/sathyam/media/post_attachments/sp1wcY2UKOphQqgCw2bt.jpg)
ദുബായ്: പ്രമുഖ വ്യവസായി അറ്റ്‌ല് രാമചന്ദ്രന്‍ ഒക്ടോബര്‍ രണ്ടിനാണ് വിട പറഞ്ഞത്. ഹൃദയാഘാതം മൂലം ദുബായില്‍ വച്ചായിരുന്നു ജീവിതം. ജീവിതത്തില്‍ ഉയര്‍ച്ചകളും താഴ്ചകളും അനുഭവിച്ച വ്യക്തിയായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍. ജീവിതത്തിലെ പ്രതിസന്ധികളെ കരുത്തോടെ എതിരിട്ട് തിരിച്ചു വരവിന് ശ്രമിക്കവെയായിരുന്നു 80-ാം വയസില്‍ അദ്ദേഹം യാത്രയാകുന്നത്.
സ്‌നേഹത്തിന്റെ ഭാഷ മാത്രം സംസാരിക്കുന്ന വ്യക്തിയായിരുന്നു അറ്റ്‌ലസ് രാമചന്ദ്രനെന്ന് മകള്‍ ഡോ. മഞ്ജു രാമചന്ദ്രന്‍ പറയുന്നു. ദുബായില്‍ നടന്ന ഒരു അനുസ്മരണ ചടങ്ങിലാണ് പിതാവിനെക്കുറിച്ച് മഞ്ജു സംസാരിച്ചത്. അച്ഛന്‍ ഒരാളെ പോലും കുറ്റം പറയുന്നത് താന്‍ കണ്ടിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
മഞ്ജുവിന്റെ വാക്കുകള്‍:
സോഷ്യൽ മീഡിയയിൽ മുഴുവൻ അച്ഛനെക്കുറിച്ചുള്ള കുറിപ്പുകളാണ്. അദ്ദേഹം ഒരു സാധാരണ വ്യക്തിയായിരുന്നില്ല. എല്ലാവരുടെയും ഹൃദയത്തിൽ അച്ഛന് ഒരിടം കൊടുത്തു. അച്ഛനെ നേരിൽ കാണാത്ത ആളുകൾ പോലും അദ്ദേഹത്തെ സ്നേഹിക്കുന്നു.
അച്ഛനുമായി എനിക്കുണ്ടായ ബന്ധം ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും എല്ലാം ചേർന്നതായിരുന്നു. കൊച്ചു കുട്ടികളെപ്പോലെ എന്നോട് വഴക്കടിക്കും. കുറച്ച് കഴിഞ്ഞാൽ ഫോണിൽ വിളിക്കും. അച്ഛന് സ്നേഹത്തിന്റെ ഭാഷ മാത്രമേ വശമുണ്ടായിരുന്നുള്ളൂ. എനിക്ക് അച്ഛനോട് ഒരു ചെറിയ പരിഭവമുണ്ട്, അദ്ദേഹം മറ്റുള്ള അച്ഛൻമാർ ഓമനിക്കുന്നതുപോലെ എന്നെ ഓമനിച്ചിട്ടില്ല. എന്തുകൊണ്ട്, എന്ന് എനിക്കറിയില്ല, അതിനുള്ള ഉത്തരവും നൽകിയിട്ടില്ല.
ജുവല്ലറിയിൽ ഞാൻ ജോലിക്കു കയറിയപ്പോൾ അച്ഛൻ മറ്റുള്ള ജോലിക്കാരോട് എങ്ങിനെ പെരുമാറുന്നു അത് പോലെ തന്നെയാണ് എന്നോടും പെരുമാറിയിരുന്നത്. യാതൊരു പരിഗണനയും നൽകിയില്ല. അദ്ദേഹത്തിന്റെ ഓഫീസിന്റെ ഒരു മൂലയിലാണ് എന്നെ ഇരുത്തിയിരുന്നത്. ഈ പാഠങ്ങളെല്ലാം ജീവിതത്തിൽ എന്തു പ്രതിസന്ധി വന്നാലും തരണം ചെയ്യാൻ എന്നെ പ്രാപ്തയാക്കി. വിവാഹം കഴിഞ്ഞപ്പോൾ എന്നോട് പറഞ്ഞത് നിന്റെ ജീവിതത്തിൽ ഞാൻ ഇടപെടാൻ വരില്ലെന്നാണ്. ഞാൻ ഗർഭിണിയായിരുന്ന സമയത്ത് എനിക്ക് ഛർദ്ദിയാണെന്നും വയ്യെന്നും പറഞ്ഞ് അച്ഛനെയും അമ്മയെയും വിളിച്ചു.
ഗർഭകാലം ഇങ്ങനെയാണെന്നും ഇതെല്ലാം അനുഭവിക്കേണ്ടി വരുമെന്നും അച്ഛൻ പറഞ്ഞു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം അദ്ദേഹം എന്നെ ദുബായിൽ നിന്ന് എന്നെ കാണാൻ തിരുവനന്തപുരത്തേക്ക് വന്നു. അച്ഛൻ പെട്ടി തുറന്നപ്പോൾ അതിൽ എനിക്ക് വളരെ ഇഷ്ടമുള്ള അമ്മയുണ്ടാക്കുന്ന മാങ്ങ കൂട്ടാനും തക്കാളി കറിയും ഉണ്ടായിരുന്നു. ആ ദിവസമാണ് അച്ഛൻ എന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് മനസ്സിലായത്. ഇനി എത്ര ജന്മമുണ്ടെങ്കിലും എനിക്ക് അച്ഛന്റെ മകളായി ജനിക്കണം. ഒരാളെയും അച്ഛൻ കുറ്റം പറയുന്നതു കണ്ടിട്ടില്ല, എല്ലായ്പ്പോഴും ചിരിച്ചുകൊണ്ടേയിരിക്കും- മഞ്ജു പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us