/sathyam/media/post_attachments/b12x3zMdY4ujNIJnvDyI.jpeg)
കാലടി: ചേരാനല്ലൂര്‍ ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം വക, ഇടവൂര്‍ ശ്രീശങ്കരനാരായണ ക്ഷേത്രത്തില്‍ 6 ദിവസം നീണ്ടുനില്‍ക്കുന്ന ഗണേശോത്സവപരിപാടികള്‍ക്ക് ശനിയാഴ്ച തുടക്കമായി. ഇതിന്‍റെ ഭാഗമായി രാവിലെ ആരംഭിച്ച രഥഘോഷയാത്രാപ്രയാണത്തിന് അദ്വൈതഭൂമിയില്‍ ഗംഭീരസ്വീകരണമാണ് ലഭിച്ചത്. ഇന്ന് വൈകിട്ട് 3.30 മണിയ്ക്ക്, മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ വയനാടന്‍ ആദിവാസി ഗോത്രഗായിക നാഞ്ചിയമ്മയും 5 മണിയ്ക്ക് ചലച്ചിത്രനടന്‍ സുരേഷ്ഗോപിയും ക്ഷേത്രത്തില്‍ വിശിഷ്ടാതിഥികളായി എത്തുന്നുണ്ട്. നാഞ്ചിയമ്മയുടെ സാന്നിധ്യത്തില്‍ നടക്കുന്ന മാതൃവന്ദനമഹാസംഗമത്തില്‍ പെരുമ്പാവൂര്‍ എം.എല്‍.എ. എല്‍ദോസ് കുന്നപ്പിള്ളി, അങ്കമാലി ഓപ്ഷന്‍സ് വെഡ്ഡിംഗ് കളക്ഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷിഹാബ് തുടങ്ങിയവര്‍ സംബന്ധിയ്ക്കും.
ചടങ്ങില്‍ ഡി.പി. സഭയുടെ ഗണേശോത്സവഗാനമായ 'ഗണനാദം' സി.ഡി. യുടെ പ്രകാശനകര്‍മ്മം നാഞ്ചിയമ്മ നിര്‍വ്വഹിയ്ക്കും. മഞ്ജുള ഹര്‍ഷകുമാര്‍ രചനയും വിനോദ് അനന്തന്‍ സംഗീതസംവിധാനവും ആലാപനവുംആഷ്ലിന്‍ സാസ ഓര്‍ക്കസ്ട്രേഷനും റെക്കോര്‍
ഡിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. ഇടവൂര്‍ ഡി.പി. സഭ ഏര്‍പ്പെടുത്തിയിരിക്കുന്ന ഗണേശോത്സവ പുരസ്കാരങ്ങള്‍ വേദിയില്‍ സുരേഷ്ഗോപി സമ്മാനിയ്ക്കും. ഡോ. കെ. വി. ടോളിന്‍ - കര്‍മ്മേന്ദ്ര പുരസ്കാരം, റോഹന്‍ പ്രസാദ് - ദീപ്തകീര്‍ത്തി പുരസ്കാരം, കെ. വി. അനില്‍കുമാര്‍ - സിദ്ധിവിനായക പുരസ്കാരം, കെ.വി. മോഹനന്‍ - യജ്ഞസപര്യ പുരസ്കാരം, അമ്മിണി കര്‍ണ്ണന്‍ - സേവാമൃത പുരസ്കാരം, പ്രകാശ് പറക്കാട്ട്, പ്രീതി പ്രകാശ് - ദമ്പതീപുരസ്കാരം, പി.വി. സന്തോഷ്, ഐഷ സന്തോഷ് - ഉമാമഹേശ്വര പുരസ്കാരം എന്നിങ്ങനെ ഏഴു പേരാണ് പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായിരിക്കുന്നത്. യു.ആര്‍.എഫ്. ലോക റെക്കോര്‍ഡ് നേടിയ ആശ്വാരൂഢ വിദ്യാര്‍ത്ഥി ദേവക് ബിനുവിനെയും ആദരിയ്ക്കും.
