കരുളായി (മലപ്പുറം): അന്ത്യപ്രവാചക പുണ്യപ്പിറവിയാഘോഷത്തിന് പുതുമയേകി മുതിർന്ന രണ്ട് പോസ്റ്റ്മാൻമാരെ ആദരിച്ചു. മീലാദുന്നബിയും ലോക തപാൽ ദിനവും കൂടി ഒരു മിച്ച് വന്ന അവസരത്തിലായിരുന്നു പോസ്റ്റ്മാൻമാരെ ആദരിക്കൽ. എം ഡി ഐ യുടെ രജത ജൂബിലി സമ്മേളനത്തിൽ കേരള മുസ്ലിം ജമാഅത്ത് സർക്കിൾ കമ്മിറ്റിയും ചേർന്നാണ് പരിപാടി ആസൂത്രണം ചെയ്തത്.
36 വർഷത്തിലധികമായി സേവനം ചെയ്യുന്ന കരുളായി പോസ്റ്റ് ഓഫീസിലെ കെ പി രവീന്ദ്രൻ, എം കെ മോഹൻദാസ് കാർളിക്കോട് എന്നിവരെയാണ് എം ഡി ഐ ജനറൽ സെക്രട്ടറി കെ ശൗക്കത്തലി സഖാഫി പൊന്നാടയണിയിച്ച് ആദരിച്ചത്.
എം ഡി ഐ ക്യാമ്പസിൽ നടന്ന ചടങ്ങിൽ മുസ്ലിം ജമാഅത്ത് ജില്ല സെക്രട്ടറി കെ.പി. ജമാൽ കരുളായി സന്ദേശം നൽകി. ആഘോഷങ്ങൾ മാനവീക സൗഹൃദ ബന്ധങ്ങൾ ശക്തിപ്പെടുത്താനാകണം. നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുമായും നിരന്തരം സമ്പർക്കമുള്ള ഇത്തരം ആളുകളുടെ നിസ്വാർത്ഥ സേവനം വിദ്വേഷ കാലത്ത് ഏറെ ആശ്വാസകരമാണെന്നും ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.
സയ്യിദ് ഫള്ൽ ജിഫ്രി കുണ്ടൂർ , അബ്ദുള്ളക്കോയ തങ്ങൾ, എം.ഡി.ഐ പ്രസിഡന്റ് എം.അബു മുസ്ലിയാർ, പി.കെ. ഉസ്മാൻ , എം.അബ്ദുൽ ഖാദർ മുസ്‌ലിയാർ, സി.കെ. റശീദ് മുസ്ലിയാർ, പി.എച്ച് അലവിക്കുട്ടി സഖാഫി, അസീസ് മുസ്ലിയാർ, കെ.ടി.സിദ്ധീഖ് സഖാഫി, കെ പി കോയ മൗലവി തുടങ്ങിയവർ സംബന്ധിച്ചു.