ഓണാഘോഷം കൂടുതല്‍ മനോഹരമാക്കുന്ന വിനോദങ്ങളിലൊന്നാണ് തലപ്പന്തുകളി അഥവാ ഓണപ്പന്ത്. ഓലകൊണ്ട് മെടഞ്ഞുണ്ടാക്കിയ പന്താണ് തലപ്പന്തുകളിയില്‍ ഉപയോഗിക്കുന്നത്. ഒരു മരത്തിന്റെ കുറ്റിയോ കല്ലോ (ചൊട്ട) നിലത്ത് ഉറപ്പിച്ചിരിക്കും. ആകെയുള്ളവര്‍ രണ്ട് സംഘങ്ങളായി പിരിഞ്ഞ് ഒരു കൂട്ടര്‍ കളിക്കുകയും മറ്റേ കൂട്ടര്‍ കാക്കുകയും ചെയ്യുന്നു.
കുറ്റിയില്‍ നിന്ന് കുറച്ചകലത്തില്‍ നിന്നുകൊണ്ട് ഓലകൊണ്ടുണ്ടാക്കിയ പന്ത് ഒരു കൈകൊണ്ട് മുകളിലേക്കെറിഞ്ഞ് മറ്റേ കൈകൊണ്ട് പുറകോട്ട് തട്ടിതെറിപ്പിച്ചാണ് തുടക്കം. എറിയുന്ന പന്ത് നിലം തൊടാതിരിക്കുമ്പോൾ മറു ഭാഗക്കാർ പിടിച്ചെടുക്കുകയാണെങ്കിൽ കളിക്കാരന് കളി നഷ്ടപ്പെടും. പന്ത് നിലം കുത്തി വരുമ്പോൾ പിടിച്ചെടുത്തിട്ട് ചൊട്ടയിലെറിഞ്ഞു കൊള്ളിച്ചാലും അയാളുടെ കളി തീരും.
പന്ത് വീണിടത്ത് നിന്നെറിഞ്ഞ് നാട്ടിയിരിക്കുന്ന കോൽ തട്ടിത്തെറിപ്പിക്കാന്‍ സാധിച്ചാലും പന്ത് തട്ടിയ ആൾ കളിക്ക് പുറത്താകും. തലപന്ത്, ഒറ്റ, പെട്ട, പിടിച്ചാൻ, താളം, കാലിങ്കീഴ്, ഇണ്ടൻ, ചക്കരകൈ എന്നിങ്ങനെ വ്യത്യസ്തങ്ങളായ എട്ടിനങ്ങളും ഈ വിനോദത്തിലുണ്ട്.