ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിൽ നിറപുത്തരി ചടങ്ങുകൾക്ക് ഭക്തിനിർഭരമായ തുടക്കം

author-image
ജൂലി
Updated On
New Update

publive-image

Advertisment

ആറ്റിങ്ങൽ: ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിൽ കാർഷിക സമൃദ്ധിയുടേയും കർക്കിടക മാസത്തിലെ വറുതിയ്ക്കും പഞ്ഞമാസ നിവൃത്തിയുടേയും സങ്കൽപ്പമായുള്ള നിറപുത്തരി ചടങ്ങുകൾക്കു നൂറുക്കണക്കിനു ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ഭക്തിനിർഭരമായ തുടക്കം.

ഇന്നലെ പുലർച്ചെ അഞ്ചു മണിക്കു ക്ഷേത്രാങ്കണത്തിലെ പത്മതീർഥക്കുളത്തിനു സമീപത്തു നിന്നും പൂജാവിധികളുടേയും വിവിധ വാദ്യമേളങ്ങളുടേയും അകമ്പടിയോടെയാണു പ്രത്യേകം തയ്യാറാക്കി ആലിലകൾ കൊണ്ടു പവിത്രീകരിക്കപ്പെട്ട കതിർകറ്റ കെട്ടുകൾ ശ്രീകോവിലുമുന്നിലെ പൂജാ മണ്ഡപത്തിലേക്കു ഘോഷയാത്രയോടെ ആനയിച്ചത്. ശ്രീകോവിൽ ചുറ്റിയുള്ള പ്രദക്ഷിണ ചടങ്ങുകളിൽ ക്ഷേത്ര മേൽശാന്തി തോട്ടയ്ക്കാട് കിഴക്കേമഠത്തിൽ കെ.പ്രകാശൻ നമ്പൂതിരി, സഹപൂജാരിമാരായ കണ്ണൻ പോറ്റി, രാജേഷ് പോറ്റി, ഷാജി പോറ്റി തുടങ്ങിയവർ കതിർകറ്റകളേന്തി ക്ഷേത്രാചാര പൂജാവിധികൾക്കു ആചാരപരമായ കാർമികത്വം വഹിച്ചു.

ശാർക്കര ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി.ദിലീപ് കുമാർ ക്ഷേത്രോപദേശക സമിതി പ്രസിഡൻ്റ് ശ്രീകുമാർ പെരുങ്ങുഴി, സെക്രട്ടറി അജയൻശാർക്കര, വൈസ് പ്രസിഡൻ്റ് മിഥുൻ ടി. ഭദ്രൻ, ക്ഷേത്ര ഭാരവാഹികളായ എസ്.വിജയകുമാർ, കിട്ടുഷിബു. എസ്.സുധീഷ്കുമാർ, മണികുമാർശാർക്കര, എം.ഭദ്രകുമാർ, എൻ.കെ.രാജശേഖരൻ നായർ, എസ്.ഷൈജു, ജി.ഗിരീഷ്കുമാർ, എൽ. അഭിൻലാൽ എന്നിവർ നേതൃത്വം നൽകി.

തുടർന്നു ക്ഷേത്രസന്നിധിയിൽ നിന്നു പൂജാരിമാരുടെ സംഘം ഭക്തജനങ്ങൾക്കു പൂജിച്ച കതിർകറ്റകൾ പ്രസാദമായി നൽകി. വയലേലകളിൽ ആദ്യമായി വിളക്കുന്ന നെൽമണികൾ ഐശ്വര്യത്തിൻ്റെ പ്രതീകമായി പത്തായപ്പുരകളിലും കതിർ കറ്റകൾ വീടുകളുടെ പൂമുഖത്തും തൂക്കിയിടുന്നതു വരുന്ന ഒരു വർഷക്കാലം ഐശ്വര്യവും സമ്പത്തും കുടുംബങ്ങളിൽ നിറയ്ക്കുമെന്നതാണു ഐതീഹ്യം.

Advertisment