സ്കൂൾ കായിക മേള : പരിക്കിനെ അവഗണിച്ച് ആദിൽ; 200മീറ്ററിൽ സ്വർണം

New Update

publive-image

200 മീറ്റർ ജൂനിയർ വിഭാഗത്തിൽ വേഗക്കാരനായി മുണ്ടക്കയം സെന്റ് അന്റണീസ് സ്കൂളിലെ ആദിൽ അയൂബ്. പരിക്കിനെ അവഗണിച്ച് ഗ്രൗണ്ടിൽ എത്തിയ ആദിലിന്റെ മടക്കം 200 മീറ്ററിൽ സ്വർണവും 100 മീറ്ററിൽ വെള്ളിയും നേടിയാണ്. കുമളി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സബ് ജില്ലാ മത്സരത്തിൽ ലോങ് ജമ്പ് മത്സരത്തിനിടയിലാണ് ആദിലിന് പരിക്ക് പറ്റുന്നത്. വലത് കാലിൽ പേശിക്ക് ചെറിയ പൊട്ടൽ സംഭവിച്ചിട്ടും സ്പോർട്സിനോടുള്ള അതിയായ ആവേശമാണ് ജില്ലാ മത്സരത്തിൽ ആദിലിനെ എത്തിച്ചത്. പിതാവ് അയൂബ് എല്ലാ പിന്തുണയും നൽകി ഒപ്പം കൂടിയതോടെ ആദിൽ പേശി വേദനയെ അതിജീവിച്ച് വിജയം നേടി.

Advertisment

മകന്റെ കായിക സ്വപ്നത്തിന് ചിറക് നൽകാൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്തു നൽകുമെന്ന് പിതാവ് അയൂബ് പറഞ്ഞു. എല്ലാ മത്സരങ്ങളിലും മകനോപ്പം ഗ്രൗണ്ടിൽ എത്താൻ അയൂബിന് ആവേശമാണ്. നാലാം ക്ലാസ്സുകാരിയായ ആദിലിന്റെ അനിയത്തി അസ്ന അയൂബിനും സ്പോർട്സിൽ ചെറിയ താൽപര്യമുണ്ടെന്നും മകളെയും പരിശീലനത്തിന് അയക്കുന്നുണ്ടെന്നും മക്കളുടെ സ്വപ്നത്തിന് ഒപ്പം നിൽക്കാൻ കഴിയുന്നതാണ് തന്റെ സന്തോഷമെന്നും അയൂബ് പറയുന്നു. മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയാണ്.

അഞ്ചാം ക്ലാസ് മുതൽ ആദിൽ കായിക പരിശീലനം നടത്തി വരുന്നുണ്ട്. 2021 ൽ നടന്ന അമെച്ചർ മീറ്റിൽ സംസ്ഥാന തലത്തിൽ ലോങ് ജമ്പിൽ ആദിലിന് ഗോൾഡ് ലഭിച്ചിരുന്നു. സന്തോഷ്‌ ജോർജ്, ബിനോഫ സനീഷ് എന്നിവരാണ് കായിക അധ്യാപകർ. മാതാപിതാക്കളുടെ പിന്തുണയും അധ്യാപകരുടെ ചിട്ടയായ പരിശീലനവുമാണ് തന്റെ വിജയത്തിന്റെ കാരണമെന്ന് ആദിൽ പറഞ്ഞു.

Advertisment