New Update
/sathyam/media/post_attachments/xAmbHOG2TKFk4Qf3PrN0.jpg)
മുളന്തുരുത്തി. രണ്ടാം യെരുശലേം എന്നും ഇന്ത്യയിലെ സെഹിയോൻ എന്നും വിശേഷിപ്പിക്കുന്ന മുളന്തുരുത്തി മാർത്തോമ്മൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ ജൂബിലി പെരുന്നാൾ ആഘോഷിയ്ക്കുന്നു.
Advertisment
വിശുദ്ധ തോമാശ്ലീഹായുടെ ചരമസ്മരണ ഉണർത്തുന്ന ഈ വർഷത്തെ ജൂബിലി പെരുന്നാൾ ഡിസംബർ 18 ഞായറാഴ്ച കൊടിയേറി 21 ബുധനാഴ്ച സമാപിയ്ക്കും.
വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ് കൊണ്ട് അനുഗ്രഹീതമായ മലങ്കരയിലെ ഏക ദൈവാലയം എന്ന അപൂർവ്വ കീർത്തി ഈ കത്തീഡ്രലിനുണ്ട്. പെരുന്നാൾ ദിനങ്ങളിൽ നടത്തുന്ന പ്രദക്ഷിണം നൂറ്റി ഇരുപതു കിലോമീറ്റർ ദൂരത്തോളം വരും. അതിനാൽ ലോകത്തിൽ വച്ച് ഏറ്റവും ദൂരത്തിൽ നടത്തുന്ന പ്രദക്ഷിണം എന്ന ഇനിയും ഭേദിയ്ക്കാൻ കഴിഞ്ഞിട്ടില്ലാത്ത റിക്കാർഡും ഈ കത്തീഡ്രലിന് മാത്രം അവകാശപ്പെട്ടതാണ്.
മുളന്തുരുത്തി മുത്തപ്പന്റെ വിശ്വവിഖ്യാതമായ മധുര നേർച്ചയ്ക്ക് ആയിരങ്ങളാണ് ഓരോ വർഷവും പങ്കെടുക്കുന്നത്. ഈ മധുരനേർച്ചകൊണ്ടും ഈ കത്തീഡ്രൽ വേറിട്ടു നിൽക്കുന്നു.
ഡിസംബർ 17 ന് വൈകുന്നേരം നാലുമണിക്ക്, പെരുന്നാളിന് കൊടി ഉയർത്താനുള്ള കൊടിമരവും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര കോരഞ്ചിറ ചാപ്പലിൽ നിന്നും ആരംഭിച്ച് അഞ്ച് മണിയോടെ പള്ളിയുടെ കിഴക്കുഭാഗത്തുള്ള പമ്പിന് സമീപം സ്വീകരിച്ച്, വാദ്യമേളങ്ങളുടെ അകമ്പടിയോടെ പള്ളിമുറ്റത്ത് നാട്ടും.
ഡിസംബർ 18 ന് രാവിലെ ഏഴേകാലിന് പരിശുദ്ധ സഭയുടെ മെത്രോപ്പോലീറ്റൻ ട്രസ്റ്റിയും കൊച്ചി ഭദ്രാസനാധിപനുമായ നി.വ.ദി.ശ്രീ.മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത തിരുമനസ്സ് കൊടി ഉയർത്തി കുർബ്ബാന അർപ്പിയ്ക്കുന്നതോടെ പെരുന്നാളിന് തുടക്കം കുറിയ്ക്കും.
ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ദിവ്യ സാന്നിദ്ധ്യത്തിൽ ഇടവക മെത്രാപ്പോലീത്ത തിരുമനസ്സ്കൊണ്ട് അന്നേദിവസം രാവിലെ എട്ടരയോടെ മൂന്നിന്മേൽ കുർബാന അർപ്പിക്കും. തുടർന്ന് ധൂപ പ്രാർത്ഥനയും പാച്ചോർ നേർച്ചയും കൈമുത്തും നടക്കും. ഉച്ചയ്ക്ക് ഒരുമണിയോടെ പ്രദക്ഷിണം ആരംഭിയ്ക്കും.
