സ്വാതന്ത്ര്യത്തിന്റെ 75 വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് ദേശീയ പതാകയ്ക്ക് ആദരവു നല്‍കുന്നതിനോടൊപ്പം പൗരന്‍മാര്‍ക്കു ദേശീയ പതാകയോടു വൈകാരിക ബന്ധം വളര്‍ത്തുന്നതിനും ദേശീയോദ്ഗ്രഥനത്തിനു പ്രചോദനം നല്‍കുന്നതിനുമായി നടപ്പിലാക്കുന്ന ''ഹര്‍ ഘര്‍ തിരംഗ'' പദ്ധതിയുടെ ഭാഗമായി വീടുകളില്‍ ഉയര്‍ത്താന്‍ ഇടുക്കി ജില്ലയിലെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ 1,22,407 (ജില്ലയിലെ 43 പഞ്ചായത്തുകളില്‍ നിന്നും രണ്ട് മുന്‍സിപ്പാലിറ്റികളില്‍ നിന്നും ലഭിച്ച ഓര്‍ഡര്‍) പതാകകള്‍ ഒരുങ്ങുന്നു.
ഓഗസ്റ്റ് 13 മുതല്‍ 15 വരെ ജില്ലയിലെ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഈ പതാകകള്‍ പാറിപ്പറക്കും. ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലാണു പതാക നിര്‍മാണം. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്കും ജില്ലാ പ്രോഗ്രാം മാനേജര്‍ക്കുമാണ് പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല. 10-ാം തിയതിക്കുള്ളില്‍ എല്ലാ പഞ്ചായത്തുകളിലും പതാക വിതരണം ചെയ്യും.
അക്ഷയ ഗാര്‍മെന്റ്‌സ് മാങ്കുളം, ഗ്രേസ് ആന്‍ഡ് പരസ്പരം ടൈലറിങ് യൂണിറ്റ് മറയൂര്‍, ആമി ടൈലറിങ് കുമളി, കീര്‍ത്തന വണ്ടിപ്പെരിയാര്‍, ഗൗരി ശങ്കര കുമളി, ഒരുമ വാത്തികുടി, ചിഞ്ചുസ് ടൈലറിംഗ് തടിയമ്പാട്, ദശമി കൊക്കയാര്‍, അലങ്കാര്‍ ടൈലറിങ് യൂണിറ്റ് അടിമാലി, സ്‌നേഹ ടൈലറിങ് യൂണിറ്റ് അടിമാലി എന്നീ യൂണിറ്റുകള്‍ പതാക നിര്‍മ്മിക്കും. ഫ്ളാഗ് കോഡ് മാനദണ്ഡപ്രകാരം 3:2 അനുപാതത്തില്‍ കോട്ടണ്‍, പോളിസ്റ്റര്‍ മിക്‌സഡ് മെറ്റീരിയല്‍ ഉപയോഗിച്ചാണ് ദേശീയ പതാകകള്‍ നിര്‍മ്മിക്കുന്നത്. വലുപ്പം, മെറ്റീരിയല്‍, വില എന്നിവയില്‍ ഏകീകൃത സ്വഭാവം നിലനിര്‍ത്താന്‍ കുടുംബശ്രീ അതീവ ശ്രദ്ധ ചെലുത്തുന്നുണ്ട്. 28 രൂപയാണ് ഒരു പതാകയ്ക്ക് പഞ്ചായത്തില്‍/ മുനിസിപ്പാലിറ്റിയില്‍ നിന്നും ലഭിക്കുന്നത്. ഗതാഗത ചെലവ് ഉള്‍പ്പെടെ ഏകദേശം 22 രൂപയാണ് ഒരു പതാകയ്ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.
'ഹര്‍ ഘര്‍ തിരംഗ' ആഘോഷത്തിന് സംസ്ഥാനമൊട്ടാകെ സര്‍ക്കാര്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. പതാക നിര്‍മ്മാണത്തില്‍ നേതൃത്വം നല്‍കുന്ന കുടുംബശ്രീ വിവിധ യൂണിറ്റുകളിലൂടെ 23 ലക്ഷത്തിലധികം പതാകകളാണ് കേരളമൊട്ടാകെ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നത്.