/sathyam/media/post_attachments/NQGidF1GhbNIKa5mSEpp.png)
കേരള മീഡിയ അക്കാദമി ബിരുദദാന-പുരസ്‌കാര സമ്മേളനം കാക്കനാട് അക്കാദമി കാമ്പസില്‍ സെപ്തംബര്‍ 3ന് വ്യവസായ-നിയമമന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. അക്കാദമിയുടെ പിജി ഡിപ്ലോമ കോഴ്‌സുകളുടെ റാങ്ക് ജേതാക്കള്‍ക്കും മാധ്യമമേഖലയില്‍ 2020ല്‍ മികവ് പുലര്‍ത്തിയവര്‍ക്കുമുളള ബഹുമതികളും മന്ത്രി സമ്മാനിക്കും.
കേരളത്തിലെ മികച്ച കലാലയ മാഗസിനുള്ള 2019-20, 20 - 21 ലെ മീഡിയ അക്കാദമി പുരസ്‌കാരങ്ങളും ചടങ്ങില്‍ നല്‍കും. ഒന്നാം സമ്മാനത്തിനര്‍ഹമായ കോഴിക്കോട് മെഡിക്കല്‍ കോളേജ് മാഗസിന്‍ 'താരി'ക്ക് മുഖ്യമന്ത്രിയുടെ ട്രോഫിയും 25,000 രൂപയും പ്രശസ്തിപത്രവും നല്‍കും. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിന്റെ 'എര്‍സ് 'നാണ് രണ്ടാംസ്ഥാനം. എം.ഇ.എസ് അസ്മാബി കോളേജിന്റെ (വെമ്പല്ലൂര്‍) 'അകായില്‍ നിന്നുളള ഒച്ചകള്‍' മാസിക മൂന്നാം സ്ഥാനം നേടി. തിരൂര്‍ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയുടെ ഡിജിറ്റല്‍ മാഗസിന് പ്രോത്സാഹന സമ്മാനം ലഭിച്ചു.
രണ്ടാം സമ്മാനക്കാര്‍ക്ക് 15,000 രൂപയും ട്രോഫിയും നല്‍കുമ്പോള്‍ മൂന്നാംസ്ഥാനക്കാര്‍ക്ക് ലഭിക്കുക 10,000 രൂപയും ട്രോഫിയുമാണ്. 5,000 രൂപയും ട്രോഫിയുമാണ് പ്രോത്സാഹന സമ്മാനം. മീഡിയ ക്ലബ്ബ് പദ്ധതിയുടെ ഭാഗമാണ് മാഗസിന്‍ അവാര്‍ഡുകളെന്ന് മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു പറഞ്ഞു.
പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ തോമസ് ജേക്കബ്, ബൈജു ചന്ദ്രന്‍, എം. സരിത വര്‍മ്മ എന്നിവരടങ്ങിയ സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്. മത്സരത്തിന് വന്ന കോളേജ് മാഗസിനുകളെല്ലാം പൊതുവെ വിഷയ വൈവിധ്യം കൊണ്ടും സമകാലീന ബോധ്യങ്ങള്‍ കൊണ്ടും സമ്പന്നമായിരുന്നു. കാലോചിതമായ അവതരണചാരുതയിലും ദൃശ്യാവിഷ്‌ക്കാരമികവിലും മാസികകള്‍ ഉന്നത നിലവാരം പുലര്‍ത്തി. ഉളളടക്കത്തിന്റെ സമഗ്രതയിലും അവതരണ ഭംഗിയിലും യുവതയുടെ സ്പന്ദനങ്ങള്‍ പകര്‍ത്തുന്നതില്‍ കാണിച്ച പ്രൊഫഷണലിസമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ 'താരി' മാഗസിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്.
കോളേജു മാസികകളുടെ സാമ്പ്രദായിക ചിട്ടകളെ കീഴ്‌മേല്‍ മറിക്കുന്ന, പരീക്ഷണ സ്വഭാവത്തോടെ പുറത്തിറങ്ങിയ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിന്റെ 'എര്‍സ്' ചുറുച്ചുറുക്കും വ്യത്യസ്തതയുളള ഉളളടക്കത്തോടെയാണ് രണ്ടാം സ്ഥാനം നേടിയത്.
അസ്മാബി കോളേജിന്റെ 'അകായില്‍ നിന്നുളള ഒച്ചകള്‍' ജാതി, ലിംഗസമത്വം, പരിസ്ഥിതി തുടങ്ങി ഇന്നത്തെ യുവത്വത്തിന്റെ ഉത്കണഠകളെയും ആകാംക്ഷകളെയും തീവ്രമായി രേഖപ്പെടുത്തുന്നു. ഡിജിറ്റല്‍ രൂപത്തില്‍ ലഭിച്ച തിരൂര്‍ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകശാലയുടെ മാഗസിന്‍, ദൃശ്യവിന്യാസങ്ങളിലും ഉളളടക്കത്തിന്റെ സവിശേഷതയിലും വേറിട്ടു നിന്നതു കൊണ്ട്്, കമ്മിറ്റിയുടെ പ്രത്യേക പരാമര്‍ശം നേടി. കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള കോളേജുകളിലെ മാഗസിനുകളാണ് അവാര്‍ഡിന് പരിഗണിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us