റേഷൻ കാർഡിന് റെസിഡൻഷ്യൽ സർട്ടിഫിക്കേറ്റ് നൽകാത്ത പഞ്ചായത്ത് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം : മനുഷ്യാവകാശ കമ്മീഷൻ

author-image
ജൂലി
Updated On
New Update

publive-image

തിരുവനന്തപുരം :- കാൻസർ രോഗിയായ ഭർത്താവിന്റെ ചികിത്സാ ആനുകൂല്യങ്ങൾക്കായി പുതിയ റേഷൻ കാർഡുണ്ടാക്കുന്നതിന് റെസിഡൻഷ്യൽ സർട്ടിഫിക്കേറ്റിന് അപേക്ഷ നൽകാനെത്തിയ വീട്ടമ്മയോട് അപമര്യാദയായി പെരുമാറുകയും അപേക്ഷ അകാരണമായി നിരസിക്കുകയും ചെയ്ത 3 പഞ്ചായത്ത് ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ ശിക്ഷണ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

Advertisment

ഇടവ ഗ്രാമപഞ്ചായത്തിലെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ പഞ്ചായത്ത് ഡയറക്ടർ നേരിട്ട് അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു.

ഇടവാ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഗോപകുമാർ, ഹെഡ് ക്ലാർക്ക് വിനോദ്കുമാർ, സെക്ഷൻ ക്ലാർക്ക് സലീന എന്നിവർ നടത്തിയ അധികാര ദുർവിനിയോഗം അന്വേഷിക്കാനാണ് കമ്മീഷൻ ഉത്തരവിട്ടത്. ഇടവ എ കെ ജി നഗർ സ്വദേശിനി എ. ബിനുമോൾ സമർപ്പിച്ച പരാതിയിലാണ് നടപടി.

2021 ഓഗസ്റ്റ് 9 ന് ഇടവാ പഞ്ചായത്ത് ഓഫീസിൽ പരാതിക്കാരി അപേക്ഷ നൽകിയതു മുതൽ ഉദ്യോഗസ്ഥരുടെ പീഡനം ആരംഭിച്ചതായി പരാതിയിൽ പറയുന്നു. പരാതിക്കാരിയോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഓഗസ്റ്റ് 31 ന് അപേക്ഷ നിരസിച്ചു. പരാതിക്കാരി താമസിക്കുന്ന കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കോടതി വ്യവഹാരത്തിലാണെന്ന ന്യായം പറഞ്ഞാണ് അപേക്ഷ നിരസിച്ചത്.

ഇടവാ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ടിട്ടും റെസിഡൻഷ്യൽ സർട്ടിഫിക്കേറ്റ് നൽകാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് സ്വന്തം നിലയിൽ നൽകിയ സാക്ഷ്യ പത്രത്തിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരി റേഷൻകാർഡിന് അപേക്ഷ നൽകി.

പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ അന്വേഷണം നടത്തി കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിച്ചു. പരാതിക്കാരി നൽകിയ അപേക്ഷയിൽ കെട്ടിട നമ്പറിൽ വ്യത്യാസമുണ്ടായിരുന്നതു കൊണ്ടാണ് സർട്ടിഫിക്കേറ്റ് നൽകാൻ കാലതാമസമുണ്ടായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ കെട്ടിട നമ്പറിൽ വ്യത്യാസമില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. വാർഡ് വിഭജനത്തിന് മുമ്പും ശേഷവുമുള്ള നമ്പറുകളാണിത്. തുടർന്ന് കമ്മീഷൻ 3 പഞ്ചായത്ത് ഉദ്യോഗസ്ഥരെയും കേട്ടു. എന്നാൽ ഉദ്യോഗസ്ഥരുടെ വാദങ്ങൾ കമ്മീഷൻ അംഗീകരിച്ചില്ല. പരാതിക്കാരിയുടെ വീടുമായി ബന്ധപ്പെട്ട കേസിൽ കോടതിവിധി പരാതിക്കാരിക്ക് അനുകൂലമാണ്. കേസിൽ അപ്പീൽ സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇടക്കാല ഉത്തരവ് നിലവിലില്ല. പഞ്ചായത്ത് പ്രസിഡന്റിന്റെ ഒuദാര്യം കാരണമാണ് പരാതിക്കാരിക്ക് റേഷൻകാർഡ് ലഭിച്ചത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുള്ളതായി കമ്മീഷൻ വിലയിരുത്തി. സമഗ്രമായ അന്വേഷണം ഇക്കാര്യത്തിൽ ആവശ്യമാണ്ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ഒക്ടോബർ 12 നകം പഞ്ചായത്ത് ഡയറക്ടർ കമ്മീഷനിൽ സമർപ്പിക്കണമെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. ഒക്ടോബർ 18 ന് കേസ് പരിഗണിക്കും.

Advertisment