സെപ്തംബർ 28, ഇന്ന് ലോക റാബിസ് ദിനം. ലോകത്തിലെ ഏറ്റവും മാരകമായ പകർച്ചവ്യാധിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ലോകമെമ്പാടുമുള്ള പ്രതിരോധവും നിയന്ത്രണ പ്രവർത്തനങ്ങളും വർദ്ധിപ്പിക്കുന്നതിന് പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരുന്നതിനുമായി 2007-ൽ ആരംഭിച്ച ആഗോള ആരോഗ്യ ആചരണമാണ് ലോക റാബിസ് ദിനം.
പേവിഷബാധ 100% തടയാവുന്ന രോഗമാണെങ്കിലും, ലോകമെമ്പാടുമുള്ള ഏകദേശം 60,000 ആളുകൾ ഓരോ വർഷവും ഈ രോഗം മൂലം മരിക്കുന്നു. ഈ മാരകമായ രോഗത്തെ നിയന്ത്രിക്കാനുള്ള നമ്മുടെ ശ്രമങ്ങളെ പ്രതിഫലിപ്പിക്കാനും പേവിഷബാധയ്‌ക്കെതിരായ പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ലെന്ന് സ്വയം ഓർമ്മിപ്പിക്കാനുമുള്ള അവസരമാണ് ലോക പേവിഷ ദിനം.
തെരുവുനായയുടെ ആക്രമണം കാരണം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ഇത്തവണത്തെ റേബീസ് ദിനം വരുന്നത്. മഹാനായ ശാസ്ത്രജ്ഞൻ ലൂയിസ് പാസ്റ്ററുടെ ചരമദിനം കൂടിയാണ് സെപ്റ്റംബർ 28. അദ്ദേഹത്തിന്റെ നിരവധി കണ്ടുപിടിത്തങ്ങളിൽ, പൊതുസമൂഹം ഏറ്റവും കടപ്പെട്ടിരിക്കുന്നത് പേവിഷബാധയ്ക്കെതിരായ വാക്സിൻ സംബന്ധിച്ച കണ്ടുപിടിത്തമാണ്.
എന്താണ് റേബീസ് ?
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് രോഗാണുബാധയാണ് റേബീസ് അഥവാ പേവിഷബാധ. കടിയേറ്റ ഭാഗത്തുനിന്നും ഈ വൈറസ് നാഡീ ഞരമ്പുകളെ ബാധിച്ച് തലച്ചോറിൽ എത്തുന്നു.
എല്ലാ ഉഷ്ണരക്ത ജീവികളെയും ഈ രോഗം ബാധിക്കാം. രോഗാണുക്കൾ ശരീരത്തിൽ കടന്നതിനു ശേഷം രോഗലക്ഷണങ്ങൾ കാണിക്കുന്നത് വരെയുള്ള കാലത്തെ ഇൻകുബേഷൻ പീരീഡ് എന്നാണ് പറയുക.
മുറിവിനും മസ്തിഷ്കത്തിനും ഇടയിലുള്ള ഉള്ള ദൂരം കുറയുന്നതിനനുസരിച്ച് ഇൻകുബേഷൻ കാലം കുറഞ്ഞിരിക്കും. ഇത് ദിവസങ്ങൾ മുതൽ മാസങ്ങൾ വരെ നീണ്ടുനിൽക്കാം.
നായ്ക്കളിൽ രോഗലക്ഷണങ്ങൾ പ്രധാനമായും രണ്ട് തരത്തിലാണ് കാണപ്പെടുന്നത്. ക്രൂര രൂപവും, മൂകരൂപവും എന്നീ തരത്ത. രോഗം ബാധിച്ച നായ്ക്കൾ ഇരുണ്ട മൂലകളിൽ ഒളിച്ചു നിൽക്കുകയും ശബ്ദം വെളിച്ചം എന്നിവയെ ഭയപ്പെടുകയും ചെയ്യുന്നു.
സാങ്കൽപ്പിക വസ്തുക്കളെ കടിക്കുകയും മരം ,കല്ല് കാഷ്ഠം എന്നിവ തിന്നുകയും ചെയ്യുന്നതായും കാണാം. തുടർന്ന് ഇവ അലഞ്ഞുനടക്കുകയും മനുഷ്യരെയും മൃഗങ്ങളെയും ആക്രമിക്കുകയും ചെയ്യുന്നു.
പേവിഷബാധയേറ്റ നായ്ക്കൾ കുരയ്ക്കാതെ കടിക്കുന്നു. ഇവയിൽ ഉമിനീരൊലിപ്പിക്കൽ ധാരാളമായി കാണാം. കഴുത്തിലെയും താടിയിലെയും മാംസപേശികൾക്ക് തളർച്ച ബാധിക്കുന്നതിനാൽ വെള്ളവും ഭക്ഷണസാധനങ്ങളും ഇറക്കാൻ വിഷമം നേരിടുന്നു.
