ആംബുലൻസ് ഡ്രൈവറുടെയും വാഹനം ഓടിച്ച മെയിൽ നഴ്സിന്റെയും ലൈസൻസ് സസ്പെൻഡ് ചെയ്യും

New Update

തിരുവനന്തപുരം : തിരുവനന്തപുരം വെഞ്ഞാറമൂട്  ആംബുലൻസ് ബൈക്കിൽ ഇടിച്ച് കയറി യുവാവ് മരിച്ച സംഭവത്തില്‍ ആംബുലൻസ് ഡ്രൈവറുടെയും വാഹനം ഓടിച്ച മെയിൽ നഴ്സിന്റെയും ലൈസൻസ് സസ്പെൻഡ് ചെയ്യും. അഡി. ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കറും സംഘവും അപകട സ്ഥലം സന്ദർശിച്ചു. ഡ്രൈവർക്ക് പകരം മെയിൽ നഴ്സാണ് ആംബുലൻസ് ഓടിച്ചിരുന്നത്. രാവിലെ നടന്ന അപകടത്തിൽ ഒരാൾ മരണപ്പെടുകയും മൂന്നര വയസുള്ള കുട്ടിക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു.

Advertisment

publive-image

ഇന്ന് രാവിലെ ആറരയോടെ വെഞ്ഞാറമൂട് മുസ്ലിം പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. പിരപ്പൻകോട് ഷിബുവും മകൾ അലംകൃതയുമാണ് അപകടത്തിൽപ്പെട്ടത്. രോഗി ഇടുക്കിയിൽ ഇറക്കി മടങ്ങിവരുകയായിരുന്ന ആംബുലൻസാണ് അമിതവേഗത്തിൽ പാഞ്ഞെത്തി അപകമുണ്ടാക്കിയത്. ഡ്രൈവറിന് പകരം മെയ്ൽ നഴ്സ് ഓടിക്കവേയാണ് ആംബുലൻസ് ബൈക്കിലേക്ക് ഇടിച്ചുകയറിയത്.

സമീപത്തെ ലാബിലേക്ക് കയറാനായി റോഡരികരിൽ ബൈക്ക് നിർത്തിയതിനിടെയാണ് ഷിബുവും മകൾ അലംകൃതയും അപകടത്തിൽപ്പെട്ടത്. ഇരുവരെയും ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ രക്ഷിക്കാനായില്ല. അലംകൃതയുടെ നില ​ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

അപകടമുണ്ടായ സമയം ആംബുലൻസ് ഓടിച്ചിരുന്നത് മെയിൽ നഴ്സായ ചെറുവക്കൽ സ്വദേശിയായ അമലാണ്. ഉറക്കക്ഷീണം കാരണം ഡ്രൈവർ വിനീത് അമലിന് വണ്ടി കൈമാറുകായിരുന്നു. സംഭവത്തില്‍ അമലിനും വിനീതിനും എതിരെ വെഞ്ഞാറമൂട് പൊലീസ് അശ്രദ്ധ മൂലമുള്ള മരണത്തിന് കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എംപ്ലോയീസ് ക്രെഡിറ്റ് യൂണിയന് കീഴിലെ ആംബുലൻസാണ് അപകടമുണ്ടാക്കിയത്.

Advertisment