കുറുപ്പന്തറ - നീണ്ടൂര്‍ റോഡ് സമഗ്രവികസന പദ്ധതിക്ക് സര്‍ക്കാര്‍ 7 കോടി രൂപ അനുവദിച്ചു

New Update

publive-image

കടുത്തുരുത്തി: കുറുപ്പന്തറ - മാഞ്ഞൂര്‍ സൗത്ത് - നീണ്ടൂര്‍ റോഡിന്റെ സമഗ്രവികസന പദ്ധതി നടപ്പാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി 7 കോടി രൂപയുടെ നിര്‍മ്മാണ അനുമതി നല്‍കിയതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.

Advertisment

പൊതുമരാമത്ത് വകുപ്പിന്റെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി 2022 - 2023 വര്‍ഷത്തെ ബഡ്ജറ്റ് പ്രൊപ്പോസലില്‍ നിന്ന് പൊതുപ്രാധാന്യം കണക്കിലെടുത്താണ് റോഡ് തെരഞ്ഞെടുത്തിരിക്കുന്നത്. കടുത്തുരുത്തി - ഏറ്റുമാനൂര്‍ അസംബ്ലി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡ് എന്ന നിലയിലാണ് പുതിയ വികസനപദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്.

ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ എന്നിവര്‍ പ്രത്യേകം താത്പര്യമെടുത്തതിനെ തുടര്‍ന്നാണ് പുതിയ പദ്ധതിക്ക് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. വ്യക്തമാക്കി.

ബി.എം. ആന്‍ഡ് ബി.സി. ഉന്നതനിലവാരത്തില്‍ റോഡ് നവീകരിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. വെള്ളപ്പൊക്ക കെടുതിയെ തുടര്‍ന്ന് എല്ലാവര്‍ഷവും പ്രതിസന്ധി നേരിടുന്ന മാഞ്ഞൂര്‍ സൗത്ത് - മകുടാലയം പള്ളി - നീണ്ടൂര്‍ റീച്ചില്‍ റോഡ് ഉയര്‍ത്തി വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മാക്കീല്‍ പാലം ഭാഗത്ത് നിലവിലുള്ള അപകടാവസ്ഥ പരിഹരിക്കുന്നതിന് അപ്രോച്ച് റോഡ് ഉയര്‍ത്തി നിര്‍മ്മിക്കുന്നതാണ്. പാലത്തിന്റെ അപകടാവസ്ഥ പരിഹരിച്ച് റോഡ് സുരക്ഷിതമാക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.

ഏഴുകോടി രൂപയില്‍ കൂടുതല്‍ തുക കുറുപ്പന്തറ - നീണ്ടൂര്‍ റോഡ് വികസനത്തിന് ആവശ്യമായിവരുമോയെന്ന് വിലയിരുത്താന്‍ നിലവിലുള്ള എസ്റ്റിമേറ്റില്‍ ഇക്കാര്യം പരിശോധിച്ചശേഷം സര്‍ക്കാരിലേക്ക് അഡീഷണല്‍ പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്നതാണ്.

പൊതുമരാമത്ത് വകുപ്പിന്റെ കടുത്തുരുത്തി സബ്ഡിവിഷന്റെ കീഴിലാണ് കുറുപ്പന്തറ - നീണ്ടൂര്‍ റോഡ് വികസന പദ്ധതി നടപ്പാക്കുന്നത്. സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവനുമായി കൂടിയാലോചിച്ച് റോഡ് വികസനത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമരൂപം നല്‍കുമെന്നും എം.എല്‍.എ. വ്യക്തമാക്കി.

Advertisment