പൊന്നാനി: ശൈഖുനാ സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ രോഗശമനത്തിന് വേണ്ടി ഹൃദയമറിഞ്ഞ് പ്രാർത്ഥിക്കാൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കെ എം മുഹമ്മദ് ഖാസിം കോയ വിശ്വാസികളോട് ആവശ്യപ്പെട്ടു.
കാന്തപുരത്തിന് വേണ്ടിയുള്ള പ്രാർത്ഥനകളിൽ താഴെ വിവരിക്കും വിധം ആവുന്നത് അനുഗ്രഹീതമായിരിക്കുമെന്ന് ഖാസിം കോയ ഉപദേശിച്ചു. നബിയുടെ പേരിൽ ഒരു ഫാത്തിഹ, സൂറത്തുൽ നജ്മിൽ 58- മത്തെ ആയത്ത് 1153 തവണ, സ്വലാത്ത് നാരിയ്യ 10 തവണ എന്നിവ വളരെയധികം ഫലം ചെയ്യുമെന്ന് അദ്ദേഹം വിവരിച്ചു.
കാന്തപുരത്തിന്റെ രോഗവിവരം അറിയാൻ കോഴിക്കോട് മൈത്ര ഹോസ്പിറ്റലിൽ എത്തിയ ഖാസിം കോയ മകൻ അബ്ദുൽ ഹക്കീം അസ്ഹരി, മരുമകനും മർകസ് മാനേജറും ഹജ്ജ് കമ്മിറ്റി ചെയർമാനുമായ ഉസ്താദ് സി മുഹമ്മദ് ഫൈസി, മരുമക്കളായ ഉബൈദ് സഖാഫി, മുഹമ്മദ് കോയ സഖാഫി, സാദാത്തുക്കളായ സയ്യിദ് അവേലത്ത് തങ്ങൾ ഉപ്പാപ്പ, സയ്യിദ് ഫത്താഹ് തങ്ങൾ, സയ്യിദ് ലത്തീഫ് തങ്ങൾ, സയ്യിദ് അൻസാർ തങ്ങൾ മുതലായവരുമായി അദ്ദേഹത്തിന്റെ ശാരീരികാവസ്ഥ ചോദിച്ചറിഞ്ഞിരുന്നു.
ലോക രാഷ്ട്രങ്ങളിലെ ഭരണ സാരഥികൾ സ്നേഹിക്കുകയും, ആദരിക്കുകയും ചെയ്യുന്ന കാന്തപുരം അബൂബക്കർ മുസ്‌ലിയാർ മാതാപിതാക്കൾ ഇല്ലാത്ത ആയിരകണക്കിൽ അനാഥകളുടെയും അവരുടെ കുടുംബത്തിന്റെയും ആശ്രയമായി പ്രവർത്തിക്കുന്ന പണ്ഡിതനാണെന്ന് ഖാസിം കോയ വിവരിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന കാൽ ലക്ഷത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ലോക പ്രശസ്ത മത വിദ്യാഭ്യാസ ആത്മീയ സ്ഥാപനമായ മർകസ് സഖാഫത്തുൽ സുന്നിയ്യ യൂണിവേഴ്സിറ്റി ഉൾപ്പെടെ ഇന്ത്യയിലും മറ്റുള്ള ഇതര രാഷ്ട്രങ്ങളിലുമുള്ള ആയിരക്കണക്കിന് മസ്ജിദുകൾ, മദ്രസകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ മറ്റാർക്കും കൈവരിക്കാൻ കഴിഞ്ഞിട്ടില്ലാത്ത പുണ്യങ്ങളാണ്.
ഇന്ത്യയിൽ ചേരി പ്രദേശങ്ങളിൽ പാവപ്പെട്ട ജനങ്ങൾക്ക് കുടിവെള്ളവും, പാർപ്പിടവും, ആത്മീയതയും, വിദ്യാഭ്യാസവും, ഒരു രക്ഷിതാവിനെ പോലെ അവർക്ക് ചെയ്തു കൊടുത്ത കാന്തപുരം പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുന്ന പുണ്യവാളൻ ആണെന്ന് സ്വന്തം അനുഭവങ്ങൾ വിവരിച്ചു കൊണ്ട് ഖാസിം കോയ വിവരിച്ചു. ലോക സമാധാനത്തിന്റെ ദൂതനാണ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ എന്നും അദ്ദേഹം വിശേഷിപ്പിച്ചു.