പ്രദേശത്തെ അറുപതു വയസ്സിനുമുകളില്‍ പ്രായമുള്ള തിരഞ്ഞെടുക്കപ്പെട്ട അമ്മമാരും ക്ഷേത്രസഹകാരികളായ സ്ത്രീജനങ്ങളുമടക്കം അഞ്ഞൂറോളം പേര്‍ക്ക് ചടങ്ങില്‍ ഓണക്കോടി സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മൂന്നാം ദിവസമായ തിങ്കളാഴ്ച വൈകിട്ട് 6ന് സങ്കടഹര ഗണപതിപൂജ നടക്കും. ദീപാരാധനയ്ക്കുശേഷം നടക്കുന്ന സത്സംഗസമ്മേളനത്തില്‍ ചാലക്കുടി എം.പി. ബെന്നി ബഹനാന്‍, ഒക്കല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് തോട്ടപ്പിള്ളി, ഇരിങ്ങാലക്കുട കാളിമലര്‍കാവ് ക്ഷേത്രപാലകന്‍ ശിവദാസന്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് കാളിമലര്‍കാവ് ഭജനസംഘത്തിന്‍റെ ഭജനാമൃതം. ചൊവ്വാഴ്ച രാവിലെ 8 മുതല്‍ ഭാഗവതാചാര്യ മല്ലികാദേവി കോടനാട് നേതൃത്വം നല്‍കുന്ന ശ്രീഗണേശപുരാണപാരായണം ഉണ്ടായിരിക്കും.
വൈകിട്ട് 5.30ന് ഋണമോചനഗണപതിപൂജ, മംഗളദീപസമര്‍പ്പണം, ആചാര്യന്‍ പള്ളിയ്ക്കല്‍ സുനില്‍ജിയുടെ ആദ്ധ്യാത്മികപ്രഭാഷണം എന്നിവയുണ്ടാകും. 31ന് വിനായകചതുര്‍ത്ഥി നാളില്‍ രാവിലെ 6 മുതല്‍ ലക്ഷമീ വിനായക ഹവനം, ബാലഗണപതി പൂജ എന്നിവ നടക്കും. വൈകിട്ട് 7ന് ആട്ടക്കളം സ്വരലയ കലാവേദിയുടെ നാടന്‍ പാട്ടരങ്ങ്. സമാപന ദിവസമായ സെപ്റ്റംബര്‍ 1ന് ഉച്ചയ്ക്ക് മഹാഅന്നദാനവുമുണ്ട്. വിഗ്രഹനിമഞ്ജനം കാലടി പൂര്‍ണ്ണാനദിയിലാണ് നടക്കുക. വിനായക ചതുര്‍ത്ഥി ദിനത്തില്‍ നിമഞ്ജനം ചെയ്യുന്നതിനായുള്ള 51 ഗണേശവിഗ്രഹങ്ങളാണ് കോയമ്പത്തൂരില്‍ നിന്നും ക്ഷേത്രത്തില്‍ എത്തിച്ചിരിക്കുന്നത്.
ഉച്ചയ്ക്ക് 2ന് ഇതോടനുബന്ധിച്ച് നടക്കുന്ന സമ്മേളനം ഗോവ ഗവര്‍ണ്ണര്‍ അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള നിര്‍വ്വഹിയ്ക്കും. വൈകിട്ട് 4ന് ഹോളിയുത്സവത്തെ അനുസ്മരിപ്പിക്കുന്ന വര്‍ണ്ണപ്പകിട്ടോടെ, വാദ്യഘേഷാദികളുടെ അകമ്പടിയോടെ നറുകണക്കിനു ഭക്തര്‍പങ്കെടുക്കുന്ന നിമഞ്ജന ഘോഷയാത്ര ഇടവൂരില്‍ നിന്നു പുറപ്പെടും. ഗണേശോത്സവപരിപാടികള്‍ക്ക് ഡി.പി. സഭ പ്രസിഡന്‍റ് കെ.കെ. കര്‍ണ്ണന്‍ (നിറപറ), സെക്രട്ടറി കെ. സദാനന്ദന്‍ മാസ്റ്റര്‍, ജനറല്‍ കണ്‍വീനര്‍ ടി.എസ്. ഷിബു എന്നിവര്‍ നേതൃത്വം നല്‍കും. കാലടിയ്ക്കുസമീപം പൂര്‍ണ്ണാ നദിക്കരയില്‍ നിമഞ്ജന പൂജകള്‍ക്കുശേഷം അമ്പത്തൊന്നു ഗണേശവിഗ്രഹങ്ങളും നിമഞ്ജനം ചെയ്യപ്പെടും. ക്ഷേത്രം മേല്‍ശാന്തി ടി.വി. ഷിബു വൈദിക കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിയ്ക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us