പുങ്കന്നൂരിൽ നിന്നും താണിക്കുടത്തെത്തിയ ഐശ്വര്യകാമധേനു ; ഇവൾ ഏഷ്യയിലെ ഏറ്റവും പൊക്കം കുറഞ്ഞ ഇനം

author-image
ജൂലി
Updated On
New Update

publive-image

തൃശ്ശൂർ: തൂവെള്ളനിറം, അഴകുള്ളതും ചെറുതുമായ കൂർത്ത കൊമ്പുകൾ, തിളക്കമാർന്ന മിഴികൾ, കൃശഗാത്ര, ചുരത്തുന്നതോ ഔഷധഗുണമേറിയ അമൂല്യമായ ക്ഷീരം, ആരോടും പെട്ടെന്നിണങ്ങുന്ന പ്രകൃതം. അങ്ങനെ ഒട്ടേറെ വിശേഷണത്തിനർഹയാണിവൾ, പൂങ്കന്നൂർ സുന്ദരി ! തിരുപ്പതി വെങ്കടാചലപതിയുടെ ഗോവൃന്ദങ്ങളിൽ പ്രഥമഗണനീയ സ്ഥാനത്തുള്ള പൂങ്കന്നൂർ ജനുസ്സിൽപ്പെട്ട ഇവളെ കാണണമെങ്കിൽ തൃശ്ശൂരിലെ താണിക്കുടത്തേയ്ക്കു പോരൂ. ഇവിടെ വടക്കെ ചുങ്കത്ത് വീട്ടിൽ ഹരീഷിന്റെ വീട്ടിലാണ് വീട്ടുകാർക്കും നാട്ടുകാർക്കും അരുമയായ ആ പുങ്കന്നൂർ 'സുന്ദരി'യുള്ളത്.

Advertisment

publive-image

ആന്ധ്രാപ്രദേശിലെ ചിറ്റൂരിനടുത്ത് പൂങ്കന്നൂർ ഗ്രാമത്തിൽ നിന്നും കൊണ്ടുവന്നശേഷം വീട്ടുകാർ അവൾക്ക് ചാർത്തിക്കൊടുത്തതാണ് 'സുന്ദരി'എന്ന പേര്. 70 മുതൽ 90 സെന്റിമീറ്റർ വരെ ഉയരവും 115നും 200നും ഇടയിൽ തൂക്കവും ഉള്ള പുങ്കന്നൂർ പശുക്കളുടെ എണ്ണം ഇന്ത്യയിൽ നാമമാത്രമാണ്. മൂന്നു സെന്റ് സ്ഥലത്തെ പരിമിതിയിൽ വളർത്താവുന്ന പശുവിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഹരീഷ് ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ എത്തുന്നത്. മോഹവിലയ്ക്കാണ് രണ്ടരവയസ്സും രണ്ടരയടി ഉയരവുമുള്ള പശുവിനെ സ്വന്തമാക്കിയത്.

publive-image

പ്രാചീന ആയുർവ്വേദശാസ്ത്ര ഗ്രന്ഥങ്ങളായ ശുശ്രുതസംഹിത, ചരകസംഹിത, ബൃഹത് വാഗ്ഭട സംഹിത തുടങ്ങിയവയിൽ ആചാര്യന്മാരാൽ എഴുതിച്ചേർക്കപ്പെട്ട ഒന്നാണ് പുങ്കന്നൂർ പശുക്കളുടെ ഔഷധതുല്യമായ ക്ഷീരഗുണം. ഇവയുടെ മൂത്രം പോലും പലവിധ രോഗങ്ങൾക്കുള്ള ഔഷധമാണ്. അദ്ധ്യാപകവൃത്തിയും ഗോപരിപാലനവും ഏറെ ഇഷ്ടത്തോടെ തിരഞ്ഞെടുത്തവയാണ് ഹരീഷ്. താളിക്കോട് ജീവൻജ്യോതി പബ്ലിക്ക് സ്‌കൂളിലാണ് ജോലി. ഭാര്യ കവിത പുല്ലഴി ശ്രീശ്രീ രവിശങ്കർ വിദ്യാമന്ദിറിലെ അദ്ധ്യാപിക. മക്കളായ മൂന്നു വയസ്സുകാരൻ സ്വസ്തികിന്റെയും അഞ്ചാം ക്ലാസ്സിൽ പഠിയ്ക്കുന്ന അനുഗ്രഹിന്റെയും കളിക്കൂട്ടുകാരിയായിരിക്കുകയാണ് ഈ ഗോമാതാവ്.

