/sathyam/media/post_attachments/4i1Pd7VPow6KIUr6DRfs.jpg)
കൊച്ചി: മലേഷ്യയിലെ സെപാങ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന എഫ്ഐഎം 2022 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്‍റെ (എആര്‍ആര്‍സി) നാലാം റൗണ്ടില്‍, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ റേസിങ് ടീമിന് മികച്ച തുടക്കം. ആദ്യദിനം നടന്ന ഒന്നാം റേസില്‍ മികച്ച ഫിനിഷിങ് നടത്തിയ ഹോണ്ട റൈഡര്‍മാരായ രാജീവ് സേതുവും സെന്തില്‍ കുമാറും, ടീമിനായി മൂന്ന് പോയിന്‍റുകള്‍ കൂടി ചേര്‍ത്തു. ഏഷ്യ പ്രൊഡക്ഷന്‍ 250 സിസി (എപി250) വിഭാഗത്തില്‍ 14-ാംസ്ഥാനത്ത് ഫിനിഷ് ചെയ്ത രാജീവ് സേതു രണ്ടു പോയിന്‍റുകള്‍ നേടിയപ്പോള്‍, സഹതാരം സെന്തില്‍കുമാര്‍ 15-ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് നിര്‍ണായകമായ ഒരു പോയിന്‍റും സ്വന്തമാക്കി.
ആദ്യലാപ്പില്‍ 14-ാം സ്ഥാനത്ത് തുടങ്ങിയ രാജീവ് സേതു 17-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും അവസാന ലാപ്പില്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു. 20:32.048 സമയത്തിലായിരുന്നു ഫിനിഷിങ്. ട്രാക്കില്‍ തന്‍റെ ഏറ്റവും മികച്ച പ്രകടനം പുറത്തടുത്ത സെന്തില്‍കുമാര്‍ 20:36.296 സെക്കന്‍ഡ് സമയത്തിലാണ് രാജീവിന്‍റെ തൊട്ടുപിന്നിലായി ഫിനിഷ് ചെയ്തത്.
നിര്‍ണായകമായ പോയിന്‍റുകള്‍ സ്വന്തമാക്കി, ഏറ്റവും നല്ല രീതിയിലാണ് തങ്ങളുടെ ടീം ആദ്യ റേസ് പൂര്‍ത്തിയാക്കിയതെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ ബാന്‍ഡ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഓപ്പറേറ്റിങ് ഓഫീസ് പ്രഭു നാഗരാജ് പറഞ്ഞു. ആദ്യ റേസിലെ അനുഭവവും പാഠവും ഉള്‍ക്കൊണ്ട് അടുത്ത റേസില്‍ മികച്ച സ്ഥാനം നേടുന്നതിന് തങ്ങളുടെ റൈഡര്‍മാര്‍ തന്ത്രങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.