/sathyam/media/post_attachments/cSH4S5H0UiSASRbaa2Rk.jpg)
മുളന്തുരുത്തി. കൊവിഡ് മഹാമാരിയുടെ വാത്മീകത്തിൽ നിന്നും രാജ്യവും ജനങ്ങളും ഉണരുമ്പോൾ, വെറുതെ കൊഴിഞ്ഞുപോയ ദിനരാത്രങ്ങളുടെ പേടിപ്പെടുത്തുന്ന ആത്മനൊമ്പരങ്ങളെയും നെടുവീർപ്പുകളെയും അപ്പാടെ മറന്ന് സജീവമാകുകയാണ് മുളന്തുരുത്തിയിലെ കർമ്മനിരതരായ ഐഎൻടിയുസിയിലെ ലോഡിംഗ് ആൻഡ് അൺലോഡിംഗ് തൊഴിലാളികൾ.
ഇന്ത്യാമഹാരാജ്യത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ഐഎൻടിയുസി, രാജ്യത്തിന്റെ പുരോഗതിയിലും വികസനത്തിലും അനിതരസാധാരണമായ സംഭാവനകൾ നൽകി, ഇന്ത്യയെ ലോകത്തിന്റെ നെറുകയിലേയ്ക്ക് എടുത്തുയർത്തിയ, തങ്ങളുടെ മാതൃസംഘടനയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏറ്റവും വലിയ ശക്തിദുർഗ്ഗമാണ് എന്ന് മുൻ എംഎൽഎ യും, കെപിസിസി ഉപാദ്ധ്യക്ഷനുമായ വി.ജെ.പൗലോസ് പറഞ്ഞു.
മുളന്തുരുത്തി, ഐഎൻടിയുസി മേഖലാ കമ്മിറ്റി സംഘടിപ്പിയ്ക്കുന്ന അഞ്ചാമത് വടംവലി മത്സരത്തിന് മുന്നോടിയായി, മുളന്തുരുത്തിയിലെ ഐഎൻടിയുസി ഓഫീസിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ വടംവലി മത്സരത്തെ ക്കുറിച്ച് വിശദീകരിയ്ക്കുകയായിരുന്നു അദ്ദേഹം.
മുളന്തുരുത്തി ആസ്ഥാനമായ, ഓലിയ്ക്കൽ ഗോൾഡ് ലോൺ സ്പോൺസർ ചെയ്യുന്ന ക്യാഷ് അവാർഡിനും പോത്തുകുട്ടനും ആട്ടുമുട്ടനും വേണ്ടി, പേശീബലം മാറ്റ്നോക്കുന്ന, വടം വലി മത്സരത്തിന്റെ ക്രമീകരണങ്ങൾ വിശദീകരിയ്ക്കുകയായിരുന്നു അദ്ദേഹം.
മുളന്തുരുത്തി കരവട്ടെ കുരിശ് ജംഗ്ഷനിൽ ഉള്ള കെസിപി നഗറിൽ സജ്ജമാക്കിയ പന്തലിൽ, കേരളത്തിലെ എണ്ണം പറഞ്ഞ എഴുപത് വടംവലി ടീമുകളാണ് വടംവലിയിൽ മസിൽ പെരുപ്പിയ്ക്കുന്നത്. കാണികൾക്കായി ഗാലറിയും ഇത്തവണ തയ്യാറാക്കിയിട്ടുണ്ട്.
കൊവിഡ് മഹാമാരി ദുരിതം വിതച്ചില്ലായിരുന്നങ്കിൽ ഏഴാമത് അഖിലകേരള വടംവലി മത്സരം ആയിരുന്നു ഈ നവംബർ 12ന് മുളന്തുരുത്തിയിൽ നടക്കേണ്ടത് എന്ന് മുളംതുരുത്തി മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രഞ്ജി കുര്യൻ പറഞ്ഞു.
മുളന്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ പൂർണസഹകരണം ഈ വടം വലി മത്സരത്തിന് നൽകുമെന്ന് ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷ മറിയാമ്മ ബെന്നി പറഞ്ഞു. കൂടാതെ, ഇതിനായി മുളന്തുരുത്തി പോലീസിന്റെയും, മുളന്തുരുത്തി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സഹകരണവും ഉറപ്പാക്കിയിട്ടുണ്ട് എന്ന് അവർ കൂട്ടിച്ചേർത്തു.
