ഭാരത് ജോഡോ യാത്രയ്ക്കിടെ ‘പേ സിഎം’ ടി ഷർട്ട് ധരിച്ചെത്തിയ കോൺഗ്രസ് പ്രവർത്തകന് പൊലീസ് മർദ്ദനം: അറസ്റ്റ്

New Update

publive-image

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെ ‘പേ സിഎം’ ടി ഷർട്ട് ധരിച്ചെത്തിയ കോൺഗ്രസ് പ്രവർത്തകനെ പൊലീസ് മർദ്ദിച്ചു. ഇയാൾക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തതായി കോൺഗ്രസ് ആരോപിക്കുന്നു. ഭാരത് ജോഡോ യാത്ര പര്യടനം നടത്തുന്ന സംസ്ഥാനങ്ങളിൽ ബിജെപി ഭരിക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കർണാടക.

Advertisment

കർണാടകയിൽ യാത്ര തുടരുന്നതിനിടെ കോൺഗ്രസ് പ്രവർത്തകനായ അക്ഷയ്കുമാർ പേ സിഎം കാമ്പയിന്റെ ഭാഗമായി പുറത്തുവന്ന, ക്യൂ ആർ കോഡ് മാതൃക പതിച്ച ടീ ഷർട്ടായിരുന്നു ധരിച്ചിരുന്നത്. ക്യൂ ആർ കോഡുള്ള പേ സിഎം പോസ്റ്ററും കൊടിയും പിടിച്ച് കാംപയിൻ അടങ്ങുന്ന ടീഷർട്ടും ധരിച്ചായിരുന്നു അക്ഷയ് യാത്രയെ എതിരേറ്റത്.

ഇതോടെയായിരുന്നു പൊലീസ് ഇടപെട്ടത്. ടീഷർട്ട് അഴിച്ചുമാറ്റുകയും ഇയാളെ പൊലീസ് മർദ്ദിക്കുകയും ചെയ്തെന്നാണ് കോൺഗ്രസ് ആരോപണം. അക്ഷയിയെ പൊലീസ് പിന്നിൽ നിന്ന് ഇടിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ‘പേസിഎം’ ടീ ഷർട്ട് ധരിച്ച ഞങ്ങളുടെ പ്രവർത്തകനു നേരെയുള്ള അതിക്രമങ്ങൾ അപലപനീയമാണെന്ന് കർണാടക കോൺഗ്രസ് ട്വീറ്റ് ചെയ്തു. ഇയാളുടെ ടീ ഷർട്ട് അഴിച്ചുമാറ്റാനും ആക്രമിക്കാനും പൊലീസിന് ആരാണ് അധികാരം നൽകിയത്?, ഇവർ പൊലീസാണോ അതോ ഗുണ്ടകളോ? അതിക്രമം നടത്തിയ പൊലീസുകാരനെ സസ്പെൻഡ് ചെയ്യണമെന്നും സംഭവത്തിന്റെ വീഡിയോ സഹിതം കോൺഗ്രസ് ട്വിറ്ററിൽ കുറിച്ചു. വീഡിയോയിൽ, ഒരു പോലീസുകാരൻ കുമാറിന്റെ കഴുത്തിൽ പുറകിൽ നിന്ന് മുഷ്ടി ചുരുട്ടി ഇടിക്കുന്നത് വ്യക്തമാണ്.

Advertisment