/sathyam/media/post_attachments/QeYSQXwMjecpFbeVfYV3.jpg)
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക പ്രഭാഷണത്തിനും പുസ്തകപ്രകാശനത്തിനുമായി മാഗ്‌സസെ അവാര്‍ഡ് ജേതാവായ വിഖ്യാത പത്രപ്രവര്‍ത്തകന്‍ പി.സായിനാഥ് ആഗസ്റ്റ് 22ന് കൊല്ലത്തെത്തും. കേരള മീഡിയ അക്കാദമിയും കൊല്ലം പ്രസ് ക്ലബ്ബും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ 'സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികവും വര്‍ത്തമാനകാല മാധ്യമങ്ങളും' എന്ന വിഷയത്തില്‍ സായിനാഥ് പ്രഭാഷണം നടത്തും.
കേരള മീഡിയ അക്കാദമി തയ്യാറാക്കിയ ഇഗ്നേഷ്യസ് പെരേരയുടെ 'ബോംബെ ടു മുംബൈ' എന്ന ക്രൈം ജേണലിസത്തെ ആസ്പദമാക്കിയ പുസ്തകം സായിനാഥ് പ്രകാശനം ചെയ്യും. മുന്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ സെക്രട്ടറിയുമായ ഡോ. കെ.എം.എബ്രഹാം പുസ്തകം സ്വീകരിക്കും.അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അധ്യക്ഷനാകും. എം.മുകേഷ് എം.എല്‍.എ വിശിഷ്ടാതിഥിയാവും. ഫാത്തിമ മാതാ കോളേജ് പ്രൊഫസര്‍ ഡോ.പട്രീഷ്യ ജോണ്‍ പുസ്തകം പരിചയപ്പെടുത്തും. കൊല്ലം പ്രസ് ക്ലബ് പ്രസിഡന്റ് ജി.ബിജു, സെക്രട്ടറി സനല്‍ വി. പ്രേം എന്നിവര്‍ സംസാരിക്കും. ആഗസ്റ്റ് 22ന് വൈകുന്നേരം 5ന് ബീച്ച് ഹോട്ടല്‍ ഓഡിറ്റോറിയത്തിലാണ് ചടങ്ങ്.
ദ ഹിന്ദു ലേഖകനായിരുന്ന ഇഗ്നേഷ്യസ് മുംബെയില്‍ പതിമൂന്നര വര്‍ഷം ബ്ലിറ്റ്‌സ് ഉള്‍പ്പെടെയുളള പ്രസിദ്ധീകരണങ്ങളില്‍ ക്രൈം റിപ്പോര്‍ട്ടറായി സേവനമനുഷ്ഠിച്ച കാലത്തെ അനുഭവങ്ങളാണ് പുസ്തകത്തില്‍. സായിനാഥ് ആഗസ്റ്റ് 22ന് രാവിലെ മാധ്യമവിദ്യാര്‍ത്ഥികളുമൊത്ത് കൊല്ലത്ത് അഷ്ടമുടിക്കായലിലൂടെ നടത്തുന്ന ബോട്ട് യാത്രയില്‍ 'മീറ്റ് ദ മാസ്റ്റര്‍' മാധ്യമസംവാദവും ഉണ്ടാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us