ചങ്ങരംകുളം: സ്ത്രീധന സമ്പ്രദായം തെറ്റാണന്ന് അറിയാവുന്നവർ പോലും സ്ത്രീധനത്തിന് അടിമപ്പെടുകയും, വിദ്യാസമ്പന്നർക്കിടയിലും ഈ ദുരാചാരം നില നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇതിനെതിരെ പൊതു സമൂഹത്തിൻറ ഇടപെടൽ ശക്തമാക്കണമെന്ന് മലയാളം സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. അനിൽ വളളത്തോൾ പറഞ്ഞു. സ്ത്രീധനം നൽകിയുള്ള വിവാഹങ്ങൾക്ക് സന്നദ്ധമല്ലെന്ന് പെൺകുട്ടികൾ പരസ്യമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
പി സി ഡബ്ലിയു എഫ് (പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ) വിദ്യാഭ്യാസ, വിവാഹ സമിതികളുടെ സംയുക്ത ആഭിമുഖ്യത്തിൽ "സ്ത്രീധനം വെടിഞ്ഞ് സ്ത്രീ വിജയം നേടുക " എന്ന സന്ദേശവുമായി ആരംഭിക്കുന്ന കാമ്പസ് തല കാംപയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവംബർ 26 ന് ആരംഭിക്കുന്ന കാംപയിൻ ഡിസംബർ 20 വരെ നീണ്ടുനിൽക്കും. താലൂക്കിലെ ഹയർസെക്കണ്ടറി , ഡിഗ്രി സ്ഥാപനങ്ങളിൽ ബോധവല്‍ക്കരണ ക്ലാസ് , ലഘുലേഖ വിതരണം, പ്രതിജ്ഞ, പ്രസംഗ - പ്രബന്ധ മത്സരം തുടങ്ങി വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
സ്ത്രീധന വിരുദ്ധ ദിനത്തിൽ വളയംകുളം അസബാഹ് ആർട്സ് ആൻറ് സയൻസ് കോളേജിൽ നടന്ന കാംപയിൻ ഉദ്ഘാടന ചടങ്ങിൽ ആലംങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ഷഹീർ മുഖ്യാതിഥിയായിരുന്നു. പി സി ഡബ്ല്യു എഫ് വിദ്യാഭ്യാസ സമിതി കൺവീനർ അടാട്ട് വാസുദേവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ വി നദീർ സ്ത്രീധന വിരുദ്ധ സന്ദേശം നല്‍കി. അസബാഹ് കോളേജ് വൈ: പ്രിൻസിപ്പൾ ഡോ: ബൈജു എം കെ സ്വാഗതം പറഞ്ഞു.
ആലങ്കോട് പി സി ഡബ്ല്യു എഫ് പ്രസിഡണ്ട് ആയിഷ ഹസ്സൻ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
കുഞ്ഞി മുഹമ്മദ് പന്താവൂർ (കോളേജ് സെക്രട്ടറി) അഷ്റഫ് നെയ്തല്ലൂർ (ചെയർമാൻ, പി സി ഡബ്ല്യു എഫ് വിവാഹ സമിതി) കെ യു പ്രവീൺ (സ്റ്റാഫ് സെക്രട്ടറി ) ഷാജിത വി (കൺവീനർ അസബാഹ് കോളേജ് വുമൺസ് സെൽ) മുഹമ്മദ് ഷിബിൽ (ജന: സെക്രട്ടറി കോളേജ് യൂണിയൻ) തുടങ്ങിയവർ സംസാരിച്ചു.
അസബാഹ് ജനറൽ സെക്രട്ടറി വി.മുഹമ്മദുണ്ണി ഹാജി, അബ്ദുല്ലതീഫ് കളക്കര , ഇ.ഹൈദറലി മാസ്റ്റർ, പി എം അബ്ദുട്ടി , എം.ടി. ഷരീഫ് മാസ്റ്റർ , പി.കെ അബ്ദുള്ളക്കുട്ടി, അബ്ദു കിഴിക്കര , എം.പി.അംബികാകുമാരി ടീച്ചർ, സുജിത സുനിൽ ,മാലതി വട്ടംകുളം, മോഹനൻ വട്ടംകുളം, ഹൈറുന്നീസ പാലപ്പെട്ടി, എ.അബ്ദുൾ റഷീദ്, അഷറഫ് പെരുമ്പടപ്പ് , മദർ മുഹമ്മദ് കുട്ടി, റസിയ മുഹമ്മദ് കുട്ടി തുടങ്ങിയശപി സി ഡബ്ല്യു കേന്ദ്ര ഭാരവാഹികൾ വിവിധ ഘടകങ്ങളിലെ പ്രതിനിധികൾ സംബന്ധിച്ചു.
എൻ എസ് എസ് വിദ്യാർത്ഥികളുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങ് എൻ എസ് എസ് പ്രോഗ്രാം കൺവീനർ രാജേഷ് കണ്ണന്റെ നന്ദി പ്രകടനത്തോടെ സമാപിച്ചു.