publive-image

ഇരുവരും ചേർന്ന് 'സുന്ദരി'യെ മേയ്ച്ചുകൊള്ളും. രണ്ടരയടി ഉയരം മാത്രമുള്ള പശുവിന് തൊഴുത്തു നിർമ്മിയ്ക്കാനും അധികം പണം ചെലവിടേണ്ടി വന്നില്ല ഹരീഷിന്. പുറത്തിറങ്ങി മേഞ്ഞു നടക്കുന്നതാണ് പുങ്കനന്നൂ സുന്ദരിക്കിഷ്ടം. തൊഴുത്തിൽ നിന്നിറക്കിയാൽ തിരിച്ചുകയറാൻ മടിയാണത്രെ. വയ്ക്കോൽ കാട്ടി പ്രലോഭിപ്പിച്ചാണ് തൊഴുത്തിൽ കയറ്റുന്നത്. അഞ്ചുകിലോഗ്രാമോളം പച്ചപ്പുല്ല് നിത്യേന അവൾക്കുള്ളതാണ്. പിന്നെ വേണ്ടത് കൊപ്രപ്പിണ്ണാക്ക്. സാധാരണ
പശുക്കളിൽ നിന്നും ലഭിയ്ക്കുന്ന പാലിൽ 3 മുതൽ 3.5 ശതമാനം കൊഴുപ്പടങ്ങുമ്പോൾ പുങ്കന്നൂർ ചുരത്തുന്ന പാലിലുള്ളത് 8 ശതമാനം. തിരുപ്പതി തിരുമല ദേവസ്ഥാനത്ത് വെങ്കടാചലപതിയ്ക്ക് അഭിഷേകത്തിനായുള്ള പാലിനും അർച്ചനയ്ക്കായുള്ള നറുനെയ്യിനുമായി അവിടുത്തെ ഗോശാലയിൽ പുങ്കന്നൂർ ഇനത്തെ വളർത്തി പരിപാലിയ്ക്കുന്നുണ്ട്.

publive-image

ഹരീഷിന്റെ വീട്ടിൽ ആഴ്ചയിൽ രണ്ടു ദിവസമാണ് 'സുന്ദരിയ്ക്ക് 'കുളി. ശരീരത്തിൽ അമിത കൊഴുപ്പടിയാതിരിയ്ക്കാൻ നിയന്ത്രിതമായ തോതിലാണ് ഭക്ഷണം നൽകുന്നത്. വംശനാശ ഭീഷണി നേരിടുന്ന ഏഷ്യയിലെ ഏറ്റവും പൊക്കം കുറഞ്ഞതും ഭാരതത്തിന്റെ തനത് നാടൻ ഇനവുമായ പുങ്കന്നൂർ പശുവിനെപരിപാലിച്ച് സംരക്ഷിയ്ക്കാനകുന്നതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഹരീഷ് പറഞ്ഞു. ദിവസവും രണ്ടു ലിറ്ററോളം പാൽ കിട്ടുന്നുണ്ട്. പാലിന്റെ അളവ് കുറവായതിനാൽ കൊഴുപ്പും പോഷകങ്ങളും കൂടുതലായിരിക്കും. അഞ്ചുലക്ഷം രൂപയോളം വരെ മോഹവിലയുണ്ട് ഇവയ്ക്ക് ഇന്ന് കേരളത്തിൽ. വെള്ളയും തവിട്ടു നിറത്തിലും കാണപ്പെടുന്ന പശുക്കളുടെ കൊമ്പുകൾ ചെറുതും ചന്ദ്രക്കലപോലെയും കാണപ്പെടുന്നുണ്ട്.

publive-image

നെറ്റിയുടെ ഭാഗം കുഴിഞ്ഞിരിക്കും. പ്രത്യുത്പാദനശേഷി കൂടിയയിനമായതിനാൽ, ഇവയുടെ തലമുറ അന്യം നിന്നുപോകാതെ ശാസ്ത്രീയമായ പരിപാലനം ആവശ്യമാണ്. ഗോപൂജയ്ക്കു പ്രാധാന്യമുള്ള ഭാരതീയ വൈദികസമ്പ്രദായത്തിൽ കഴുത്താഭരണങ്ങളും മണിയും കാൽത്തളയും നെറ്റിച്ചുട്ടിയും സിന്ദൂരവുമൊക്കെ അണിയിച്ച് വിശുദ്ധപരിവേഷം നൽകി കാമധേനുവിനെപ്പോലെയാണ് പലപ്പോഴും പുങ്കന്നൂർ പശുക്കളെ കേരളത്തിനു പുറത്ത് പലയിടങ്ങളിലും വളർത്തുന്നത് എന്നതും കൗതുകമുളവാക്കുന്നതാണ്. കേന്ദ്രസർക്കാരിന്റെ നിർദ്ദേശാനുസരണം ഇന്ത്യൻ തപാൽ വകുപ്പ് ഇന്ത്യൻ ഗോവൃന്ദങ്ങളിലെ അപൂർവ്വയിനമായ പുങ്കന്നൂർ പശുവിന് ആദരമർപ്പിച്ചുകൊണ്ട് ചിത്രം ആലേഖനം ചെയ്ത് 2022 ഫെബ്രുവരി 2ന് പ്രത്യേക തപാൽ കവർ പുറത്തിറക്കിയിരുന്നു. ആന്ധ്രാപ്രദേശിലെ പുങ്കന്നൂർ ഗ്രാമത്തിൽ വച്ചു തന്നെയാണ് ഈ ചടങ്ങ് സംഘടിപ്പിയ്ക്കപ്പെട്ടത്.

Advertisment