അഴിയൂർ ലഹരി കേസിൽ പൊലീസിനെ ന്യായീകരിച്ച് ബാലാവകാശ കമ്മിഷൻ

New Update

കോഴിക്കോട് : എട്ടാം ക്ളാസ് വിദ്യാര്‍ഥിനിയെ ലഹരി മരുന്നിന് അടിമയാക്കി ലഹരി കടത്തിന് ഉപയോഗിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ ബാലവാകാശ കമ്മീഷന്‍ പെണ്‍കുട്ടിയെ കാണാതെ മടങ്ങി. സ്കൂളില്‍ സിറ്റിംഗ് നടത്തി അന്വേഷണ ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടിയ കമ്മീഷന്‍ പൊലീസിന് പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചു. പെണ്‍കുട്ടിയില്‍ നിന്ന് പിന്നീട് വിവരങ്ങള്‍ തേടുമെന്നാണ് കമ്മീഷന്‍റെ വിശദീകരണം.

Advertisment

publive-image

ലഹരി നൽകി തന്നെ ക്യാരിയറാക്കി എന്ന് അഴിയൂരിലെ എട്ടാം ക്ളാസുകാരിയുടെ നടക്കുന്ന വെളിപ്പെടുത്തല്‍. നിയമസഭയിലടക്കം അത് സൃഷ്ടിച്ച അലയൊലികള്‍. തനിക്ക് ലഹരി നല്‍കിയെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയ സംഘത്തെക്കുറിച്ചും കേസ് അന്വേഷണത്തില്‍ ചോമ്പാല പൊലീസ് വരുത്തിയ ഗുരുതര വീഴ്ചയെക്കുറിച്ചും പൊലീസിലെ പ്രത്യേക സംഘം നടത്തുന്ന അന്വേഷണം. സ്കൂള്‍ പരിസരങ്ങളില്‍ എക്സൈസ് തുടങ്ങിവച്ച പരിശോധന. ഈ നടപടികളെല്ലാം പുരോഗമിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ വന്ന് രണ്ടാഴ്ചയ്ക്ക് ശേഷം സംസ്ഥാന ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്‍ മനോജ് കുമാര്‍ അഴിയൂരിലെത്തിയത്. കുട്ടിയെയോ കുട്ടിയുടെ വീട്ടുകാരെയോ കാണാതെ നേരെ സ്കൂളിലെത്തിയ കമ്മീഷന്‍ സ്കൂള്‍ അധികൃതരില്‍ നിന്നും പൊലീസ് എക്സൈസ് ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ തേടി.

പെണ്‍കുട്ടിയുടെ മൊഴിയില്‍ പൊരുത്തക്കേടുളളതിനാല്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നായിരുന്നു പൊലീസ് ഭാഷ്യം. ലഹരി ഉപയോഗത്തെക്കുറിച്ച് പെണ്‍കുട്ടി തന്നോട് പറഞ്ഞ കാര്യങ്ങള്‍ സിറ്റിംഗില്‍ പങ്കെടുത്ത അഴിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ കമ്മീഷന്‍ ചെയര്‍മാനെ അറിയിച്ചു. സ്കൂളില്‍ വച്ച് പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ കണ്ട അസ്വഭാവിക മാറ്റങ്ങള്‍ അധ്യാപകരും അറിയിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴി തൃപ്തികരമല്ലെന്ന പൊലീസ് വാദം അതേപടി ആവര്‍ത്തിച്ച കമ്മീഷന്‍ ചെയര്‍മാന്‍ അന്വേഷണ സംഘത്തിന് ഗുഡ് സര്‍ട്ടിഫിക്കറ്റും നല്‍കി.

പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘം നടത്തുന്ന അന്വേഷണം പൂര്‍ത്തിയായിട്ടില്ല. പെണ്‍കുട്ടിയുടെ ശരീരത്തില്‍ രാസ രഹരിയുടെ സാന്നിധ്യം കണ്ടെത്താനായി നടത്തിയ ഫോറന്‍സിക് പരിശോധന ഫലം വന്നിട്ടുമില്ല. വിശദമായ കൗണ്‍സിലിംഗ് നടത്തിയ ശേഷം വേണം പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുക്കാനെന്നായിരുന്നു ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നേരത്തെ നല്‍കിയ നിര്‍ദ്ദേശം. ഇതെല്ലാം പൂര്‍ത്തിയാകും പൂര്‍ത്തിയാകും മുമ്പെയാണ് ഇരയെ കേള്‍ക്കാതെ തന്നെ പൊലീസിനെ ന്യായീകരിച്ചുളള കമ്മീഷന്‍റെ പ്രതികരണം.

Advertisment