കേരള ഗവർണർ ആർഎസ്എസിന്റെ കൂലിക്കാരൻ ആകുന്നു : വെൽഫെയർ പാർട്ടി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: ഇരിക്കുന്ന സ്ഥാനത്തിന്റെ അന്തസ് പുലർത്താനാകാത്ത കേരള ഗവർണർ ആർഎസ്എസിന്റെ കൂലിക്കാരനാണെന്ന വസ്തുത കൂടുതൽ വ്യക്തമായിരിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ഇന്നത്തെ വാർത്താ സമ്മേളനത്തിലൂടെ അദ്ദേഹം കൂടുതൽ അപഹാസ്യനായി മാറുകയാണ് ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസം ആർഎസ്എസ് മേധാവിയെ സ്വകാര്യ സ്ഥലത്ത് പോയി കണ്ട് എന്ത് ഉപദേശമാണ് നേടിയതെന്ന് കൂടി പൊതു സമൂഹത്തോട് വ്യക്തമാക്കാൻ ആരിഫ് മുഹമ്മദ് ഖാന് ബാധ്യതയുണ്ട്.

Advertisment

സർവ്വകലാശാല വി.സി നിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടുവെന്നും അതിനായി സമ്മർദ്ദം ചെലുത്തിയെന്നും ഗവർണർ പറയുന്നത് കേരള മുഖ്യമന്ത്രിയും ഗവർണ്ണറും തമ്മിൽ പല കാര്യങ്ങളും സെറ്റിൽ ചെയ്യുന്നു എന്ന് വ്യക്തമാക്കുന്നതാണ്. പൗരത്വ നിയമത്തെ അനുകൂലിക്കുന്ന വിഷയത്തെ മുൻ നിർത്തി 3 വർഷം മുമ്പ് കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസിലെ ഡെലിഗേറ്റുകൾ പ്രതിഷേധിച്ചത് വധശ്രമമായിരുന്നു എന്ന ഗവർണ്ണറുടെ നിലപാട് പരിഹാസ്യമാണ്. ഇപ്പോൾ സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ നടക്കുന്ന തർക്കങ്ങൾ വെറും കള്ളനും പോലീസും കളി മാത്രമാണ്.

ലോകായുക്ത ബില്ലും സർവ്വകലാശാല ബില്ലും ഒപ്പിടില്ലെന്ന് പറയുന്ന ഗവർണർ അധികം വൈകാതെ പിണറായി സർക്കാരുമായി ഇടനിലക്കാർ വഴി സെറ്റിൽമെന്റിലെത്തുമെന്ന് മുൻകാല അനുഭവങ്ങളിലൂടെ മനസ്സിലാക്കാനാവും. ലോകായുക്ത ഓർഡിനൻസ് ഒപ്പിടില്ല എന്ന് വാശിപിടിച്ച സമയത്ത് പുതിയ ബെൻസ് കാർ നൽകിയും ആർ.എസ്.എസ് നേതാവിനെ പേഴ്സണൽ സ്റ്റാഫായി അനുവദിച്ചും സർക്കാർ ഗവർണറെ വഴക്കിയത് മറക്കാൻ സമയമായിട്ടില്ല.

സംസ്ഥാനത്തിന്റെ ഭരണഘടന തലവനാണ് ഗവർണർ എന്ന സങ്കല്പത്തിന്റെ അന്തസാണ് കേരളാ ഗവർണർ കെടുത്തുന്നത്. ഭരണകക്ഷിക്ക് ബാധ്യതയായ നേതാക്കളെ കുടിയിരുത്താനുള്ള താവളം മാത്രമായി ഗവർണർ പദവി ചുരുങ്ങിപ്പോയിരിക്കുന്നു. ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാൻ യൂണിയൻ സർക്കാരിന്റെ ചട്ടുകമായി മാറുന്ന ഗവർണർ പദവിയുടെ സാധുത ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment