറിയം ഉള്‍പ്പെടെ പരമാവധി തിരിച്ചടവ് കാലയളവ് 10 വര്‍ഷമായിരിക്കും.
സംസ്ഥാനത്തെ ഏകദേശം 40 ശതമാനത്തോളം ചെറുകിട ഇടത്തരം വ്യവസായങ്ങളും കാര്‍ഷികാധിഷ്ഠിതമായതിനാല്‍ മിക്ക സംരഭകര്‍ക്കും ഈ പദ്ധതി പ്രയോജനപ്പെടും. വായ്പകളില്‍ കെഎഫ് സി പ്രോസസിംഗ് ഫീസില്‍ 50% ഇളവുണ്ട്. കെഎഫ് സി യുടെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായാണ് വായ്പക്ക് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള ഫിനാഷ്യല്‍ കോര്‍പ്പറേഷന്‍, ബ്രാഞ്ച് ഓഫീസ്, പറക്കണ്ടത്തില്‍ ബില്‍ഡിംഗ്, പുളിയന്‍മല റോഡ്, കട്ടപ്പന 685508. വെബ്‌സൈറ്റ് www.kfc.org മെയില്‍ ഐഡി : ktp@kfc.org. ഫോണ്‍ 04868272418, 6238538651.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us