മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കൊണ്ട് വന്ന പത്തൊമ്പതുകാരി പൊലീസ് പിടിയിലായ സംഭവത്തിൽ കസ്റ്റംസ് പ്രാഥമിക അന്വേഷണം തുടങ്ങി. പൊലീസ് കോടതിയിൽ സമർപ്പിച്ച സ്വർണ്ണം കൈപ്പറ്റിയാൽ മാത്രമേ കസ്റ്റംസിന് കേസ് എടുത്ത് അന്വേഷണം ആരംഭിക്കാനാവൂ.
ഒളിപ്പിച്ച് കടത്തിയ 1884 ഗ്രാം സ്വർണ്ണവുമായി വിമാനത്താവളത്തിന് പുറത്തെത്തിയ കാസർകോട് സ്വദേശി മറിയം ഷഹല ആണ് ഇന്നലെ കരിപ്പൂർ പൊലീസിന്‍റെ പിടിയിലായത്. ഒരു കോടിയോളം രൂപയുടെ സ്വർണമാണിത്. ദുബായിലുള്ള കുടുംബത്തിന്‍റ് അടുത്ത് വിസിറ്റിംഗ് വിസയിൽ പോയ യുവതി തിരിച്ച് വരുമ്പോഴാണ് കാരിയർ ആയത്.
ആദ്യമായിട്ടാണ് സ്വർണ്ണം കടത്തിയതെന്നും സുഹൃത്തുക്കളിൽ ഒരാളാണ് സ്വർണ്ണം കൈമാറിയത് എന്നാണ് മൊഴി. സാമ്പത്തിക കുറ്റകൃത്യത്തിന്‍റെ പരിധിയിൽ വരുന്ന കേസിൽ കൂടുതൽ അന്വേഷണം നടത്താൻ പൊലീസിന് പരിമിതികൾ ഉള്ളതിനാൽ മറ്റു വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. പിടിയിലായ പത്തൊമ്പത്കാരിയെ ഇന്നലെ തന്നെ പൊലീസ് വിട്ടയച്ചിരുന്നു.
കോടതിയിൽ സമർപ്പിച്ച സ്വർണ്ണം കൈപ്പറ്റിയ ശേഷം കസ്റ്റംസ് കേസെടുത്ത് അന്വേഷണം തുടങ്ങും. മിശ്രിത്തിൽ കലർത്തി സ്വർണ്ണം ഡെൻസിറ്റി കുറച്ചു കൊണ്ട് വന്നതിനാലാണ് വിമാനത്താവളത്തിന്‍റെ അകത്തെ കസ്റ്റംസിന്‍റെ മെറ്റൽ ഡിറ്റക്റ്റർ പരിശോധനയിൽ നിന്നും യുവതി രക്ഷപ്പെട്ടത്. അടിവസ്ത്രത്തിനുള്ളില്‍ തുന്നിച്ചേര്‍ത്ത് ഒളിപ്പിച്ച രീതിയില്‍ മൂന്ന് പാക്കറ്റുകളിലാക്കിയാണ് ഷഹല സ്വർണ്ണം കൊണ്ട് വന്നത്.