/sathyam/media/post_attachments/R8AAv9ciNW6Hc2zEG4HB.jpg)
കൊച്ചി: അര്‍ബുദമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ മരണമാണ് പ്രതിവിധിയെന്ന് കരുതുന്ന സമൂഹത്തിന് മുമ്പില്‍ പുതിയ സാങ്കേതികവിദ്യകളിലൂടെ മുന്‍കൂട്ടി രോഗനിര്‍ണയം നടത്താനും രോഗത്തെ പ്രതിരോധിക്കാനും സാധിക്കുന്നത് വലിയ പ്രതീക്ഷയാണെന്ന് ചലച്ചിത്ര താരം മഞ്ജുവാര്യര്‍ പറഞ്ഞു. മൈക്രൊ ചെക്കിന്റെ ദി സര്‍വൈവല്‍ കാംപയിന്റെ ഭാഗമായി കാര്‍ഡും നടി ഭാവന അഭിനയിച്ച ദി സര്‍വൈവല്‍ ബോധവത്ക്കരണ ചിത്രവും പുറത്തിറക്കി സംസാരിക്കുകയായിരുന്നു മഞ്ജു വാര്യര്‍.
അര്‍ബുദ രോഗം പിടിച്ചു കുലുക്കിയ കുടുംബത്തിലെ അംഗമാണ് താനുമെന്നു പറഞ്ഞ മഞ്ജുവാര്യര്‍ മുഴുവന്‍ പേരും അര്‍ബുദ പരിശോധന നേരത്തെ തന്നെ നിര്‍വഹിക്കണമെന്നും ആവശ്യപ്പെട്ടു. തന്റെ ഹൃദയത്തോട് ഏറെയടുത്തു നില്‍ക്കുന്ന ഭാവന അഭിനയിച്ച ഹ്രസ്വചിത്രം പുറത്തിറക്കാനായതിലെ സന്തോഷവും പങ്കുവെച്ചു. അതിജീവനമെന്ന വാക്കുമായി ഏറെ അടുത്തുനില്‍ക്കുന്ന മുഹൂര്‍ത്തങ്ങളാണ് ഹ്രസ്വചിത്രത്തിലുള്ളതെന്നും അവര്‍ പറഞ്ഞു.
നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന അഭിനയ രംഗത്ത് സജീവമാകുന്നതിനോടൊപ്പം അതിജീവനത്തിന്റെ സാധ്യതകള്‍ മുന്‍നിര്‍ത്തിയുള്ള സ്ത്രീപക്ഷ ഹ്രസ്വചിത്രവുമായാണ് രംഗത്തെത്തുന്നത് എന്ന പ്രത്യേകതയും ദി സര്‍വൈവലിനുണ്ട്.
കേരളത്തില്‍ അര്‍ബുദം വര്‍ധിക്കുന്നത് തടയാന്‍ വീടുകളിലെത്തി പരിശോധന നടത്തുന്ന കാംപയിനാണ് ദി സര്‍വൈവല്‍. ആദ്യഘട്ടത്തില്‍ വനിതകള്‍ക്കിടയിലെ സ്തനാര്‍ബുദ പരിശോധനയും അതോടൊപ്പം സര്‍വൈക്കല്‍ കാന്‍സര്‍ സ്‌ക്രീനിംഗുമാണ് ദി സര്‍വൈവലില്‍ നടത്തുക. തുടര്‍ന്ന് ഭാവിയില്‍ മറ്റു അര്‍ബുദങ്ങളുടെ സ്‌ക്രീനിംഗുകളും മൈക്രോ ചെക്കിന്റെ ദി സര്‍വൈവല്‍ കാംപയിനില്‍ ഉള്‍പ്പെടും.
കേരളത്തിലുടനീളം വിദഗ്ധരായ വനിതാ ടെക്നീഷ്യന്‍മാര്‍ വീടുകളിലെത്തിയാണ് മൈക്രോ ചെക്കിന്റെ ദി സര്‍വൈവല്‍ കാംപയിനിന്റെ ഭാഗമായി ചുരുങ്ങിയ ചെലവില്‍ ലിക്വിഡ് ക്രിസ്റ്റല്‍ കോണ്‍ടാക്ട് തെര്‍മോഗ്രാഫി എന്ന നൂതന പരിശോധന നിര്‍വഹിക്കുക. മാമോഗ്രാമിന് തുല്യമായ 80 ശതമാനത്തിന് മുകളില്‍ കൃത്യമായ ഫലം ലഭിക്കുന്ന പരിശോധനയില്‍ നിര്‍മിതബുദ്ധി ഉപയോഗപ്പെടുത്തുന്ന നൂതന സാങ്കേതിക വിദ്യയാണ് ലിക്വിഡ് ക്രിസ്റ്റല്‍ കോണ്‍ടാക്ട് തെര്‍മോഗ്രഫി. മാമോഗ്രാം പോലെ റേഡിയോ തരംഗങ്ങള്‍ ഉപയോഗിക്കുന്നില്ല എന്നുള്ളത് ഈ സാങ്കേതിക വിദ്യയെ കൂടുതല്‍ വ്യത്യസ്തവും സുരക്ഷിതവുമാക്കുന്നുണ്ട്. പതിനഞ്ച് മിനുട്ടിനുള്ളില്‍ പരിശോധന പൂര്‍ത്തിയാകും.
വീടുകളിലെത്തി പരിശോധനകള്‍ നിര്‍വഹിക്കാന്‍ കേവലം 1500 രൂപ മാത്രം മതിയാകും എന്നതിനാല്‍ കൂടുതല്‍ പേരെ അസുഖത്തില്‍ നിന്ന് രക്ഷപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റേഡിയേഷനോ വേദനയോ ഉണ്ടാവില്ലെന്നതാണ് ലിക്വിഡ് ക്രിസ്റ്റല്‍ കോണ്‍ടാക്ട് തെര്‍മോഗ്രാഫിയുടെ പ്രധാന പ്രത്യേകത. മാത്രമല്ല അര്‍ബുദ രോഗവുമായി ബന്ധപ്പെട്ട മാസ് സ്‌ക്രീനിംഗിന് വളരെ അനുയോജ്യമായ സാങ്കേതിക രീതിയാണ് ഇത്.
വാര്‍ത്താ സമ്മേളനത്തില്‍ മഞ്ജുവാര്യരോടൊപ്പം ക്യാന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് സി ഇ ഒയും മാനേജിംഗ് ഡയറക്ടറുമായ ഡോ. സി കെ നൗഷാദ്, മൈക്രോചെക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. റഹീസ് അബ്ദുല്ല, സി ഒ ഒ ജെന്‍വര്‍ക്‌സ് സഹസ്ഥാപകന്‍ ബാലാജി, മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് ചെയര്‍മാന്‍ സുബൈര്‍ സി, കാന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് സി ഒ ഒ യും ഡയറക്ടറുമായ ദിനേഷ് കുമാര്‍, മൈക്രോഹെല്‍ത്ത് ലബോറട്ടറീസ് ഡയറക്ടര്‍മാരായ മനോജ്, ജമാല്‍ കെ പി, മുഹമ്മദ് അലി എം ആര്‍ എന്നിവര്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us