/sathyam/media/post_attachments/rZxnOmcfe4isQk2wn8cz.jpeg)
പെരുമ്പാവൂർ: തിരുവിതാംകൂർ മഹാരാജ്യത്തിന്റെ കരുതലിൽ 1906-ൽ കുന്നത്തുനാട്ടിലെ പെരുമ്പാവൂർ അയ്മുറിയിലെ കുന്നിൻമുകളിൽ സ്ഥാപിതമായ ലോവർ പ്രൈമറി വിദ്യാലയം അന്നും ഇന്നും അനൗദ്യോഗികമായി അറിയപ്പെടുന്നത് 'കുന്നുമ്മേൽ സ്‌കൂൾ' എന്നു തന്നെ. ശതോത്തര പൂർണ്ണിമയുടെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയം പഴയ ചേരാനല്ലൂർ വില്ലേജിലെ ആദ്യത്തെ സ്‌കൂളായതിനാൽ ഔദ്യോഗികരേഖകളിൽ ഇത്, ചേരാനല്ലൂർ ഗവണ്മെന്റ് സ്‌കൂളാണ്. 115 ആണ്ടുകൾ പിന്നിട്ട ചരിത്രത്തിൽ ജനകീയ സർക്കാരുകളുടെ ഇടപെടലുകളിൽ ഹയർസെക്കന്ററി തലത്തിലേയ്ക്ക് സ്‌കൂൾ ഉയർന്നു. 480-തോളംവിദ്യാർത്ഥികളുമായി അടിസ്ഥാനസൗകര്യങ്ങളോടെ പ്രവർത്തിച്ചു വരുമ്പോഴും പഴയകാല വിദ്യാർത്ഥികളുടെ
മനസ്സിൽ ഗൃഹാതുരതയുണർത്തുന്ന കെട്ടിടങ്ങളൊന്നും തന്നെ പൊളിച്ചു നീക്കാതെയാണ് ഇവിടെ വികസനങ്ങൾകൊണ്ടുവന്നത് എന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി 1988 മുതൽ 92 വരെയുള്ള ഈ സ്‌കൂളിലെ പഴയകാല വിദ്യാർത്ഥികളുടെ ഒരു കൂട്ടായ്മ 'ഒന്നാനാം കുന്നുമ്മേൽ' എന്ന പേരിൽ സ്‌കൂളിന്റെ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്നുണ്ട്. വാട്ട്സ് ആപ്പിലൂടെ സൗഹൃദത്തിനായി തുടങ്ങിയ കൂട്ടായ്മ വിവിധ കാലയളവിൽ ഇവിടെ പഠിപ്പിച്ച അധ്യാപകരെ ആദരിച്ചുകൊണ്ടാണ് തുടക്കമിട്ടത്. കക്ഷി, രാഷ്ട്രീയത്തിനതീതമായ ആ ഒത്തുചേരലിൽ നിന്നും രൂപം കൊണ്ട ആശയമാണ് 'കരുതൽ-2022' എന്ന പരിപാടി. ജീവകാരുണ്യ
നിധിയുടെ ധനശേഖരണാർത്ഥം സെപ്തംബർ 11 ഞായറാഴ്ച വൈകിട്ട് സ്‌കൂൾ മൈതാനത്തു വച്ചു നടക്കുന്ന പൊതുസമ്മേളനത്തിന്റെ ഉദ്‌ഘാടനം മുൻ ജയിൽ ഡിജിപി ഋഷിരാജ് സിംഗ് ഉദ്‌ഘാടനം ചെയ്യും.
/sathyam/media/post_attachments/ZLZycV1uIjOi0h044ND0.jpeg)
സ്‌കൂളിലെ ഉന്നത വിജയം നേടിയ കുട്ടികളെയും പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയിലെ അംഗങ്ങളുടെ കുട്ടികളെയും ചടങ്ങിൽ ആദരിക്കും. കൂടാതെ ചലച്ചിത്ര തിരക്കഥാകൃത്ത് ദേവദത്ത് ഷാജി, പൂർവ്വവിദ്യാർത്ഥികളായ മെൽവിൻ ജോസ് (സംസ്ഥാന ചലച്ചിത്ര
അവാർഡ് ജേതാവ് - വസ്ത്രാലങ്കാരം), ഷിയാസ് കരീം (ബിഗ്‌ബോസ് താരം, മോഡൽ), കർഷകശ്രീ അവാർഡ് ജേത്രി ഷീജ സുശീലൻ തുടങ്ങിയവർ ആദരമേറ്റുവാങ്ങും. പി.പി. ഡേവിസ് ചെയർമാനായും സി.വി. പൗലോസ് പ്രസിഡന്റായും 25 അംഗ കമ്മിറ്റി പരിപാടികൾക്ക് നേതൃത്വം നൽകും.
കൂവപ്പടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു, എറണാകുളം ജില്ലാ പഞ്ചായത്ത് മെമ്പർ മനോജ് മൂത്തേടൻ, ഹയർ സെക്കന്ററി വിഭാഗം പ്രിൻസിപ്പൽ എസ്.കെ. മാലിനി, സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് പി.പി. ബിന്ദു, വാർഡ് മെമ്പർമാരായ എം.ഒ. ജോസ്, എം.വി. സാജു
(കൂവപ്പടി) സാബു മൂലൻ (ഒക്കൽ) പി.ടി.എ. പ്രസിഡന്റ് ചാർളി തോമസ് രക്ഷാധികായയും മുൻ ഹെഡ്മിസ്ട്രസ്സുമായ അംബിക ടീച്ചർ, റസാക്ക് ജാക്കി എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കും. ധനശേഖരണാർത്ഥം വൈകിട്ട് 7 മുതൽ ആലപ്പുഴ ഭീമ ബ്ലൂഡയമണ്ട് ഓർക്കെസ്ട്രയുടെ ഗാനമേളയുണ്ടാകും. പാസ്സ് മൂലമാണ് പ്രവേശനം അനുവദിക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us