കാട്ടികുളം: വയനാട് കാട്ടികുളത്ത് കാറിന്റെ ബോണറ്റിനുള്ളില്‍ രാജവെമ്പാലയെ കണ്ടെത്തി. കാട്ടിക്കുളം പനവല്ലി റോഡിൽ കുണ്ടത്തിൽ പുഷ്പജന്റെ വീട്ടിലെ ഷെഡിൽ നിർത്തിയിട്ട കാറിന്റെ ബോണറ്റിനുള്ളിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്. ഇന്നലെ രാത്രിയിലാണ് സംഭവം.
മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ വനംവകുപ്പിന്റെ പാമ്പുപിടിത്തവിദഗ്ധന്‍ സുജിത് പാമ്പിനെ പുറത്തെടുക്കുകയും പിന്നീട് സുരക്ഷിതമായി വനത്തിലേക്ക് തുറന്നുവിടുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയോടെയാണ് പാമ്പിനെ പിടികൂടിയത്.
പകൽ മുറ്റത്തു കൂടെ ഇഴഞ്ഞ് കാർ ഷെഡിലേക്ക് കയറിയ പാമ്പിനെ വീട്ടുകാർ കണ്ടിരുന്നു. എന്നാൽ ചേരയാണെന്നാണ് കരുതിയിരുന്നത്. തുടർന്ന് രാത്രിയിലും പാമ്പ് പുറത്ത് വരാത്തത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ പരിശോധിച്ചപ്പോഴാണ് ബോണറ്റിനുള്ളിൽ കുടുങ്ങിയ നിലയിൽ പാമ്പിനെ കണ്ടത്. പിന്നീട് പാമ്പിന്റെ ഫോട്ടോ സുജിത്തിന് അയച്ചുകൊടുത്തതോടെയാണ് പാമ്പ് രാജവെമ്പാലയാണെന്ന് തിരിച്ചറിഞ്ഞത്.