കുരയ്ക്കുന്ന ശബ്ദത്തിനും വ്യത്യാസമുണ്ടാകും. കണ്ണുകൾ ചുവന്നിരിക്കും. ക്രമേണ തളർച്ച ബാധിച്ച് മൃഗങ്ങൾ ചത്തു പോകുന്നു. മൂകരൂപത്തിൽ തളർച്ചയും ഉറക്കവുമാണ് പ്രധാന ലക്ഷണങ്ങൾ.
കടിയേറ്റാൽ ചെയ്യേണ്ടത്…
ലോകാരോഗ്യസംഘടനയുടെ നിരീക്ഷണപ്രകാരം ഓരോ പത്ത് മിനിറ്റിലും ലോകത്ത് ഒരാളുടെയെങ്കിലും ജീവനെടുക്കുന്ന അതിമാരകമായ ജന്തുജന്യരോഗമാണ് പേവിഷബാധയ്ക്ക് കാരണം.
പേവിഷബാധയേറ്റ മൃഗത്തിൻറെ കടിയേറ്റാൽ ആദ്യം ചെയ്യേണ്ടത് കടിയേറ്റ ഭാഗം നന്നായി കഴുകി വൃത്തിയാക്കുക എന്നതാണ്. 15 മിനിറ്റോളം മുറിവ് കഴുകണം. സോപ്പ് ഉപയോഗിച്ചു വേണം മുറിവ് കഴുകാൻ. ആന്റി ബാക്ടീരിയൽ സോപ്പ് തന്നെ വേണമെന്നില്ല. കുളി സോപ്പ് ആണെങ്കിലും മതി.
ചെറുതായി മാന്തിയതാണെങ്കിലും കഴുകണം. മുറിവ് നന്നായി കഴുകുന്നത് അണുക്കളെ പുറത്തുകളയാൻ സഹായിക്കും. രക്തം ഒലിയ്ക്കുന്നുണ്ടെങ്കിൽ മുറിവിന് മുകളിൽ ഒരു തുണി കെട്ടി വയ്ക്കുക. മുറിവിന് മുകളിൽ കെട്ടേണ്ടതില്ല.
പേവിഷബാധയേറ്റ നായ കടിച്ചാൽ വാക്‌സിനെടുക്കുക ഏറെ പ്രധാനമാണ്. ഇമ്യൂണോഗ്ലോബിൻ കുത്തിവയ്പ്പാണ് ഇതിനായി എടുക്കുന്നത്. വളർത്തു നായ്ക്കളെങ്കിൽപ്പോലും ചെറിയ കടിയാണെങ്കിലും അവഗണിക്കരുത്. എത്രയും പെട്ടെന്ന് വൈദ്യ സഹായം തേടുക. വീട്ടിലെ നായ്ക്കൾക്ക് പേവിഷബാധയില്ലെന്ന് ഉറപ്പും വരുത്തേണ്ടതും പ്രധാനമാണെന്ന് വിദഗ്ധർ പറയുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…
മൃഗങ്ങൾ കടിച്ചാൽ എത്ര ചെറിയ മുറിവാണെങ്കിലും അവഗണിക്കരുത്.
പ്രഥമ ശുശ്രൂഷയ്ക്കും വാക്‌സിനേഷനും അതീവ പ്രധാന്യം. കടിയേറ്റ ഭാഗം എത്രയും വേഗം സോപ്പും വെള്ളവുമുപയോഗിച്ച് 15 മിനിറ്റോളം നന്നായി കഴുകുക.
എത്രയും വേഗം ആശുപത്രിയിലെത്തിച്ച് വാക്‌സിനെടുക്കുക.
മുറിവിന്റെ തീവ്രതയനുസരിച്ച് ആന്റി റാബിസ് വാക്‌സിനും (ഐ.ഡി.ആർ.വി.) ഇമ്മ്യൂണോഗ്ലോബുലിനുമാണ് എടുക്കുന്നത്.
കൃത്യമായ ഇടവേളയിൽ വാക്‌സിൻ എടുത്തെന്ന് ഉറപ്പ് വരുത്തണം.
കടിയേറ്റ ദിവസവും തുടർന്ന് 3, 7, 28 എന്നീ ദിവസങ്ങളിലും വാക്‌സിൻ എടുക്കണം.
വാക്‌സിനെടുത്ത് കഴിഞ്ഞും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനെ ചികിത്സ തേടുക.
വീടുകളിൽ വളർത്തുന്ന നായകൾക്ക് വാക്‌സിനേഷൻ ഉറപ്പ് വരുത്തുക.