കണ്ണൂർ: തലശ്ശേരിയിൽ ആറ് വയസുകാരനെ യുവാവ് ചവിട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയോയെന്ന പരിശോധന തുടങ്ങി. വ്യാഴാഴ്ച രാത്രി സംഭവം നടന്നിട്ടും പ്രതിയെ കസ്റ്റഡിയിലെടുക്കാതെ വീട്ടിലേക്ക് പറഞ്ഞു വിട്ടിരുന്നു. ഇതിൽ തലശ്ശേരി പൊലീസിന് സംഭവിച്ച വീഴ്ചയാണ് എഎസ്പി നിഥിൻ രാജ് അന്വേഷിക്കുക.
സ്റ്റേഷൻ ഹൗസ് ഓഫീസർ, എസ്ഐ അടക്കമുള്ളവരിൽ നിന്ന് മൊഴിയെടുക്കും. അക്രമത്തിനിരയായ കുട്ടിയിപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. കുട്ടിയെ തൊഴിച്ച മുഹമ്മദ് ഷിഹാദിനെ കോടതി ഇന്നലെ പതിന്നാല് ദിവസത്തേക്ക് റിമാൻറ് ചെയ്തിരുന്നു.
മുഹ​മ്മദ് ഷിനാദ് എന്നയാളാണ് ഇതര സംസ്ഥാന തൊഴിലാളിയുടെ മകനെ ചവിട്ടി തെറിപ്പിച്ചത്. കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ ആറ് വയസ്സുകാരനായ ​​ഗണേഷ് ആണ് ആക്രമിക്കപ്പെട്ടത്. കുട്ടിയെ ആക്രമിക്കുന്നത് കണ്ട നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തുവെങ്കിലും കാറിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന വിചിത്ര വാദം പറഞ്ഞ് ഷിനാദ് ആക്രമണത്തെ ന്യായീകരിച്ചു.