19 -ാം തീയതി രാവിലെ 7.30 ന് നടക്കുന്ന പ്രഭാത നമസ്കാരത്തിന് ശേഷം മൈലാപ്പൂർ, UK ഭദ്രാസനങ്ങളുടെ അധിപൻ നി.വ.ദി.ശ്രീ.മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാനയും തുടർന്ന് ധൂപപ്രാർത്ഥനയും കൈമുത്തും അവൽ നേർച്ചയും നടക്കും. ഉച്ചയ്ക്ക് ഒരുമണിയോടെ പ്രദക്ഷിണം ആരംഭിയ്ക്കും.
20 -ാം തീയതി രാവിലെ ഏഴരയ്ക്ക് പ്രഭാത നമസ്കാരത്തിന് ശേഷം കോഴിക്കോട് ഭദ്രാസനാധിപൻ നി.വ.ദി.ശ്രീ. മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയും തുടർന്ന് ധൂപപ്രാർത്ഥനയും കൈമുത്തും നെയ്യപ്പം നേർച്ചയും മധുരനേർച്ചയും നടക്കും. പ്രദക്ഷിണം ഒരുമണിയോടെ ആരംഭിയ്ക്കും.
പെരുന്നാൾ സമാപന ദിവസമായ ഡിസംബർ 21 ന് 7.30 ന് നടക്കുന്ന പ്രഭാത നമസ്കാരത്തിന് ശേഷം തുമ്പമൺ ഭദ്രാസനാധിപൻ നി.വ.ദി.ശ്രീ. മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയും തുടർന്ന് ധൂപപ്രാർത്ഥനയും നടത്തും. രാവിലെ പതിനൊന്ന് മണിക്ക് പുറപ്പെടുന്ന പ്രദക്ഷിണം പള്ളിത്താഴം വഴി വേഴപ്പറമ്പ് തെക്കേക്കവല പന്തലിലെ പ്രാർത്ഥനയ്ക്ക് ശേഷം പുത്തനങ്ങാടി കുരിശിങ്കൽ എത്തി പ്രാർത്ഥനകഴിച്ച് 12.30 ന് പള്ളിയിൽ തിരിച്ചെത്തും. തുടർന്ന് നടക്കുന്ന ആശീർവ്വാദത്തിന് ശേഷം മുളന്തുരുത്തി മുത്തപ്പന്റെ തിരുശേഷിപ്പ് വണങ്ങി നേർച്ച സദ്യയും കഴിച്ച്, പെരുന്നാൾ കൊടിയിറക്കം കണ്ട് ജനസഹസ്രങ്ങൾ സായൂജ്യം അടയും.
പെരുന്നാൾ ദിനങ്ങളിൽ എല്ലാ ദിവസവും വൈകുന്നേരം 7 മണിയ്ക്ക് സന്ധ്യാ നമസ്ക്കാരവും ഉണ്ടായിരിയ്ക്കുമെന്ന് പെരുന്നാളിനെക്കുറിച്ച് വിശദീകരിയ്ക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ തന്നാണ്ട് വികാരി റവ.ഫാ.പൗലോസ് ചാത്തോത്ത് അറിയിച്ചു.
റവ. ഫാ.ജോൺസ് എബ്രഹാം പടിഞ്ഞാറേക്കര, റവ.ഫാ.ബേസിൽ ഷാജു കുറൂർ, റവ.ഫാ. ബേസിൽ ബേബി, ട്രസ്റ്റിമാരായ അംബി പി.കെ. പൊനോടത്ത്, ജേക്കബ്ബ് ജോൺ ( അനൂപ്) പുത്തനങ്ങാടി, അനീഷ് വർക്കിച്ചൻ ഇടയത്തുവെളിയിൽ തുടങ്ങിയവർ പെരുന്നാളിനെക്കുറിച്ച് വിശദീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us