Advertisment

അറുപത്തഞ്ചിലും തോണിയേറി തുഴയെറിഞ്ഞ ഓമനച്ചേച്ചിയെ നാടറിഞ്ഞപ്പോൾ

author-image
ജൂലി
Updated On
New Update

publive-image

Advertisment

ചാലക്കുടി: മഴപ്പെയ്ത്തിൽ കുലംകുത്തി ഒഴുകിയെത്തുന്ന ചാലക്കുടി

പ്പുഴയിലെ മലവെള്ളം കണ്ടു പേടിച്ചോടുന്നവളല്ല എരയാങ്കുടിയിലെ ഓമന ഗോപി. പുഴ നിറഞ്ഞു കവിഞ്ഞ് തൊട്ടടുത്തുള്ള പാടശേഖരങ്ങളിലേയ്ക്കും വെള്ളം കയറിയപ്പോൾ വീട്ടിലെ കന്നുകാലികൾക്ക് കൊടുക്കാൻ പുല്ലില്ല എന്ന ആധി മാത്രമായിരുന്നു അറുപത്തഞ്ചു വയസ്സുള്ള ഓമനച്ചേച്ചിയുടെ മനസ്സിൽ. ചുറ്റുവട്ടത്തെ പാടത്തു നിന്നും പുല്ലറുത്താണ് പതിവായി വീട്ടിലെ പശുക്കൾക്കു കൊടുത്തിരുന്നത്. പതിവുപോലെ അരിവാളുമെടുത്ത് പുല്ലരിയാനെത്തിയപ്പോൾ വെള്ളം നിറഞ്ഞുകവിഞ്ഞു കിടക്കുകയാണ് പാടത്ത്. അവിടെയാണെങ്കിൽ പരിചയക്കാരായ കുട്ടികൾ തോണി തുഴഞ്ഞു രസിക്കുന്നു. രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല ഓമനയ്ക്ക്. പിള്ളേരോട് തന്റെ ആവശ്യം വിളിച്ചു പറഞ്ഞു.

പുല്ലരിയാൻ പോകാൻ തോണി കൊടുക്കാമോ എന്ന ഓമനയുടെ ചോദ്യം കേട്ട പിള്ളേർ ആദ്യമൊന്നമ്പരന്നു. മനസ്സില്ലാമനസ്സോടെയാണെങ്കിലും വല്യമ്മയുടെ ധൈര്യം കണ്ട് കുട്ടികൾ തോണി വിട്ടുകൊടുത്തു. യാതൊരു കൂസലുമില്ലാതെ പുല്ലു നിൽക്കുന്ന ലക്ഷ്യസ്ഥാനം നോക്കി വേഗത്തിൽ തുഴയെറിഞ്ഞു പോകുന്ന വല്ല്യമ്മയുടെ വീഡിയോയെടുത്ത് കുട്ടികൾ സോഷ്യൽ മീഡിയയിൽ ഇട്ടു. കണ്ടു നിന്നവരെപ്പോലും ഞെട്ടിച്ചുകളഞ്ഞ ഓമനയുടെ ഈ പ്രായത്തിലുമുള്ള അസാമാന്യ ധൈര്യം അങ്ങനെ മണിക്കൂറുകൾക്കുള്ളിൽ വൈറലായി മാറി. നാട്ടിലിപ്പോൾ താരമായി മാറിയ ഓമനയ്ക്ക് ഇതേക്കുറിച്ച് പറയാനുള്ളത് ഇത്രമാത്രം. ചെറുപ്പത്തിൽ വഞ്ചി തുഴഞ്ഞുള്ള ശീലമുണ്ട്.

ആ ധൈര്യത്തിലാണ് കുട്ടികളോട് വഞ്ചി ചോദിച്ചത്. പുല്ലരിയാൻ ചെന്നപ്പോൾ കുട്ടികൾ കളിച്ചുരസിക്കുന്നതു കണ്ടു. അപ്പോഴാണ് ചെറുപ്പത്തിലേ ഓർമ്മയിൽ വഞ്ചിതുഴയാനുള്ള ആഗ്രഹം മനസ്സിൽ മുളപൊട്ടിയത്. വർഷങ്ങൾക്കു ശേഷമാണ് തുഴ കൈയ്യിൽ എടുത്തത്. തനിയേ ഇത്രയും ദൂരം നന്നായി ഈ പ്രായത്തിലും തുഴഞ്ഞു പോകാനാകുമെന്നു താനും കരുതിയില്ലെന്നാണ് നാട്ടിലെ താരം പറയുന്നത്.

Advertisment