പുൽപ്പള്ളി പാലമൂല വീണ്ടും കടുവയുടെ സാന്നിധ്യം ; നാട്ടുകാർ ഭീതിയിൽ

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

publive-image

പുൽപ്പള്ളി: പുൽപ്പള്ളി ടൗണിനോട് ചേർന്നുള്ള ആറാം വാർഡ് പാലമൂലയിലെ വിവിധ ഭാഗങ്ങളിൽ വീണ്ടും കടുവയുടെ സാന്നിധ്യം. ബുധൻ രാത്രി താന്നിത്തെരുവ്, പഴശിരാജാ കോളേജ്, ചേപ്പില ഭാഗങ്ങളിൽ കടുവയെ കണ്ടതായി ഇരുചക്രവാഹന യാത്രക്കാർ പറഞ്ഞു. വ്യാഴം രാവിലെ ഏരിയപള്ളിയിലെ കൃഷിയിടത്തിൽ എത്തിയ കണ്ണംപള്ളി ഷാജി എന്നയാൾ പറമ്പിലെ കുറ്റിക്കാടുകൾക്കിടയിൽ കടുവയെ കണ്ടതായി പറഞ്ഞു.

Advertisment

സംഭവമറിഞ്ഞ്‌ പഞ്ചായത്ത്‌ അധികൃതർ വനപാലകരെ വിവരമറിയച്ചു. വ്യാഴം ഉച്ചക്കുശേഷം ചെതലയം റെയ്‌ഞ്ച് ഓഫീസർ എ പി അബ്‌ദുൾ സമദ്, ഡെപ്യൂട്ടി റെയ്‌ഞ്ചർമാരായ കെ യു മണികണ്ഠൻ, അനിൽ കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ദൗത്യസംഘം കൃഷിയിടങ്ങളിൽ -പരിശോധന നടത്തി. കടുവയെ ഉൾക്കാട്ടിലേക്ക്‌ ഓടിക്കാൻ വനംവകുപ്പ്‌ നടപടി ആരംഭിച്ചു. കടുവാഭീതിയെ തുടർന്ന് പുൽപ്പള്ളിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴം ഉച്ചകഴിഞ്ഞ് അവധി നൽകി. കൃഷിയിടങ്ങളിലെ തൊഴിലുറപ്പ് ജോലികളും നിർത്തി. വീടിനുപുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന്‌ വനംവകുപ്പ്‌ അധികൃതർ പറഞ്ഞു.

കഴിഞ്ഞ മാസവും പാലമൂലയിൽ കടുവ നാട്ടിലിറങ്ങിയിരുന്നു. തുടർന്ന്‌ വനംവകുപ്പ്‌ ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പാലമൂലയിൽ കാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചിത്രം പതിഞ്ഞിട്ടില്ല. പത്ത്‌ കിലോമീറ്റർ അകലെയുള്ള കർണാടക വനത്തിൽനിന്ന്‌ കൃഷിയിടങ്ങളിലൂടെയാണ്‌ കടുവ എത്തുന്നതെന്ന്‌ നാട്ടുകാർ പറയുന്നത്‌. രാവിലെ പാൽ അളക്കാൻ പോകുന്ന ക്ഷീരകർഷകരും മറ്റു തൊഴിലാളികളും വിദ്യാർഥികളും ഭീതിയിലാണ്‌.

Advertisment