വടംവലി മത്സരം പൊതുജനങ്ങൾക്ക്, പ്രത്യേകിച്ച്, സ്ത്രീകൾക്കും കുട്ടികൾക്കും ആസ്വദിയ്ക്കുന്നതിനായി പന്തലും ഗാലറിയും സജ്ജമാക്കിയിട്ടുണ്ട്. നവംബർ 12 ന് വൈകുന്നേരം അഞ്ച് മണിക്ക് കെപിസിസി ഉപാദ്ധ്യക്ഷൻ വി.ജ.പൗലോസ് വടംവലി മത്സരം ഉദ്ഘാടനം ചെയ്യും എന്ന് യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ വി.ആർ പറഞ്ഞു.
മുളന്തുരുത്തി കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ജോളി പി.തോമസ് ചെയർമാനായ സംഘാടകസമിതി ആണ് 2016 ൽ ആരംഭിച്ച മുളന്തുരുത്തി അഖിലകേരള വടംവലി മത്സരത്തിന് അന്ന് മുതൽ ചുക്കാൻ പിടിക്കുന്നത്.
ഓലിയ്ക്കൽ മത്തായി തുടക്കം മുതൽ ഇന്ന് വരെ വടംവലി മത്സരത്തിൽ ആളും അർത്ഥവും നൽകി സഹകരിച്ചു വരുന്നു. യൂണിയൻ വൈസ് പ്രസിഡന്റ് ആയിരുന്ന പരേതനായ അശോകന്റെ സുധീരമായ സംഘടനാപാടവം ഈ വടംവലി മത്സരത്തിന്റെ ചൂടും ചൂരും ആയിരുന്നു എന്ന് സുനിൽ ഓർമ്മിപ്പിച്ചു.
മുളന്തുരുത്തിയിലെ വ്യാപാരി സമൂഹവും, ഐഎൻടിയുസി യുടെ പ്രവർത്തനങ്ങൾക്ക് ഇന്ധനമാകുകയായിരുന്നു. എല്ലാ മാസവും ഐഎൻടിയുസി രണ്ടും മൂന്നും പേർക്ക് ചാരിറ്റി സഹായങ്ങൾ ചെയ്തു വരുന്നു. വടംവലി മത്സരത്തിൽ നിന്നും കിട്ടുന്ന ചെറിയ ലാഭം ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റിവയ്ക്കുകയാണ്.
കൂടാതെ, അണ്ടർ സെവന്റീൻ ഫുട്ബോൾ മത്സരത്തിൽ സെലക്ഷൻ കിട്ടിയ ഒരു കുട്ടിയ്ക്ക് മൊമെന്റോ നൽകി ആദരിയ്ക്കും. പഞ്ചായത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്, പോലീസ് സ്റ്റേഷൻ, ഹയർ സെക്കൻഡറി സ്കൂൾ, സാമൂഹിക ആരോഗ്യ കേന്ദ്രം എന്നിവയ്ക്കും മൊമെന്റോ നൽകുമെന്ന് ഐഎൻടിയുസി മുളന്തുരുത്തി മേഖല വൈസ് പ്രസിഡന്റ് സുനിൽ വി.ആർ.പറഞ്ഞു.
മുളന്തുരുത്തി ഐഎൻടിയുസി ഓഫീസിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ കെപിസിസി ഉപാദ്ധ്യക്ഷൻ വി.ജെ.പോലോസ്, പഞ്ചായത്ത് പ്രസിഡന്റ്, മറിയാമ്മ ബെന്നി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതീഷ് കെ.ദിവാകരൻ, പഞ്ചായത്ത് അംഗം, രഞ്ജി കുര്യൻ കൊള്ളിനാൽ, സുനിൽ വി.ആർ, പി.വി.പ്രതീഷ്, പി.ടി.വിനു, ജെറിൻ ടി.ഏലിയാസ്, റോണി കുര്യാക്കോസ്, കെ.എ.തോമസ് തുടങ്ങിയവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us