/sathyam/media/post_attachments/7KNuCcLCCxmYOYx0Kh7D.jpeg)
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ തലമുതിർന്ന കൃഷ്ണനാട്ടം ആശാൻ ചേർത്തല തുറവൂർ കെ. സുകുമാരനാശാന്റെ കളിയോഗ ജീവിതം ലഘു ജീവചരിത്രനോവലായി രചിക്കപ്പെടുന്നു. കൃഷ്ണനാട്ടത്തിലെ ഈ മുതിർന്ന കാരണവരെ അക്ഷരത്താളുകളിലേയ്ക്ക് പകർത്തുന്നത് മുതിർന്ന പത്രപ്രവർത്തകൻ ജയപ്രകാശ് കേശവനാണ്. കദളീനിവേദ്യം എന്ന് പേരിട്ട പുസ്തകത്തിന്റെ കവർ പ്രകാശനം ഗുരുവായൂരിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നിർവ്വഹിച്ചു.
ശ്രീവത്സം ഗസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച ചടങ്ങിൽ കഥാകരൻ ജയപ്രകാശ് കേശവൻ, തൃശ്ശൂർ കറന്റ് ബുക്സ് പബ്ലിഷിംഗ് മാനേജർ കെ.ജെ. ജോണി, സുകുമാരൻ ആശാൻ, സംവിധായകൻ ദേവരാജൻ, കേന്ദ്ര സെൻസർ ബോർഡ് അംഗം രാജൻ തറയിൽ, നാലപ്പാടൻ സ്മാരക സാംസ്കാരിക സമിതി സെക്രട്ടറി ടി. കൃഷ്ണദാസ്, മാടമ്പ് കുഞ്ഞുക്കുട്ടൻ സുഹൃത്ത് സമിതി സെക്രട്ടറി ശ്രീകുമാർ ഇഴുവപ്പാടി, ദൃശ്യ ഗുരുവായൂരിന്റെ ഭാരവാഹികളായ ആർ. രവികുമാർ, കെ.കെ. ഗോവിന്ദദാസ്, അജിത്കുമാർ ഇഴുവപ്പാടി, ജി.കെ. പ്രകാശൻ, എം. ആനന്ദ്, ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് കെ.കെ. അനീഷ്കുമാർ, പക്ഷി നിരീക്ഷകൻ സി.പി. സേതുമാധവൻ എന്നിവർ സംബന്ധിച്ചു.
ഒക്ടോബർ 8 വൈകീട്ട് 4ന് ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ വെച്ച് മലയാളത്തിന്റെ കഥാകാരൻ സി. രാധാകൃഷ്ണൻ പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിക്കും. കൃഷ്ണനാട്ടം എന്ന കലാരൂപം ഏറെക്കുറെ അന്യമായിരുന്ന നാട്ടിൽ നിന്നും ഗുരുവായൂരിലെത്തിപ്പെട്ടയാളാണ് സുകുമാരൻ ആശാൻ. തന്റെ അമ്മയുടെ നാലു മക്കളിൽ മൂന്നുപേരും ചെറുപ്പത്തിലേ മരിച്ചുപോയപ്പോൾ ആ അമ്മ ഒരു മകനെയെങ്കിലും ജീവനോടെ കിട്ടാനുള്ള ആഗ്രഹത്തിൽ ഏഴു വയസ്സുള്ള സുകുമാരനെ ഗുരുവായൂരപ്പന് നടതള്ളുകയായിരുന്നുവത്രെ. അങ്ങനെ അന്നത്തെ കളിയോഗം ആശാനായിരുന്ന അഴകുമരത്ത് ഗോപാലൻ നായർ ആശാൻ സുകുമാരനെ കാണുകയും ഒരു വർഷം അദ്ദേഹത്തോടൊപ്പം താമസിപ്പിക്കുകയും ചെയ്തു. പത്തുവർഷം നീണ്ട കഠിന പരിശീലനത്തിലൂടെയായിരുന്നു ആശാന്റെ ഉയർച്ച. 2015-ൽ അദ്ദേഹത്തിന് കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ് ലഭിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us