/sathyam/media/post_attachments/YPoB39EDu3aXCMWd4bA2.jpeg)
പെരുമ്പാവൂർ: മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേത്രിയും വയനാടൻ ആദിവാസി ഗോത്രഗായികയുമായ നാഞ്ചിയമ്മ ചേരാനല്ലൂർ ധർമ്മ പരിപാലനസഭയുടെ ഇടവൂർ ശ്രീശങ്കരനാരായണ ക്ഷേത്രത്തിൽ എത്തുന്നു. ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 1 വരെ വിപുലമായ ഗണേശോത്സവ പരിപാടികളാണ് ക്ഷേത്രത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ 9ന് വിളംബരഘോഷയാത്രാ പ്രയാണത്തോടെയാണ് തുടക്കം. വിനായക ചതുർത്ഥി ദിനത്തിൽ നിമഞ്ജനം ചെയ്യുന്നതിനായുള്ള 51 ഗണേശവിഗ്രഹങ്ങളാണ് കോയമ്പത്തൂരിൽ നിന്നും ക്ഷേത്രത്തിൽ എത്തിച്ചിരിക്കുന്നത്.
28ന് വൈകിട്ട് 4ന് ക്ഷേത്രത്തിലെത്തുന്ന നാഞ്ചിയമ്മയ്ക്ക് ഗംഭീര സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. 6.30ന് നടക്കുന്ന മാതൃവന്ദന മഹാസംഗമത്തിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി, അങ്കമാലി ഓപ്‌ഷൻസ് വെഡ്ഡിംഗ് കളക്ഷൻസ് മാനേജിംഗ് ഡയറക്ടർ ഷിഹാബ്, ക്ഷേത്രം മേൽശാന്തി ടി.വി. ഷിബു തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിൽ ഡി.പി. സഭയുടെ ഗണേശോത്സവഗാനമായ 'ഗണനാദം' സി.ഡി. യുടെ പ്രകാശനകർമ്മം നാഞ്ചിയമ്മ നിർവ്വഹിയ്ക്കും. മഞ്ജുള ഹർഷകുമാർ രചനയും വിനോദ് അനന്തൻ സംഗീതസംവിധാനവും ആലാപനവും ആഷ്‌ലിൻ സാസ ഓർക്കസ്ട്രേഷനും റെക്കോർഡിംഗും നിർവ്വഹിച്ചിരിക്കുന്നു. മൂന്നാം ദിവസമായ തിങ്കളാഴ്ച വൈകിട്ട് 6ന് സങ്കടഹര ഗണപതിപൂജ നടക്കും.
/sathyam/media/post_attachments/qAW46VJtZV9N6ijea597.jpeg)
ദീപാരാധനയ്ക്കുശേഷം നടക്കുന്ന സത്സംഗസമ്മേളനത്തിൽ ചാലക്കുടി എം.പി. ബെന്നി ബഹനാൻ, ഒക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി, ഇരിങ്ങാലക്കുട കാളിമലർകാവ് ക്ഷേത്രപാലകൻ ശിവദാസൻ എന്നിവർ പങ്കെടുക്കും. തുടർന്ന് കാളിമലർകാവ് ഭജനസംഘത്തിന്റെ ഭജനാമൃതം. ചൊവ്വാഴ്ച രാവിലെ 8 മുതൽ ഭാഗവതാചാര്യ മല്ലികാദേവി കോടനാട് നേതൃത്വം നൽകുന്ന ശ്രീഗണേശപുരാണപാരായണം ഉണ്ടായിരിക്കും. വൈകിട്ട് 5.30ന് ഋണമോചനഗണപതിപൂജ, മംഗളദീപസമർപ്പണം, ആചാര്യൻ പള്ളിയ്ക്കൽ സുനിൽജിയുടെ ആദ്ധ്യാത്മികപ്രഭാഷണം എന്നിവയുണ്ടാകും.
31ന് വിനായകചതുർത്ഥി നാളിൽ രാവിലെ 6 മുതൽ ലക്ഷമീവിനായക ഹവനം, ബാലഗണപതി പൂജ എന്നിവ നടക്കും. വൈകിട്ട് 7ന് ആട്ടക്കളം സ്വരലയ കലാവേദിയുടെ നാടൻ പാട്ടരങ്ങ്. സമാപന ദിവസമായ സെപ്റ്റംബർ 1ന് ഉച്ചയ്ക്ക് മഹാഅന്നദാനവുമുണ്ട്. വിഗ്രഹനിമഞ്ജനം കാലടി പൂർണ്ണാനദിയിലാണ് നടക്കുക. ഉച്ചയ്ക്ക് 2ന് ഇതോടനുബന്ധിച്ച് നടക്കുന്ന സമ്മേളനം ഗോവ ഗവർണ്ണർ അഡ്വ. പി. എസ്. ശ്രീധരൻപിള്ള നിർവ്വഹിയ്ക്കും. ചലച്ചിത്രനടൻ ഭരത് സുരേഷ്‌ഗോപി മുഖ്യാതിഥിയായിരിക്കും. ഇടവൂർ ഡി. പി. സഭയുടെ ഗണേശോത്സവ പുരസ്‌കാരങ്ങൾ ചടങ്ങിൽ അദ്ദേഹം സമ്മാനിയ്ക്കും.
/sathyam/media/post_attachments/UQpPnt7of2Jb9IwYgKPA.jpeg)
ഡോ. കെ. വി. ടോളിൻ - കർമ്മേന്ദ്ര പുരസ്‌കാരം, റോഹൻ പ്രസാദ് - ദീപ്തകീർത്തി പുരസ്‌കാരം, കെ. വി. അനിൽകുമാർ - സിദ്ധിവിനായക പുരസ്‌കാരം, കെ.വി. മോഹനൻ - യജ്ഞസപര്യ പുരസ്‌കാരം, അമ്മിണി കർണ്ണൻ - സേവാമൃത പുരസ്‌കാരം, പ്രകാശ് പറക്കാട്ട്, പ്രീതി പ്രകാശ് - ദമ്പതീപുരസ്‌കാരം, പി.വി. സന്തോഷ്, ഐഷ സന്തോഷ് - ഉമാമഹേശ്വര പുരസ്‌കാരം. വൈകിട്ട് 4ന് ഹോളിയുത്സവത്തെ അനുസ്മരിപ്പിക്കുന്ന വർണ്ണപ്പകിട്ടോടെ, വാദ്യഘോഷാദികളുടെ അകമ്പടിയോടെ നറുകണക്കിനു ഭക്തർപങ്കെടുക്കുന്ന നിമഞ്ജന ഘോഷയാത്ര ഇടവൂരിൽ നിന്നു പുറപ്പെടും. കാലടിയ്ക്കുസമീപം പൂർണ്ണാ നദിക്കരയിൽ നിമഞ്ജന പൂജകൾക്കുശേഷം 51 ഗണേശവിഗ്രഹങ്ങളും നിമഞ്ജനം ചെയ്യപ്പെടുമെന്ന് ഡി.പി. സഭ പ്രസിഡന്റ് കെ.കെ. കർണ്ണൻ നിറപറ, സെക്രട്ടറി കെ. സദാനന്ദൻ മാസ്റ്റർ, ജനറൽ കൺവീനർ ടി.എസ്. ബൈജു എന്നിവർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us