ശബരീശ ദർശനത്തിനെത്തുന്ന കന്നി അയ്യപ്പന്മാർ മുതൽ ഗുരുസ്വാമി വരെ ഒരേ നിഷ്ഠകളാണ് പാലിക്കേണ്ടത്. 41 ദിവസത്തെ വ്രതശുദ്ധിയോടെ വേണം ശബരിമലയിൽ ദർശനം നടത്താൻ.വൃശ്ചികം ഒന്നുമുതൽ ശബരിമല തീർഥാടനകാലം തുടങ്ങുകയാണ്.എന്നാൽ ശബരിമല അയ്യപ്പ ദർശനത്തിനായി മാലയിടുന്നതിനുമുൻപായി എന്തൊക്കെ മുന്നൊരുക്കങ്ങള്‍ നടത്തണം? മാല ധരിക്കുന്നതിനു മുൻപ് വീടും പരിസരവും ശുദ്ധിയാക്കണം.
ശബരീശന്റെ ഒരു ചിത്രം വയ്ക്കണം. വ്രതം തുടങ്ങി കഴിഞ്ഞ് ഉപയോഗിക്കാനുള്ള വസ്ത്രങ്ങൾ നേരത്തെ കഴുകി വൃത്തിയാക്കി പുണ്യാഹം തളിക്കണം. അതിനുവേണ്ടി ഒരു പാത്രത്തിൽ കുറച്ചു ജലമെടുത്ത് ‘ഗംഗേച, യമുനേ ചൈവ, ഗോദാവരി സരസ്വതി, നർമ്മദേ സിന്ധു കാവേരി ജലേസ്മിൻസന്നിധിംകുരു’ എന്നു പറഞ്ഞ് ജപിച്ചു തളിക്കണം.
കൂടാതെ വൃശ്ചികം മാസം 1 മുതൽ മകരം 1 വരെ മത്സ്യമാംസാദികൾ പാകം ചെയ്ത് അശുദ്ധമാക്കരുത്. പാകം ചെയ്ത മത്സ്യമാംസാദികൾ വീട്ടിലേക്ക് കൊണ്ടു വരികയും ചെയ്യരുത്. ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കരുത്.പഴയ ഭക്ഷണം കഴിക്കാന്‍ പാടില്ല. ശവസംസ്‌കാര കര്‍മ്മത്തില്‍ പങ്കെടുക്കുന്നത് ഒഴിവാക്കണം.പങ്കെടുത്താൽ അടുത്ത മണ്ഡലകാലം വരെ വ്രതമെടുത്ത് ശബരി മലയ്ക്ക് പോകണം. പകലുറങ്ങരുത്.
തുലാംമാസം തന്നെ വ്രതം അനുഷ്ഠിക്കുന്ന വരാണ് വൃശ്ചികം ആദ്യംതന്നെ ശബരിമലയിലേക്ക് പോകുന്നത്. കറുപ്പ് നിലയോ വസ്ത്രം ധരിച്ച് മാലയിട്ടു നിത്യവും ക്ഷേത്ര ദർശനം നടത്തുകയും ശരണം വിളിക്കുകയും വേണം. വ്രതം തുടങ്ങുന്നത് മാലയിട്ടാണ് സാധാരണ പതിവ്. രുദ്രാക്ഷമാലയോ തുളസിമാലയോ സ്പടിക മാലയോ ഒക്കെ ഇതിനായി ധരിക്കാം.