/sathyam/media/post_attachments/1KgPKcPFwvB68WCFcXOe.jpg)
കോട്ടയം: ഏറ്റുമാനൂര്‍ - വൈക്കം റോഡില്‍ യാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന കൊടും വളവുകള്‍ നിവരുന്നതും പ്രതീക്ഷിച്ചുള്ള യാത്രക്കാരുടെയും നാട്ടുകാരുടെയും കാത്തിരിപ്പ് എന്നു തീരുമെന്നറിയില്ല. ഈ വളവുകള്‍ നിവരണമെങ്കില്‍ കാലങ്ങളേറേയെടുക്കുമെന്നാണ് അധികാരികളുടെ പ്രവര്‍ത്തനത്തിലൂടെ മനസിലാകുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്
കാണക്കാരി മുതല്‍ തലയോലപ്പറമ്പ് വരെയുള്ള കൊടുംവളവുകള്‍ വാഹനയാത്രക്കാര്‍ക്കു പേടിസ്വപ്നമായി മാറിയിട്ട് കാലങ്ങളേറേയായിട്ടും ഇവ നിവര്‍ത്താനുള്ള നടപടികള്‍ കടലാസിലൊതുങ്ങുകയാണ്. സിലോണ്‍ കവലയ്ക്കു സമീപം കുറിച്ചി വളവിലും കുറുപ്പന്തറ പുളിന്തറ വളവിലുമാണ് ഏറ്റുമാനൂര്‍-വൈക്കം റോഡില്‍ അപകടങ്ങള്‍ ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത്
നമ്പ്യാകുളം, കളത്തൂര്‍, പുളിന്തറ, കുറുപ്പന്തറ ആറാംമൈല്‍, പട്ടാളമുക്ക്, മുട്ടുചിറ, കടുത്തുരുത്തി ഇടക്കര, ആപ്പാഞ്ചിറ, സിലോണ്‍ ജഗ്ഷന്‍, കുറിച്ചി വളവ് തുടങ്ങിയ വളവുകളിലുണ്ടായ വാഹനാപകടങ്ങള്‍ എണ്ണിയാല്‍ തീരില്ല. കുറുപ്പന്തറ പുളിന്തറ വളവില്‍ മാത്രം ഉണ്ടായ ചെറുതും വലുതുമായ വാഹനാപകടങ്ങളില്‍ നിരവധിയാളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത് അതിലേറേയാളുകള്‍ക്കു പരിക്കുകളുമേറ്റു
എതിരേ വരുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെടാതെ പോകുന്നതും അമിതവേഗവുമാണ് പലപ്പോഴും ഇവിടെ അപകട കാരണമാകുന്നത്. കോട്ടയം - എറണാകുളം റോഡ് ആധുനിക നിലവാരത്തില്‍ നിര്‍മിച്ച ഇവിടെ അപകടങ്ങള്‍ വര്‍ധിച്ചതായാണ് പോലീസിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. വളവുകളില്‍ അപകടം വര്‍ധിച്ചതോടെ മോന്‍സ് ജോസഫ് പൊതുമരാമത്തു മന്ത്രിയായിരുന്നപ്പോള്‍ പട്ടിത്താനം - കടുത്തുരുത്തി - വൈക്കം റോഡിലെ വളവുകള്‍ നിവര്‍ക്കുന്നതിനായി പദ്ധതി തയാറാക്കുകയും അനുമതി നല്‍കുകയും ചെയ്തിരുന്നു.
ഇതേത്തുടര്‍ന്ന് അധികൃതര്‍ ആറു വില്ലേജുകളില്‍ സര്‍വേ നടത്തുകയും നടപടികളുമായി മുന്നോട്ടു നീങ്ങുകയും ചെയ്തിരുന്നു. കാണക്കാരി, കുറുപ്പന്തറ, കോതനല്ലൂര്‍, മാഞ്ഞൂര്‍, മുട്ടുചിറ, കടുത്തുരുത്തി, വടയാര്‍ വില്ലേജുകളിലായുള്ള റോഡില്‍ 41 ഇടങ്ങളിലെ വളവുകള്‍ നിവര്‍ക്കാന്‍ ഹൈലെവല്‍ കമ്മിറ്റിയുടെ അനുമതിയും ലഭിച്ചിരുന്നു.
സര്‍വേ നടപടികള്‍ പൂര്‍ത്തിയാകുന്നതിനിടെ സ്ഥലം ഏറ്റെടുക്കല്‍ സംബന്ധിച്ചു കേന്ദ്രസര്‍ക്കാര്‍ പുതിയ ഉത്തരവു പുറപ്പെടുവിച്ചതോടെയാണ് വളവ് നിവര്‍ക്കല്‍ നടപടികള്‍ തടസപ്പെട്ടത്. അപകടവളവുകള്‍ നിവര്‍ക്കാന്‍ നടപടി സ്വീകരിക്കുകയും ഇതിനായി തുടങ്ങിവച്ച സര്‍വേയും ഭൂമി ഏറ്റെടുക്കല്‍ നടപടികളും വേഗത്തിലാക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വളവുകള്‍ നിവര്‍ത്തുന്നതിനായി 1.9652 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. എന്നാല്‍, അധികൃതരുടെ അനാസ്ഥമൂലം നടപടിക്രമങ്ങള്‍ വൈകുന്നതായാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആരോപണം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us