ഒത്തു തീര്‍പ്പിനോട് കൊല്ലത്തെ അഭിഭാഷകര്‍ക്ക് യോചിപ്പില്ല, കോടതി ബഹിഷ്‌കരണ സമരം ശക്തമാക്കും; സമൂഹമാധ്യമങ്ങളിൽ ഇരുവിഭാഗവും പോസ്റ്റിട്ട് യുദ്ധം തുടരുന്നു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം: അഭിഭാഷക മര്‍ദ്ദനത്തിലെ ഒത്തു തീര്‍പ്പിനോട് കൊല്ലത്തെ അഭിഭാഷകര്‍ക്ക് യോചിപ്പ് ഇല്ല. കോടതി ബഹിഷ്‌കരണ സമരം ശക്തമായി തുടരും. കുറ്റാരോപിതനായ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡു ചെയ്യുംവരെ സമരത്തില്‍നിന്നും പിന്മാറ്റമില്ലെന്ന് ജനറല്‍ ബോഡിയോഗം തീരുമാനിച്ചു. ഒരു സംഘം അഭിഭാഷകര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി ശശിയുമായി കണ്ട് ആണ് ഉദ്യോഗസ്ഥനെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തുമെന്ന തീരുമാനം പ്രഖ്യാപിച്ചത്. മാറ്റി നിര്‍ത്തി എന്നത് സര്‍വീസില്‍നിന്നുംമാറ്റി നിര്‍ത്തി എന്ന് തെറ്റിദ്ധരിക്കപ്പെട്ടു. എന്നാല്‍ ഈ ഉദ്യോഗസ്ഥനെ പങ്കെടുപ്പിക്കാതെ ഡി ഐജി നിശാന്തിനി നടത്തുന്ന അന്വേഷണം എന്നുമാത്രമാണ് അതിന് അര്‍ത്ഥം എന്നത് വലിയ ചര്‍ച്ചക്ക് ഇടയാക്കി.

Advertisment

ഇതുമായി ബന്ധപ്പെട്ട് കൊല്ലം ബാര്‍ അസോസിയേഷന്‍ അടിയന്തര ജനറല്‍ ബോഡി ചേര്‍ന്നു. കുറ്റാരോപിതനായ പോലീസ് ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്നും ‘സസ്‌പെന്റ്’ ചെയ്ത് അന്വേഷണം പ്രഖ്യാപിക്കുന്നതു വരെ കൊല്ലം ജില്ലാ ആസ്ഥാനത്തെ കോടതികളുടെ ബഹിഷ്‌കരണസമരം തുടരുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. ജനറല്‍ ബോഡിയുടെ അറിവില്ലാതെ കോടതി ബഹിഷ്കരണം പിന്‍വലിച്ചതായി തീരുമാനം വാര്‍ത്താ മാധ്യമങ്ങളിലൂടെ വന്നത് വലിയ ഒച്ചപ്പാടായി. ഇതിനിടെ ഇന്ന് ജില്ലയിലെ കരുനാഗപ്പള്ളി ചവറ ഉള്‍പ്പെടെയുള്ള വിവിധ കോടതികളില്‍ അഭിഭാഷകര്‍ ഹാജരായി.

കൊല്ലം ബാറിലെ അഭിഭാഷകൻ പനമ്പിൽ എസ്ജയകുമാറിനെ കരുനാഗപ്പള്ളി പോലീസ് ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് അഭിഭാഷകർ കോടതി ബഹിഷ്കരണസമരം ആരംഭിച്ചത്. സമരത്തിനിടെ കൊല്ലത്ത് പൊലീസുകാരുടെ ജീപ്പ് അഭിഭാഷകര്‍ തകര്‍ത്തിരുന്നു. മദ്യപിച്ച നിലയില്‍ കസ്റ്റഡിയിലെടുത്ത ജയകുമാറിനെ സ്റ്റേഷനിലെത്തിച്ച് സിഐ ഗോപകുമാറിന്‍റെ നേതൃത്വത്തില്‍ ഒരുസംഘം പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ആരോപണം.

അതിനിടെ സമൂഹമാധ്യമങ്ങളിലൂടെ ഇരുവിഭാഗവും പോസ്റ്റിട്ട് യുദ്ധം തുടരുന്നുണ്ട്. മര്‍ദ്ദനമേറ്റ് പുറവും കരണവും മറ്റും കരുവാളിച്ച നിലയില്‍ അഭിഭാഷകന്‍റെ ചിത്രങ്ങള്‍ വക്കീലന്മാര്‍ പുറത്തുവിട്ടതോടെ മദ്യപിച്ച് അസഭ്യവര്‍ഷത്തോടെ ലോക്കപ്പില്‍ ബഹളം വയ്ക്കുന്ന അഭിഭാഷകന്‍റെ വിഡിയോ പൊലീസുകാര്‍ പുറത്തേക്ക് വിട്ടിട്ടുണ്ട്.

Advertisment